മലയാളിയുടെ പറമ്പിലെ 'അനാഥപ്രേത'മായിരുന്ന ചക്കയ്ക്ക് ഇപ്പോള്‍ രാജകീയ പരിവേഷമാണ്. രുചിയില്‍ മാത്രമല്ല, ആരോഗ്യസംരക്ഷണത്തിലും ചക്കയെ വെല്ലാൻ മറ്റൊരു ഫലമില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
വിഷം ലവലേശം ഏല്‍ക്കാത്ത പഴമെന്ന ഖ്യാതിയുള്ള ചക്ക, പച്ചയായും പഴുത്തതായും ഒരുപോലെ ഔഷധഗുണമുള്ളതാണ്.
ബാർബിക്യു ജാക്ഫ്രൂട്ട് സാൻഡ്വിച്ച്, ചക്ക ട്യൂണ മെല്‍റ്റ് സാൻഡ്വിച്ച്, ജാക്ഫ്രൂട്ട് മിന്റ് സ്മൂത്തി തുടങ്ങി കടുത്ത നോണ്‍-വെജ് പ്രിയരെപ്പോലും അമ്പരപ്പിക്കുന്ന വിഭവങ്ങള്‍ ഇന്ന് ചക്ക ഉപയോഗിച്ച് ഉണ്ടാക്കുന്നുണ്ട്.
കേരളത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ചക്കയുടെ പകുതിയോളം ഇപ്പോഴും പാഴായിപ്പോകുന്നുവെന്നത് ആശങ്കാജനകമാണ്. മുൻകാലങ്ങളില്‍ ചക്കച്ചുള ഉണക്കി സൂക്ഷിക്കുകയും ചക്കക്കുരു മണ്ണില്‍ പൂഴ്ത്തി വെച്ച് സീസണ്‍ അല്ലാത്തപ്പോള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. ചക്കമടല്‍, ചകിണി, കുരു എന്നിങ്ങനെ ചക്കയുടെ ഒരു ഭാഗവും പാഴാക്കാനില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
ഇടിച്ചക്കത്തോരൻ മുതല്‍ ചക്കപ്പായസം വരെ നീളുന്ന വിഭവങ്ങളുടെ വലിയൊരു നിരതന്നെ ചക്കയ്ക്കുണ്ട്. ചക്കപ്പുഴുക്ക്, എരിശേരി, ചക്കക്കുരു പുളിങ്കറി, ചക്ക ഉപ്പേരി തുടങ്ങി ഓരോ വിഭവവും മലയാളിക്ക് ഗൃഹാതുരമായ ഓർമ്മകളാണ് സമ്മാനിക്കുന്നത്. പണ്ടുകാലത്ത് പഴുതാര കടിച്ചാല്‍ പ്ലാവില അരച്ചു പുരട്ടിയിരുന്ന 'അമ്മൂമ്മ വൈദ്യവും' പ്ലാവിലക്കുമ്പിളിലെ കഞ്ഞിയും ഇന്നും പഴമക്കാരുടെ മനസ്സിനു കുളിർമയേകുന്ന ഓർമ്മകളാണ്.
പത്തനംതിട്ടക്കാരുടെ സ്പെഷ്യലായ ചക്കക്കുരു തൊലി മെഴുക്കുപുരട്ടി മുതല്‍ ഓണാട്ടുകരയിലെ ചക്കക്കുരു അസ്ത്രം വരെ നീളുന്നു ഈ രുചിഭേദങ്ങള്‍.
നാടൻ വിഭവങ്ങള്‍: ഇടിച്ചക്ക തോരൻ, കൊത്തുചക്ക തോരൻ, ചക്ക എരിശേരി, ചക്കപ്പുഴുക്ക്.
പലഹാരങ്ങള്‍: ചക്ക അട, ചക്ക ബജി, ചക്കപ്പൊരി, ചക്കച്ചീഡ, ചക്കപ്പാലപ്പം.
മധുരപലഹാരങ്ങള്‍: ചക്കപ്രഥമൻ, ചക്കവരട്ടി.
നൂതന പരീക്ഷണങ്ങള്‍: ചക്കക്കുരു കട്ലറ്റ്, ചകിണി തോരൻ, ചക്ക അച്ചാർ.
