ചെന്നൈ: എം.എസ്. ധോണിയെന്ന ഇതിഹാസ താരത്തിന്റെ നിഴലില്‍നിന്ന് പുറത്തുകടന്ന് പുതിയൊരു കാലഘട്ടത്തിലേക്ക് ചുവടുവയ്ക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ്.
ധോണിയുടെ സാന്നിധ്യം നിലനിര്‍ത്തുന്നതിനൊപ്പം പുതിയ തലമുറയെ വളര്‍ത്തിയെടുക്കുകയും ടീമിന്റെ ബ്രാന്‍ഡ് മൂല്യം സംരക്ഷിക്കുകയും ചെയ്യുകയെന്ന ഇരട്ട ലക്ഷ്യത്തോടെയാണ് ഫ്രാഞ്ചൈസിയുടെ നീക്കങ്ങള്‍. സഹീര്‍ ഖാനെ മുഖ്യപരിശീലകനായി നിയമിച്ചതടക്കമുള്ള തീരുമാനങ്ങളില്‍ ധോണിയുടെ ഇടപെടല്‍ തുടരുന്നത് ടീമിലെ അദ്ദേഹത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നു.
2008ല്‍ ഐപിഎല്‍ ആരംഭിച്ചപ്പോള്‍ 15 ലക്ഷം ഡോളര്‍ മുടക്കിയാണ് ചെന്നൈ ധോണിയെ ടീമിലെത്തിച്ചത്. പിന്നീട് ടീമിന്റെ മുഖമായി മാറിയ ധോണി 14 സീസണുകളില്‍ ചെന്നൈയെ നയിച്ചു. ആദ്യ പത്ത് സീസണുകളിലും ടീമിനെ പ്ലേഓഫിലെത്തിച്ച അദ്ദേഹം അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.
എന്നാല്‍ ധോണിയുടെ കളിക്കളത്തിലെ സാന്നിധ്യം കുറഞ്ഞുവരുന്നതോടെ പകരക്കാരനെ ഒരുക്കുകയെന്ന വെല്ലുവിളി ചെന്നൈക്കു മുന്നിലുണ്ട്. 2022ല്‍ രവീന്ദ്ര ജഡേജയ്ക്ക് നായകസ്ഥാനം കൈമാറിയെങ്കിലും എട്ട് മത്സരങ്ങള്‍ക്കുശേഷം ധോണി വീണ്ടും ചുമതലയേറ്റു. 2024ല്‍ റുതുരാജ് ഗെയ്ക്വാദിന് നായകസ്ഥാനം കൈമാറിയതോടെ നേതൃത്വത്തില്‍നിന്ന് പൂര്‍ണമായി മാറിനിന്നെങ്കിലും വിക്കറ്റ് കീപ്പറായും ഉപദേശകനായും ധോണി ടീമിനൊപ്പമുണ്ട്.
2026 സീസണില്‍ കാല്‍വണ്ണയ്ക്കേറ്റ പരിക്ക് ധോണിയുടെ സാന്നിധ്യത്തെ ബാധിച്ചിരുന്നു. ഇതിനിടെ സെപ്റ്റംബര്‍ 21ന് സ്റ്റീഫന്‍ ഫ്ലെമിങ്ങിനു പകരം സഹീര്‍ ഖാനെ മുഖ്യപരിശീലകനായി നിയമിച്ചു. ധോണിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സഹീറിനെ സമീപിച്ചതെന്ന് ടീം സി.ഇ.ഒ കാശി വിശ്വനാഥന് വ്യക്തമാക്കിയിരുന്നു. ധോണിയുടെ മാര്‍ഗനിര്‍ദേശം തുടര്‍ന്നും നിര്‍ണായകമായിരിക്കുമെന്ന് സഹീര്‍ ഖാനും പറഞ്ഞു.
ധോണിയുടെ സ്വാധീനം ചെന്നൈയുടെ വാണിജ്യ മൂല്യത്തിലും പ്രകടമാണ്. ഹൗലിഹാന്‍ ലോകിയുടെ 2026ലെ ഐപിഎല്‍ ബ്രാന്‍ഡ് മൂല്യനിര്‍ണയ റിപ്പോര്‍ട്ട് പ്രകാരം ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബ്രാന്‍ഡ് മൂല്യം 24.4 കോടി ഡോളറാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3.8 ശതമാനം വളര്‍ച്ചയുണ്ടായെങ്കിലും മുന്‍നിര നാല് ടീമുകളില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ് ചെന്നൈയുടേത്.
