Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബോക്‌സിനുള്ളിലെ 'ഗുസ്തി'ക്ക് കൊലീനയുടെ പൂട്ട്; ആഴ്‌സനല്‍ തന്ത്രങ്ങളെ തകര്‍ത്ത ഫിഫയുടെ രഹസ്യ ഓപ്പറേഷൻ !

ബോക്‌സിനുള്ളിലെ 'ഗുസ്തി'ക്ക് കൊലീനയുടെ പൂട്ട്; ആഴ്‌സനല്‍ തന്ത്രങ്ങളെ തകര്‍ത്ത ഫിഫയുടെ രഹസ്യ ഓപ്പറേഷൻ !

ഫുട്ബോള്‍ ലോകകപ്പ് വേദികളില്‍ ഇപ്പോള്‍ ചർച്ച കോർണർ കിക്കുകളാണ്. കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണില്‍ ആഴ്സനല്‍ ഉള്‍പ്പെടെയുള്ള വമ്പൻ ക്ലബ്ബുകള്‍ ഗോളടിക്കാൻ ഉപയോഗിച്ച ഏറ്റവും മാരകമായ ആയുധമായിരുന്നു കോർണറുകള്‍.

ബോക്സിനുള്ളില്‍ നിരവധി കളിക്കാരെ കുത്തിനിറച്ച്‌, എതിർ ഗോള്‍കീപ്പറെ ശാരീരികമായി തടഞ്ഞുനിർത്തി (ബ്ലോക്കിംഗ്) ഗോളടിക്കുന്ന ഈ 'ഡർട്ടി ഗെയിം' വഴി ആഴ്സനല്‍ മാത്രം കഴിഞ്ഞ സീസണില്‍ നേടിയത് 19 ഗോളുകളാണ്.

എന്നാല്‍ അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന 2026 ഫിഫ ലോകകപ്പില്‍ ഈ കള്ളക്കളികള്‍ക്കൊന്നും ഫിഫ റഫറിയിങ് ചീഫ് പിയർലൂജി കൊലീന അനുവാദം നല്‍കിയിട്ടില്ല. ഫിഫയുടെ ഈ കടുത്ത നിലപാട് ലോകകപ്പിനെ എങ്ങനെ മാറ്റിമറിച്ചു എന്ന് നോക്കാം.

ജർമനിയുടെ കണ്ണീരും ക്ലോപ്പിന്റെ ആഴ്സനല്‍ പരാമർശവും

ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ ജർമനി പരാഗ്വെയോട് തോറ്റ് പുറത്തായതിന് പിന്നാലെ മുൻ ലിവർപൂള്‍ കോച്ച്‌ ജർഗൻ ക്ലോപ്പ് നടത്തിയ പ്രതികരണം കായികലോകത്ത് വലിയ ചർച്ചയായിരുന്നു. എക്സ്ട്രാ ടൈമില്‍ ജർമനിയുടെ ജോനാഥൻ താ നേടിയ ഗോള്‍, സഹതാരം വാല്‍ഡെമർ ആന്റണ്‍ പരാഗ്വെ ഗോള്‍കീപ്പർ ഒർലാൻഡോ ഗില്ലിനെ ബോഡി ബ്ലോക്ക് ചെയ്തു എന്ന് കാണിച്ച്‌ വാറില്‍ റദ്ദാക്കിയിരുന്നു. എന്നാല്‍, ആ ഗോള്‍ നിയമവിരുദ്ധമാണെങ്കില്‍, ആഴ്സനല്‍ ഒരിക്കലും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാംപ്യന്മാരാകില്ല! അവർ തങ്ങളുടെ ഗോളുകളുടെ 60 ശതമാനവും നേടുന്നത് ഇതേ ശൈലിയിലാണ്. ബോക്സിനുള്ളില്‍ പന്ത് വലയിലെത്തുമ്പോള്‍ കളി ജയിക്കുകയാണ് വേണ്ടത്, ഇതിപ്പോള്‍ ക്രൂരമാണ് എന്നാണ് വിമർശിച്ചത്.

സ്പെയിനിന്റെ പാവു കുബാർസി ഓസ്ട്രിയൻ കീപ്പറെ തടഞ്ഞപ്പോഴും ഫിഫ ഇതേ രീതിയില്‍ ഗോള്‍ നിഷേധിച്ചു. പ്രീമിയർ ലീഗില്‍ ഇതൊക്കെ വെറും സാധാരണ 'ഫിസിക്കല്‍ കോണ്‍ടാക്റ്റ്' ആയി റഫറിമാർ വിട്ടുകളയുമ്പോഴാണ് ലോകകപ്പില്‍ ഫിഫ കടുത്ത നടപടി സ്വീകരിക്കുന്നത്.