ചക്ക കഴിക്കുമ്പോള്‍ പ്രോട്ടീൻ ലഭ്യത ഉറപ്പാക്കാൻ മീൻ, ഇറച്ചി, അല്ലെങ്കില്‍ പയർ വർഗ്ഗങ്ങള്‍ എന്നിവ കൂടെ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. കൂടാതെ, പ്രമേഹ രോഗികള്‍ മരുന്നിനൊപ്പം ചക്ക കഴിക്കുമ്പോള്‍ പഞ്ചസാരയുടെ അളവ് വല്ലാതെ കുറഞ്ഞു പോകാതെ (Hypoglycemia) ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരു കപ്പ് ചക്കയില്‍ ഏകദേശം 155 കലോറി ഊർജ്ജം അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, സി, റൈബോഫ്ലേവിൻ, നിയാസിൻ തുടങ്ങിയവയാല്‍ സമ്പന്നമാണിത്. ഇതിനുപുറമെ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും ചക്കയില്‍ സമൃദ്ധമായുണ്ട്. സോഡിയവും കൊളസ്ട്രോളും തീരെ കുറവായതിനാല്‍ ഹൃദയാരോഗ്യത്തിന് ഇത് അത്യുത്തമമാണ്.
പ്രധാന ആരോഗ്യഗുണങ്ങള്‍
അർബുദ പ്രതിരോധത്തിന്: ചക്കയിലടങ്ങിയിരിക്കുന്ന ഫൈറ്റോന്യൂട്രിയന്റുകള്‍ കോശങ്ങളുടെ നാശം തടയുകയും ക്യാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
പ്രമേഹ നിയന്ത്രണം: കുറഞ്ഞ അളവില്‍ മാത്രം അന്നജമുള്ള ചക്ക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പ്രത്യേകിച്ചും ചക്കക്കുരുവും പ്ലാവിലയും പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണകരമാണ്.
പച്ചച്ചക്ക പ്രമേഹ നിയന്ത്രണത്തിന് ഉത്തമമാണെന്ന പഠനറിപ്പോർട്ടുകള്‍ കേരളത്തിലെ ചക്ക വിപണിയില്‍ വൻ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ചക്കയിലെ ഉയർന്ന ഫൈബർ സാന്നിധ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇൻസുലിനും മരുന്നുകളും ഉപയോഗിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചക്ക വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗോതമ്പ് കഞ്ഞിക്കും ചപ്പാത്തിക്കും പകരമായി പച്ചച്ചക്ക പുഴുക്ക് ഇന്ന് പല വീടുകളിലെയും പ്രധാന ഭക്ഷണമാണ്.
ഹൃദയാരോഗ്യത്തിന്: ചക്കയിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുമ്പോള്‍, വിറ്റാമിൻ ബി-6 ഹൃദയത്തിന്റെ സുഹൃത്തായി പ്രവർത്തിക്കുന്നു.
ദഹനപ്രക്രിയ സുഗമമാക്കുന്നു: നാരുകള്‍ (Fiber) ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം അകറ്റാനും അള്‍സർ പോലുള്ള ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും ചക്ക സഹായിക്കും.
കാഴ്ചശക്തിയും എല്ലുകളുടെ ആരോഗ്യവും: വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുമ്പോള്‍, കാല്‍സ്യവും മഗ്നീഷ്യവും എല്ലുകളെ ബലമുള്ളതാക്കി മാറ്റുന്നു.
അതിശയകരമായ മറ്റു ഗുണങ്ങള്‍
തൈറോയ്ഡ് ഹോർമോണ്‍ നിയന്ത്രണത്തിന് സഹായിക്കുന്ന കോപ്പർ ചക്കയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, ചക്കയിലെ 'ജാക്കലൈൻ' എന്ന ഘടകം എയ്ഡ്സ് പ്രതിരോധത്തില്‍ നിർണ്ണായക പങ്ക് വഹിക്കുന്നുവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ചക്ക പാഴാക്കിക്കളയുന്ന രീതി ഉപേക്ഷിക്കണമെന്നും ഈ സീസണില്‍ ആരോഗ്യകരമായ ഭക്ഷണക്രമത്തിനായി ചക്കയെ പരമാവധി ഉപയോഗപ്പെടുത്തണമെന്നുമാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ചുരുക്കത്തില്‍, ചക്ക വെറുമൊരു നാടൻ പഴമല്ല, രോഗപ്രതിരോധത്തിനുള്ള ഒരു പ്രകൃതിദത്ത കവചമാണ്.

