ആരോഗ്യകരമായ രീതിയില് ശരീരഭാരം കുറയ്ക്കാന് ആഗ്രഹിക്കുന്നവര് പലപ്പോഴും കഠിനമായ ഡയറ്റുകളും പട്ടിണി കിടക്കലുമൊക്കെയാണ് തിരഞ്ഞെടുക്കാറുള്ളത്.
എന്നാല് നമ്മുടെ നിത്യജീവിതത്തിലെ ഭക്ഷണക്രമത്തില് വരുത്തുന്ന ചില ലളിതമായ മാറ്റങ്ങളിലൂടെ തന്നെ മികച്ച ഫലം നേടിയെടുക്കാന് സാധിക്കും. അത്തരത്തിലൊന്നാണ് പ്രധാന ഭക്ഷണത്തിന് ( Main course) മുമ്പായി ഒരു ബൗള് ചൂടുള്ള പച്ചക്കറി സൂപ്പ് കുടിക്കുന്നത്. ശരിയായ ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്ന തത്വം പാലിച്ചുകൊണ്ട് ശരീരഭാരവും വയറിലെ കൊഴുപ്പും കുറയ്ക്കാന് ഈ ശീലം എങ്ങനെയാണ് സഹായിക്കുന്നത് എന്ന് വിശദമായി അറിയാം.
ശരീരത്തിലെയും വയറിലെയും കൊഴുപ്പ് കുറയ്ക്കുന്നു

ശരീരത്തില് അടിഞ്ഞുകൂടിയിരിക്കുന്ന അനാവശ്യ കൊഴുപ്പ്, പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് (Belly fat) കുറയ്ക്കാന് പച്ചക്കറി സൂപ്പുകള് ഏറെ സഹായകരമാണ്. പ്രധാന ഭക്ഷണത്തിന് മുന്പ് സൂപ്പ് കുടിക്കുമ്പോള് അത് വയര് നിറഞ്ഞെന്ന തോന്നല് ഉണ്ടാക്കുന്നു. ഇത് പിന്നീട് കഴിക്കുന്ന പ്രധാന ഭക്ഷണത്തിന്റെ അളവ് സ്വാഭാവികമായും കുറയ്ക്കും. ശരീരത്തിലെത്തുന്ന അനാവശ്യ കലോറിയുടെ അളവ് നിയന്ത്രിക്കാന് സാധിക്കുന്നതിലൂടെ ശരീരത്തിലെ മൊത്തത്തിലുള്ള കൊഴുപ്പ് ഘട്ടം ഘട്ടമായി കുറഞ്ഞു വരുന്നു.
ഇന്സുലിന് പ്രതികരണവും മികച്ച ഭക്ഷണക്രമവും
നമ്മള് പെട്ടെന്ന് ഭക്ഷണം കഴിച്ചു തീര്ക്കുമ്പോള് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാന് സാധ്യതയുണ്ട്. എന്നാല് ചൂടുള്ള ഒരു ബൗള് സൂപ്പ് സാവധാനത്തിലും ശ്രദ്ധയോടെയും മാത്രമേ കുടിക്കാന് സാധിക്കൂ. ഇങ്ങനെ സാവധാനം ആഹാരം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് വര്ധിക്കുന്നത് തടയുന്നു. ഇത് ശരീരത്തിലെ ഇന്സുലിന് പ്രവര്ത്തനക്ഷമത (Insulin sensitivtiy) വര്ധിപ്പിക്കുകയും പ്രമേഹം പോലുള്ള പ്രശ്നങ്ങള് നിയന്ത്രിക്കാന് സഹായിക്കുകയും ചെയ്യും.
കുറഞ്ഞ കലോറിയും ഉയര്ന്ന പോഷകഗുണങ്ങളും

പച്ചക്കറികള് വേവിച്ചുണ്ടാക്കുന്ന സൂപ്പുകളില് കലോറി വളരെ കുറവാണ്. എന്നാല് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്, മിനറലുകള്, നാരുകള് (Fiber), ആന്റിഓക്സിഡന്റുകള് എന്നിവ ഇതില് ധാരാളമായി അടങ്ങിയിരിക്കുന്നു. സൂപ്പ് തയ്യാറാക്കുമ്പോള് അമിതമായി എണ്ണയോ വെണ്ണയോ ചേര്ക്കാതിരിക്കാന് ശ്രദ്ധിക്കണം. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള് കൃത്യമായി നല്കുന്നതോടൊപ്പം അനാവശ്യ കൊഴുപ്പ് ശരീരത്തിലെത്തുന്നത് തടയുകയും ചെയ്യും.
മുട്ടയുടെ മഞ്ഞക്കരു ആരോഗ്യത്തിന് നല്ലതോ ചീത്തയോ..? ഈ അഞ്ച് കൂട്ടര് കഴിക്കുമ്പോള് സൂക്ഷിക്കുക
രാത്രികാലങ്ങളിലെ അമിതഭക്ഷണം ഒഴിവാക്കാം
പലരിലും ശരീരഭാരം കൂടാനുള്ള പ്രധാന കാരണം രാത്രിയില് അമിതമായി ഭക്ഷണം കഴിക്കുന്നതാണ്. ജോലി കഴിഞ്ഞ് കടുത്ത വിശപ്പോടെ ഡൈനിങ് ടേബിളിലേക്ക് എത്തുമ്പോള് അളവില് കൂടുതല് ആഹാരം കഴിക്കാന് സാധ്യതയേറെയാണ്. ഇതിനൊരു പരിഹാരമായി രാത്രി ഭക്ഷണത്തിന് തൊട്ടുമുമ്പ് ഒരു ബൗള് വെജിറ്റബിള് സൂപ്പ് കുടിച്ചാല് അത് അമിതമായ വിശപ്പിനെ ശമിപ്പിക്കും. ഇത് രാത്രിയില് ലഘുവായ ഭക്ഷണം മാത്രം കഴിക്കാന് നിങ്ങളെ സഹായിക്കുന്നു.
ദഹനപ്രക്രിയ സുഗമമാക്കുന്നു
ഭക്ഷണത്തിന് മുന്പ് കഴിക്കുന്ന ചൂടുള്ള ദ്രാവകങ്ങള് നമ്മുടെ ദഹനവ്യവസ്ഥയെ ഉണര്ത്താന് സഹായിക്കും. പച്ചക്കറികളിലെ നാരുകള് ദഹനപ്രക്രിയ സുഗമമാക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങള് അകറ്റുകയും ചെയ്യും. നന്നായി ദഹനം നടക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം ഉയര്ത്താനും അതുവഴി വേഗത്തില് വണ്ണം കുറയ്ക്കാനും സഹായിക്കും.

നിങ്ങളുടെ നിലവിലെ ഭക്ഷണരീതിയില് വലിയ മാറ്റങ്ങളോ പട്ടിണിയോ കിടക്കാതെ തന്നെ ശരീരഭാരം നിയന്ത്രിക്കാന് ആഗ്രഹിക്കുന്നവര്ക്ക് ദിവസേന ശീലമാക്കാവുന്ന ഏറ്റവും എളുപ്പമുള്ള മാര്ഗമാണിത്. ദിവസവും ഉച്ചഭക്ഷണത്തിന് മുമ്പോ രാത്രിഭക്ഷണത്തിന് മുമ്പോ ഒരു ബൗള് ഹെല്ത്തി സൂപ്പ് ശീലമാക്കി മാറ്റൂ, മാറ്റം സ്വയം തിരിച്ചറിയൂ.
Drinking a warm bowl of low-calorie vegetable soup before meals effectively prevents overeating, controls calorie intake, improves insulin response, and helps reduce stubborn belly fat.

