ദുബൈ: ഇറാനില് നിന്നുള്ള വ്യോമാക്രമണങ്ങളെ തുടര്ന്ന് ഭാഗികമായി അടച്ച വ്യോമാതിര്ത്തി യു.എ.ഇ വീണ്ടും പൂര്ണ തോതില് തുറന്നതോടെ വിമാന യാത്രാ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്.
ഈ മാസം അവസാനത്തോടെ വലിയ പെരുന്നാള് സമാഗതമാവുമ്പോള് നാട്ടില് കുടുംബത്തോടൊപ്പം ആഘോഷിക്കാന് കാത്തിരിക്കുന്നവര്ക്ക് യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം ആശ്വാസം പകരുന്നതാണ്.
യു.എ.ഇയില് സ്കൂളുകള്ക്ക് വേനല്ക്കാല അവധി ലഭിക്കുന്ന സമയം കൂടിയാണിത്. സ്കൂള് അവധിക്കാലവും പെരുന്നാള് അവധി ദിനങ്ങളും ഉള്പ്പെടെ കൂടുതല് ഒഴിവ് ദിനങ്ങള് ഒരുമിച്ച് ലഭിക്കുമ്പോള് നാട്ടിലേക്ക് പോകാന് ആഗ്രഹിക്കുന്നവര് ഏറെയുണ്ട്. നിയന്ത്രണങ്ങള് നീക്കി വ്യോമപാത പൂര്ണതോതില് പുനഃസ്ഥാപിച്ചതിനാല് ടിക്കറ്റ് നിരക്കില് കുറവുണ്ടാവുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ രണ്ട് മാസത്തോളം പരിമിതമായ തോതില് മാത്രമാണ് വിമാന സര്വീസ് ഉണ്ടായിരുന്നത്. അതിനാല് ആഭ്യന്തരഅന്താരാഷ്ട്ര ടിക്കറ്റ് നിരക്കുകള് കുത്തനെ കൂടിയിരുന്നു. ഈ നിരക്കുകള് കുറയുമെങ്കിലും എണ്ണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില് എത്രത്തോളം കുറയുമെന്ന് കണ്ടറിയണം. ഏതായാലും പഴയത് പോലെ വളരെ കുറഞ്ഞ നിരക്കിലുള്ള യാത്ര ഉടന് പ്രതീക്ഷിക്കാനാവില്ല.
ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചത് മുതല് വിമാന സര്വീസുകള് താളം തെറ്റിയിരുന്നു. പിന്നീട് പൂര്ണമായോ ഭാഗികമായോ അടച്ചിടേണ്ട സാഹചര്യമുണ്ടായി. മാര്ച്ച്, ഏപ്രില് മാസങ്ങളില് തുടര്ന്ന പ്രതിസന്ധി മെയ് ഒന്നാം തീയതിയോടെയാണ് പൂര്ണ തോതില് പുനസ്ഥാപിച്ചത്.
എല്ലാ വിമാനക്കമ്പനികളും സര്വിസുകള് പുനസ്ഥാപിക്കുന്നതിനാല് ഉടന് തന്നെ നിരക്കുകളില് മാറ്റം പ്രകടമായി തുടങ്ങും. ഇന്ത്യയുള്പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടുതല് സര്വീസുകള് നടത്തുന്നതോടെ വിമാനക്കമ്പനികള് തമ്മിലുള്ള മത്സരം വര്ദ്ധിക്കുകയും ഇത് ടിക്കറ്റ് നിരക്ക് താഴാന് കാരണമാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
വ്യോമപാതയിലെ നിയന്ത്രണങ്ങളും സുരക്ഷാ മുന്കരുതലും കാരണം പല വിമാനങ്ങള് നിര്ദ്ദിഷ്ട റൂട്ടുകളിവല് നിന്ന് മാറി സര്വീസ് നടത്തേണ്ട സാഹചര്യം ഉണ്ടായി. ഇതും യാത്രാ ചെലവ് വര്ധിക്കുന്നതിന് കാരണമായിരുന്നു. ഇനി കൂടുതല് ലാഭകരമായ റൂട്ടുകളിലേക്ക് മടങ്ങാനാവും.
നിലവില് സി.ഐ.എസ് രാജ്യങ്ങളിലേക്കും ഏഷ്യന് രാജ്യങ്ങളിലേക്കും ഉള്ള യാത്രക്കാര്ക്കാണ് ഇതിന്റെ ഗുണം പെട്ടെന്ന് ലഭിക്കുക. ദീര്ഘദൂര സര്വീസുകളായ അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള നിരക്കുകള് സാധാരണ നിലയിലാകാന് ആഗസ്റ്റ് വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്ന് ട്രാവല് ഏജന്സികള് പറയുന്നു.
കൊച്ചി, കോഴിക്കോട്, കണ്ണൂര്, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിലേക്ക് സര്വീസുകളെല്ലാം പുനഃസ്ഥാപിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസി മലയാളികളും. പത്തോളം എയര്ലൈന്സുകള് സര്വീസ് നടത്തിയിരുന്ന കോഴിക്കോട് വിമാനത്താവളത്തില് നിലവില് ഫ്ലൈ ദുബൈ, എയര് അറേബ്യ എന്നിവ മാത്രമാണ് യു.എ.ഇയില്നിന്ന് നേരിട്ട് സര്വീസ് നടത്തുന്നത്. ഇന്ഡിഗോ, സ്പൈസ് ജെറ്റ്, എയര് ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കമ്പനികള്ക്കും കണക്ഷന് ഫ്ലൈറ്റുകള്ക്കും ഏര്പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള് മാറുന്നതോടെ യാത്രക്കാര്ക്കു കൂടുതല് ഓപ്ഷനുകള് ലഭ്യമാകും.
വിമാനയാത്രയുടെ ആകെ ചെലവിന്റെ നല്ലൊരു പങ്കും ടര്ബൈന് ഇന്ധനത്തിന് വേണ്ടിയാണ്. ആഗോളതലത്തില് ഊര്ജ പ്രതിസന്ധി തുടരുന്നത് ടിക്കറ്റ് നിരക്കിനെ സ്വാധീനിക്കുന്നുണ്ട്. വിമാന ഇന്ധന വില ഉയര്ന്നപ്പോള് എയര്ലൈന്സുകള് ഇന്ധന സര്ചാര്ജ് വര്ധിപ്പിച്ചിരുന്നു.
English Summary: Expatriates are optimistic about a reduction in flight ticket prices as the UAE has fully reopened its airspace following partial closures due to regional tensions. This comes as a relief for those planning to travel home for the upcoming Eid holidays and school summer vacations. Following the full restoration of flight paths on May 1st, airlines can now return to more direct and profitable routes, which is expected to lower operating costs and ticket prices.