മിയാമിയിലെ രഹസ്യ ക്യാംപും കൊലീനയുടെ തന്ത്രവും

ഈ 'കോർണർ യുദ്ധം' അവസാനിപ്പിക്കാൻ ഫിഫ റഫറിമാർക്ക് നല്‍കിയ പരിശീലനം ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. മിയാമിയിലെ അത്യാധുനിക ക്യാംപില്‍ വെച്ച്‌ സെമിപ്രൊഫഷണല്‍ കളിക്കാരെ പ്രത്യേകം വിളിച്ച്‌ വരുത്തിയാണ് കൊലീന റഫറിമാരെ പരിശീലിപ്പിച്ചത്!

ലോകകപ്പിലെ 48 ടീമുകളുടെയും കോർണർ ശൈലികളും സെറ്റ്പീസ് തന്ത്രങ്ങളും ഈ കളിക്കാരെക്കൊണ്ട് റീക്രിയേറ്റ് ചെയ്യിപ്പിച്ചു. ആര് എവിടെ നില്‍ക്കുന്നു, ഗോള്‍കീപ്പറെ ആര് ബ്ലോക്ക് ചെയ്യാൻ ശ്രമിക്കുന്നു എന്ന് റഫറിമാർക്ക് നേരിട്ട് കണ്ട് മനസ്സിലാക്കാൻ ഇത് സഹായിച്ചു. ഇതിനൊപ്പം പന്ത് കിക്ക് ചെയ്ത് ലൈവ് ആകുന്നതിന് മുൻപ് ബോക്സിനുള്ളില്‍ നടക്കുന്ന പിടിച്ചുവലി പോലും വാർ പരിശോധിക്കണമെന്ന പുതിയ നിയമവും കൊലീന നടപ്പിലാക്കി.

കണക്കുകളില്‍ തെളിയുന്ന വലിയ മാറ്റം

ഫിഫയുടെ ഈ കടുത്ത റഫറിയിങ് കോർണറുകളില്‍ നിന്നുള്ള ഗോളുകളുടെ എണ്ണം വലിയ തോതില്‍ കുറച്ചു എന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണില്‍ ഒരു മത്സരത്തില്‍ ശരാശരി 0.49 ഗോളുകള്‍ (ഏകദേശം രണ്ട് കളിയില്‍ ഒന്ന്) കോർണറുകളില്‍ നിന്ന് പിറന്നപ്പോള്‍, ബുണ്ടസ്ലിഗയിലും ചാംപ്യൻസ് ലീഗിലും ഇത് 0.46 ഗോളുകള്‍ ആയിരുന്നു. എന്നാല്‍ ഫിഫ നിയമങ്ങള്‍ കടുപ്പിച്ചതോടെ ഈ 2026 ലോകകപ്പില്‍ കോർണർ ഗോളുകളുടെ ശരാശരി 0.34 ആയി കുത്തനെ ഇടിഞ്ഞു.

ക്രൊയേഷ്യക്ക് തീരാനഷ്ടം; ടീമിനെ ചരിത്ര ഫൈനലില്‍ പ്രവേശിപ്പിച്ച പരിശീലകൻ സ്ഥാനമൊഴിഞ്ഞു

അടുത്ത പ്രീമിയർ ലീഗ് സീസണില്‍ എന്ത് സംഭവിക്കും?

ലോകകപ്പ് കഴിഞ്ഞയുടൻ ആരംഭിക്കാനിരിക്കുന്ന പുതിയ പ്രീമിയർ ലീഗ് സീസണില്‍ ഇംഗ്ലീഷ് റഫറിമാരും ഈ നിയമം കടുപ്പിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇംഗ്ലണ്ടില്‍ 'ശാരീരികക്ഷമത നിറഞ്ഞ കളി രീതിക്ക്' മുൻഗണന നല്‍കുന്നതിനാല്‍ ലോകകപ്പിലെ അത്രയും കടുത്ത 'സീറോ ടോളറൻസ്' ഉണ്ടാകാൻ സാധ്യതയില്ല.

എങ്കിലും, കഴിഞ്ഞ സീസണിലെപ്പോലെ ഗോള്‍കീപ്പർമാരെ അഞ്ചും ആറും പേർ ചേർന്ന് വട്ടമിട്ട് ബോക്സിനുള്ളില്‍ ഗുസ്തി പിടിക്കുന്ന തന്ത്രങ്ങള്‍ക്ക് അടുത്ത സീസണ്‍ മുതല്‍ ഇംഗ്ലണ്ടിലും പൂട്ടുവീഴുമെന്ന് ഉറപ്പാണ്. ഇത് തിരിച്ചടിയാകാൻ പോകുന്നത് ആഴ്സണല്‍, ആസ്റ്റണ്‍ വില്ല തുടങ്ങിയ സെറ്റ്പീസ് സ്പെഷ്യലിസ്റ്റുകളായ ക്ലബ്ബുകള്‍ക്കായിരിക്കും !

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham