Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചരിത്രമെഴുതാൻ ആറാം ലോകകപ്പിന് മെസി വീണ്ടുമെത്തുന്നു; റൊണാള്‍ഡോയ്ക്ക് സ്വപ്നം കാണാൻ പോലുമാകാത്ത ആ റെക്കോഡ് ഇതാ!

ചരിത്രമെഴുതാൻ ആറാം ലോകകപ്പിന് മെസി വീണ്ടുമെത്തുന്നു; റൊണാള്‍ഡോയ്ക്ക് സ്വപ്നം കാണാൻ പോലുമാകാത്ത ആ റെക്കോഡ് ഇതാ!

ഇനി വെറും എട്ട് ദിവസങ്ങള്‍ മാത്രം... കാല്‍പ്പന്ത് പ്രേമികള്‍ നെഞ്ചിലേറ്റിയ ആ മഹാമേളയ്ക്ക് വീണ്ടും അരങ്ങുണരുകയാണ്.

ലോകം മുഴുവൻ ഇനി ഒരു മാസക്കാലത്തേക്ക് തുകല്‍ പന്തിന്റെ മാന്ത്രികവലയത്തിലേക്ക് ചുരുങ്ങും. ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങള്‍—അമേരിക്ക, മെക്സിക്കോ, കാനഡ—ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പ് ജൂണ്‍ 11 മുതല്‍ ജൂലൈ 17 വരെയാണ് നടക്കുന്നത്.

ലോക ചാമ്പ്യനായി മിശിഹായുടെ വരവ്

ഇത്തവണത്തെ 23-ാം ലോകകപ്പ് എഡിഷനില്‍ അർജന്റൈൻ ഇതിഹാസം ലയണല്‍ മെസി എത്തുന്നത് ഒരു സാധാരണ താരമായല്ല, മറിച്ച്‌ നിലവിലെ ലോക ചാമ്പ്യനായാണ്. കഴിഞ്ഞ തവണ ഖത്തറിന്റെ മണ്ണില്‍, കിരീടത്തില്‍ ഒരിക്കലെങ്കിലും മുത്തമിടണമെന്ന തീവ്രമായ ആഗ്രഹത്തോടെയെത്തിയ മിശിഹാ, ആ കനക സിംഹാസനം കൈപ്പിടിയിലൊതുക്കിയാണ് അർജന്റീനയിലേക്ക് മടങ്ങിയത്.

2022ല്‍ നുണഞ്ഞ ആ മധുരം ഒരിക്കല്‍ കൂടി ആസ്വദിക്കാൻ, തന്റെ 38-ാം വയസ്സിലും പ്രിയ ലിയോ വിശ്വവേദിയിലേക്ക് ബൂട്ട് കെട്ടുമ്പോള്‍ ആരാധകരുടെ ആവേശം വാനോളമാണ്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി താൻ പന്തുതട്ടി പരിചയമുള്ള അമേരിക്കൻ മണ്ണില്‍ വീണ്ടുമൊരു കപ്പുയർത്തുക എന്നതിലപ്പുറം നീലക്കുപ്പായത്തിലെ പത്താം നമ്പറുകാരന് മറ്റൊന്നും ലക്ഷ്യമിടാനില്ല.

തകർക്കാനാകാത്ത റെക്കോഡുമായി മെസി

ഇത്തവണ ചാമ്പ്യൻ പട്ടം നിലനിർത്താൻ മാത്രമല്ല, ലോകകപ്പ് ചരിത്രത്തില്‍ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ഒരു വമ്പൻ റെക്കോഡുമായാണ് മെസി കളത്തിലിറങ്ങുന്നത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോഡ് ഇപ്പോള്‍ മെസിയുടെ പേരിലാണ്. അഞ്ച് ലോകകപ്പുകളിലായി താരം ഇതിനകം 26 മത്സരങ്ങളില്‍ അർജന്റീനയ്ക്കായി ബൂട്ട് കെട്ടിക്കഴിഞ്ഞു.

കഴിഞ്ഞ ഖത്തർ ലോകകപ്പിന്റെ ഫൈനലിലാണ് ജർമനിയുടെ മുൻ ഇതിഹാസം ലോത്തർ മത്തേയൂസിനെ (25 മത്സരങ്ങള്‍) മറികടന്ന് മെസി ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇത്തവണ കളത്തിലിറങ്ങുന്നതോടെ തന്റെ തന്നെ റെക്കോഡ് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാൻ മെസിക്ക് സാധിക്കും.

റൊണാള്‍ഡോ അഞ്ചാം സ്ഥാനത്ത്

മെസിയെപ്പോലെ തന്നെ തന്റെ ആറാം ലോകകപ്പിനായി പോർച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇത്തവണ കളത്തിലുണ്ടാകും. എന്നാല്‍ മത്സരങ്ങളുടെ എണ്ണത്തില്‍ സിആർ7 മെസിയെക്കാള്‍ ബഹുദൂരം പിന്നിലാണ്. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് റൊണാള്‍ഡോ. അഞ്ച് ലോകകപ്പുകളിലായി 22 മത്സരങ്ങളിലാണ് താരം പോർച്ചുഗലിനായി കളത്തിലിറങ്ങിയത്.

ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങള്‍:

  1. ലയണല്‍ മെസി (അർജന്റീന) – 26
  2. ലോത്തർ മത്തേയൂസ് (ജർമനി) – 25
  3. മിറോസ്ലാവ് ക്ലോസെ (ജർമനി) – 24
  4. പൗലോ മാല്‍ഡീനി (ഇറ്റലി) – 23
  5. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോർച്ചുഗല്‍) – 22
  6. ഡീഗോ മറഡോണ (അർജന്റീന) – 21
  7. ഉവെ സീലർ (ജർമനി) – 21
  8. വ്ലാഡിസ്ലാവ് സ്മൂഡ (പോളണ്ട്) – 21
  9. കഫു (ബ്രസീല്‍) – 20
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham