ഹൂസ്റ്റണ്‍: അയാള്‍ പ്രായത്തെ തോല്‍പ്പിക്കുന്നവനാണ്, വിമർശനങ്ങള്‍ കൂടുന്തോറും വീര്യം കൂടുന്ന ഫുട്ബോള്‍ ലോകത്തെ അത്ഭുത പ്രതിഭാസം.
ഫിഫ ലോകകപ്പ് വേദിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന പേര് വീണ്ടും സുവർണ്ണാക്ഷരങ്ങളാല്‍ എഴുതപ്പെട്ടിരിക്കുന്നു. യുഎസിലെ ഹൂസ്റ്റണില്‍ നടക്കുന്ന ഗ്രൂപ്പ് കെ മത്സരത്തില്‍ ഉസ്ബെക്കിസ്ഥാനെതിരായ ആദ്യ പകുതിയില്‍ ഇരട്ട ഗോളുകള്‍ നേടി പോർച്ചുഗീസ് നായകൻ ഫുട്ബോള്‍ ചരിത്രത്തില്‍ ആർക്കും തകർക്കാനാകാത്ത ഒരു പുതിയ റെക്കോർഡ് സ്വന്തമാക്കി. ആറ് വ്യത്യസ്ത ലോകകപ്പ് ടൂർണമെന്റുകളില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യത്തെ പുരുഷ താരം എന്ന റെക്കോർഡാണ് 41ാം വയസ്സിലും റൊണാള്‍ഡോ തന്റെ പേരില്‍ കുറിച്ചത്.
പോർച്ചുഗല്‍ ടീമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ബാധ്യതയാണോ എന്ന മാധ്യമങ്ങളുടെയും ഫുട്ബോള്‍ പണ്ഡിറ്റുകളുടെയും ചോദ്യങ്ങള്‍ക്ക് കേവലം ആറ് മിനിറ്റുകള്‍ക്കുള്ളില്‍ അയാള്‍ മറുപടി നല്‍കി. ഉസ്ബെക്കിസ്ഥാനെതിരെയുള്ള മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ പെഡ്രോ നെറ്റോയുടെ ക്രോസ്സ് മനോഹരമായി വലയിലെത്തിച്ച് റൊണാള്‍ഡോ പോർച്ചുഗലിനെ മുന്നിലെത്തിച്ചു. ഈ ഗോളോടെ കളി മാത്രമല്ല, ഫുട്ബോള്‍ ചരിത്രം കൂടിയാണ് മാറ്റിമറിക്കപ്പെട്ടത്. ലയണല്‍ മെസ്സിക്കൊപ്പം ആറ് ലോകകപ്പുകളില്‍ കളിക്കുന്ന താരം എന്ന റെക്കോർഡ് ഈ വർഷം റൊണാള്‍ഡോ പങ്കിട്ടിരുന്നുവെങ്കിലും, കളിച്ച ആറ് ലോകകപ്പുകളിലും ഗോള്‍ നേടുക എന്ന അസാധ്യ നേട്ടം ഇനി ക്രിസ്റ്റ്യാനോയ്ക്ക് മാത്രം സ്വന്തം. 39ാം മിനിറ്റില്‍ തന്റെ രണ്ടാമത്തെ ഗോളും നേടി റൊണാള്‍ഡോ ആദ്യ പകുതിയില്‍ തന്നെ പോർച്ചുഗലിന് മൂന്ന് ഗോളിന്റെ ശക്തമായ ലീഡ് സമ്മാനിച്ചു. 17ാം മിനിറ്റില്‍ നുനോ മെൻഡസാണ് പോർച്ചുഗലിന്റെ മറ്റൊരു ഗോള്‍ നേടിയത്.
തുടക്കം 2006ല്‍ ജർമനിയില്‍
ജർമനിയില്‍ 2006ല്‍ ഇറാനെതിരേ പെനാല്‍റ്റിയിലൂടെ തന്റെ ആദ്യ ലോകകപ്പ് ഗോള്‍ കുറിച്ച റൊണാള്‍ഡോ, പിന്നീട് നടന്ന 2010 ദക്ഷിണാഫ്രിക്ക, 2014 ബ്രസീല്‍, 2018 റഷ്യ, 2022 ഖത്തർ ലോകകപ്പുകളിലെല്ലാം ഗോള്‍ വേട്ട തുടർന്നു. ഒടുവില്‍ വടക്കേ അമേരിക്കൻ മണ്ണില്‍ ഉസ്ബെക്കിസ്ഥാന്റെ പ്രതിരോധ കോട്ടകള്‍ തകർത്ത് വലകുലുക്കിയതോടെ രണ്ട് പതിറ്റാണ്ടുകാലം ലോക ഫുട്ബോളിന്റെ നെറുകയില്‍ ഒരേ ഫോമില്‍ തുടരാൻ തനിക്ക് മാത്രമേ സാധിക്കൂ എന്ന് ഈ പോർച്ചുഗീസ് ഇതിഹാസം ഒരിക്കല്‍ കൂടി തെളിയിച്ചു.
മത്സരത്തില്‍ റൊണാള്‍ഡോയുടെ സാന്നിധ്യം എത്രത്തോളം എതിരാളികളെ ഭയപ്പെടുത്തുന്നു എന്നതിന്റെ തെളിവായിരുന്നു പോർച്ചുഗലിന്റെ രണ്ടാം ഗോള്‍. ബോക്സിന് തൊട്ടുവെളിയില്‍ ലഭിച്ച ഫ്രീകിക്ക് എടുക്കാൻ റൊണാള്‍ഡോ തന്റെ ഐക്കോണിക് ശൈലിയില്‍ നില്‍ക്കുമ്പോള്‍ ഉസ്ബെക്ക് പ്രതിരോധ നിരയും ഗോള്‍കീപ്പറും പൂർണ്ണമായും അദ്ദേഹത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ ഡമ്മി റണ്ണായി മാറിയ റൊണാള്‍ഡോയ്ക്ക് പകരം പിഎസ്ജി താരം നുനോ മെൻഡസ് പന്ത് നേരിട്ട് വലയിലേക്ക് പായിക്കുകയായിരുന്നു.
തന്റെ കരിയറിലെ വലിയൊരു ഗോള്‍ വരള്‍ച്ചയ്ക്ക് വിരാമമിട്ടുകൊണ്ട് റൊണാള്‍ഡോ വീണ്ടും ഹൂസ്റ്റണിലെ പുല്‍മൈതാനത്ത് തനത് സ്യൂൂൂൂ ആഘോഷവുമായി നിറഞ്ഞാടിയപ്പോള്‍, അത് ലോകമെമ്പടുമുള്ള കോടിക്കണക്കിന് ആരാധകർക്കുള്ള വിരുന്നായി മാറി.
Ronaldo becomes first player to score in six World Cups

