ജിദ്ദ: ബഹ്റൈനും കുവൈത്തിനും നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷൻ (ഒ.ഐ.സി) ജനറല്‍ സെക്രട്ടേറിയറ്റ് ശക്തമായി അപലപിച്ചു.
ഈ ആക്രമണങ്ങള്‍ ഇരു രാജ്യങ്ങളുടെയും പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്ന് ഒ.ഐ.സി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ള നിർണായക സിവിലിയൻ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തുടർച്ചയായി ഉണ്ടാകുന്ന ഇത്തരത്തിലുള്ള നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും വ്യക്തമായ ലംഘനമാണ്. പ്രാദേശിക സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഇത്തരം നടപടികള്‍ തകിടം മറിക്കുമെന്നും ഒഐസി മുന്നറിയിപ്പ് നല്‍കി. പരമാധികാരവും സുരക്ഷയും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിനായി ബഹ്റൈനും കുവൈത്തും സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ഒഐസി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
English summary : The General Secretariat of the Organisation of Islamic Cooperation (OIC) strongly condemned on Wednesday the continuous Iranian attacks targeting the Kingdom of Bahrain and the State of Kuwait.

