Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അതിര്‍ത്തി കാക്കാൻ വീണ്ടുമൊരു 'സുദര്‍ശൻ ചക്ര'; റഷ്യയില്‍ നിന്ന് നാലാം എസ്-400 സ്‌ക്വാഡ്രണ്‍ ഇന്ത്യയിലെത്തി!

അതിര്‍ത്തി കാക്കാൻ വീണ്ടുമൊരു 'സുദര്‍ശൻ ചക്ര'; റഷ്യയില്‍ നിന്ന് നാലാം എസ്-400 സ്‌ക്വാഡ്രണ്‍ ഇന്ത്യയിലെത്തി!

ന്യൂഡല്‍ഹി: ചൈന, പാകിസ്താൻ അതിർത്തികളില്‍ ഇന്ത്യയുടെ പ്രതിരോധക്കോട്ട കൂടുതല്‍ ശക്തമാക്കിക്കൊണ്ട് റഷ്യൻ നിർമ്മിത എസ്-400 വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനത്തിന്റെ നാലാമത്തെ സ്ക്വാഡ്രണ്‍ ഇന്ത്യയിലെത്തി.

'സുദർശൻ ചക്ര' എന്ന പേരിലറിയപ്പെടുന്ന ഈ അത്യാധുനിക ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനം കഴിഞ്ഞ ദിവസമാണ് കപ്പല്‍ മാർഗ്ഗം ഇന്ത്യയിലെത്തിച്ചതെന്ന് പ്രതിരോധ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പുതിയ സ്ക്വാഡ്രണ്‍ ഒട്ടും വൈകാതെ തന്നെ തന്ത്രപ്രധാനമായ പ്രവർത്തന മേഖലകളില്‍ വിന്യസിക്കുമെന്നാണ് റിപ്പോർട്ടുകള്‍.

റഷ്യയില്‍ നിന്ന് അഞ്ച് എസ്-400 സ്ക്വാഡ്രണുകള്‍ വാങ്ങുന്നതിനായി 35,000 കോടിയിലധികം രൂപയുടെ കരാറിലാണ് 2018-ല്‍ ഇന്ത്യ ഒപ്പുവെച്ചത്. ഇതില്‍ ആദ്യത്തെ മൂന്ന് സ്ക്വാഡ്രണുകള്‍ രണ്ട് വർഷം മുൻപ് തന്നെ ഇന്ത്യയിലെത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് പൊട്ടിപ്പുറപ്പെട്ട റഷ്യ-യുക്രൈൻ യുദ്ധം കാരണം ശേഷിക്കുന്ന രണ്ട് സ്ക്വാഡ്രണുകളുടെ വിതരണം വൈകുകയായിരുന്നു. ഈ പ്രതിസന്ധികള്‍ക്കൊടുവിലാണ് ഇപ്പോള്‍ നാലാമത്തെ സ്ക്വാഡ്രണ്‍ ഇന്ത്യയുടെ കൈകളില്‍ എത്തിയിരിക്കുന്നത്.

പാകിസ്താനെ വിറപ്പിച്ച 'സുദർശൻ ചക്ര'

ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്ന ശത്രുക്കളുടെ വിമാനങ്ങളും ഡ്രോണുകളും മിസൈലുകളും കൃത്യമായി കണ്ടെത്തി തകർക്കാൻ എസ്-400 സുദർശൻ സംവിധാനത്തിന് സാധിക്കും. 'ഓപ്പറേഷൻ സിന്ദൂറി'ല്‍ പാകിസ്താൻ വ്യോമസേനയുടെ നീക്കങ്ങളെ പൂർണ്ണമായി പരാജയപ്പെടുത്തുന്നതില്‍ സുദർശൻ ചക്ര നിർണായക പങ്കുവഹിച്ചിരുന്നു. 300 കിലോമീറ്ററിലധികം ദൂരെ പറക്കുകയായിരുന്ന പാക് വ്യോമസേനയുടെ അത്യാധുനിക നിരീക്ഷണ വിമാനത്തെ ലക്ഷ്യമിട്ട് വെടിവെച്ചിട്ട സംഭവം ഇതില്‍ പ്രധാനപ്പെട്ടതാണ്.

അഞ്ചാമത്തെ സ്ക്വാഡ്രണും ഉടനെത്തും; കൂട്ടിന് 'മേഡ് ഇൻ ഇന്ത്യ' പ്രതിരോധവും

കരാറിലെ അവസാനത്തെയും അഞ്ചാമത്തെയും എസ്-400 സ്ക്വാഡ്രണ്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമേ, സുദർശന്റെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി അഞ്ച് സ്ക്വാഡ്രണുകള്‍ കൂടി വാങ്ങുന്നതിന് പ്രതിരോധ സംഭരണ സമിതി (DAC) ഇതിനോടകം തന്നെ അനുമതി നല്‍കിയിട്ടുണ്ട്.

റഷ്യൻ സാങ്കേതികവിദ്യയ്ക്ക് പുറമേ, സമാനമായ ദൂരപരിധിയിലുള്ള ശത്രു ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ശേഷിയുള്ള സ്വന്തം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കാനും ഇന്ത്യ ദ്രുതഗതിയില്‍ നീക്കം നടത്തുന്നുണ്ട്. 'മേഡ് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഈ പ്രോജക്റ്റില്‍ പ്രമുഖ ഇന്ത്യൻ പ്രതിരോധ സ്ഥാപനമായ സോളാർ ഇൻഡസ്ട്രീസും പങ്കാളിയാണ്. നാലാം സ്ക്വാഡ്രണിന്റെ വരവോടെ ഇന്ത്യൻ ആകാശത്ത് ശത്രുക്കള്‍ക്ക് കടന്നുകയറ്റം ഇനി അസാധ്യമാകുമെന്നുറപ്പാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham