ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷാ ക്രമക്കേട് ആരോപണങ്ങളില്‍ കേന്ദ്ര സർക്കാരിനെതിരേ കടുത്ത വിമർശനം ഉയർത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ചോദ്യപേപ്പർ ചോർന്നെന്ന ഗുരുതര റിപ്പോർട്ടുകള്‍ അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ കഠിനാധ്വാനത്തിന് മോദി സർക്കാർ യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.
നീറ്റ് പരീക്ഷാ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് നെറ്റ് പരീക്ഷയിലും സമാനമായ ക്രമക്കേടുകള്‍ പുറത്തുവരുന്നതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. പരീക്ഷയ്ക്ക് തൊട്ടുമുൻപ് 100 പേജുള്ള ഒരു പിഡിഎഫ് ഫയല്‍ പ്രചരിച്ചിരുന്നു. ഇതിലെ 90 ശതമാനം ചോദ്യങ്ങളും യഥാർഥ സോഷ്യോളജി ചോദ്യപേപ്പറുമായി ഒത്തുപോകുന്നവയാണ്.
ബിഹാർ, ഉത്തർ പ്രദേശ്, ഹരിയാണ, ഡല്‍ഹി, രാജസ്ഥാൻ എന്നിവിടങ്ങളില്‍ ഈ ചോദ്യപേപ്പർ 2.25 ലക്ഷം രൂപയ്ക്കാണ് വിറ്റഴിച്ചത്. വരാനിരിക്കുന്ന സിഎസ്ഐആർ-നെറ്റ്, എച്ച്‌ടിഇടി, എഡിഎ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ ചോർത്തി നല്‍കാമെന്ന് ഈ മാഫിയ ശൃംഖലകള്‍ അവകാശപ്പെടുന്നുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.
രാജ്യത്തെ പരീക്ഷാ സംവിധാനങ്ങള്‍ തുടർച്ചയായി തകരുന്നത് കണ്ടിട്ടും കേന്ദ്ര സർക്കാർ സുഖസുഷുപ്തിയിലാണ്. പ്രധാനമന്ത്രിയില്‍ നിന്നോ വിദ്യാഭ്യാസമന്ത്രിയില്‍ നിന്നോ വിദ്യാർഥികള്‍ക്ക് നീതിയോ നടപടിയോ പ്രതീക്ഷിക്കാനാകില്ല. അന്വേഷണങ്ങളൊന്നും നടക്കാൻ പോകുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഈ വ്യവസ്ഥിതി മാറ്റാൻ വിദ്യാർഥികളുടെ കൂട്ടായ ശബ്ദത്തിലൂടെ മാത്രമേ സാധിക്കൂ എന്നും ഈ പ്രതിധ്വനി രാജ്യത്ത് വിദ്യാഭ്യാസ വിപ്ലവത്തിന് വഴിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണം പരീക്ഷാർഥികളും ശക്തമാക്കുന്നുണ്ട്. പരീക്ഷയ്ക്ക് വന്ന 100 ചോദ്യങ്ങളില്‍ 96 എണ്ണവും നേരത്തെ പ്രചരിച്ച പിഡിഎഫില്‍ ഉണ്ടായിരുന്നുവെന്നാണ് വിദ്യാർഥികളുടെ വാദം. ഉത്തർപ്രദേശ്, ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ലക്ഷങ്ങള്‍ വാങ്ങിയാണ് ഈ ഫയല്‍ കൈമാറിയതെന്നും ആരോപണമുണ്ട്.
എന്നാല്‍ ചോദ്യപേപ്പർ ചോർച്ച നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പൂർണ്ണമായും നിഷേധിച്ചു. പരീക്ഷ കഴിഞ്ഞ് ആറ് ദിവസത്തിന് ശേഷമാണ് സോഷ്യോളജി ചോദ്യപേപ്പർ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതെന്നും പരീക്ഷയ്ക്ക് മുൻപ് ചോദ്യങ്ങള്‍ ചോർന്നിട്ടില്ലെന്നുമാണ് എൻടിഎയുടെ വിശദീകരണം.
Rahul Gandhi attacked the Central Government after reports emerged that the UGC-NET exam question paper was leaked and sold for ₹2.25 lakhs, leading to the cancellation of the test.