31.2 കോടി ഡോളറുമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പട്ടികയില്‍ ഒന്നാമതാണ്. മുംബൈ ഇന്ത്യന്‍സ് 26.4 കോടി ഡോളറുമായി രണ്ടാമതും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 24.5 കോടി ഡോളറുമായി മൂന്നാമതുമാണ്. 24.4 കോടി ഡോളറുമായി ചെന്നൈ നാലാം സ്ഥാനത്താണ്.
തുടര്‍ച്ചയായ മൂന്ന് സീസണുകളിലും പ്ലേഓഫിലെത്താന്‍ കഴിയാതിരുന്നത് ടീമിന്റെ വളര്‍ച്ചയെ ബാധിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, വാണിജ്യാടിത്തറ ശക്തമായി തുടരുന്നുവെന്നും വിലയിരുത്തലുണ്ട്. സ്പോണ്‍സര്‍മാര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കു പുറമേ ധോണിയുടെ വലിയ ആരാധകവൃന്ദത്തെയും പരിഗണിക്കുന്നതാണ് ഇതിനു പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന്.
ധോണി പൂര്‍ണമായി മാറിനിന്നാല്‍ ടീമിന്റെ ബ്രാന്‍ഡ് മൂല്യത്തെ താല്‍ക്കാലികമായി ബാധിക്കാമെന്ന് കായികവിപണന രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കളിക്കാരനായല്ലെങ്കിലും മെന്ററായോ പരിശീലകനായോ ധോണി ടീമിനൊപ്പം തുടരുന്നത് ആരാധകരുടെ താല്പര്യവും സ്പോണ്‍സര്‍മാരുടെ പിന്തുണയും നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
ധോണിക്കപ്പുറമുള്ള കാലത്തിനായി യുവതാരങ്ങളില്‍ നിക്ഷേപം നടത്താനും ചെന്നൈ തുടങ്ങിയിട്ടുണ്ട്. 2025 സീസണില്‍ ഡെവാള്‍ഡ് ബ്രെവിസ്, ആയുഷ് മാത്രെ, ഉര്‍വില്‍ പട്ടേല്‍ എന്നിവരെ ടീമിലെത്തിച്ചു. 2026 സീസണിലേക്കുള്ള ലേലത്തില്‍ പ്രശാന്ത് വീര്‍, കാര്‍ത്തിക് ശര്‍മ എന്നിവരെയും സ്വന്തമാക്കി. പുതിയ തലമുറയ്ക്ക് അവസരവും അനുഭവസമ്പത്തും നല്‍കുകയാണ് ലക്ഷ്യം.
ബ്രാന്‍ഡ് ഫിനാന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അജിമോണ് ഫ്രാന്‍സിസിന്റെ വിലയിരുത്തലില്‍, ധോണിയുടെ സാന്നിധ്യം നിലനിര്‍ത്തിക്കൊണ്ടുള്ള ഈ മാറ്റം ആസൂത്രിതമായ കൈമാറ്റമാണ്. പരിചയസമ്പന്നനായ ഒരാള്‍ ചുമതലയില്‍നിന്ന് മാറുമ്പോള്‍ പകരക്കാരന് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ സമയം നല്കുന്നതുപോലെയാണ് ചെന്നൈയുടെ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
യുവതാരങ്ങള്‍ക്ക് അനുഭവസമ്പത്ത് നേടാനായെന്നും അടുത്ത സീസണില്‍ കൂടുതല്‍ കരുത്തോടെ തിരിച്ചെത്തുമെന്നും നായകന് റുതുരാജ് ഗെയ്ക്വാദ് പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.
ധോണിയുടെ പാരമ്പര്യം ചെന്നൈയുടെ കരുത്തായി തുടരുമെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെ ബ്രാന്‍ഡ് മൂല്യം എത്രത്തോളം നിലനിര്‍ത്താനാകുമെന്നതാണ് പ്രധാന ചോദ്യം. ധോണിയെ ടീമിനൊപ്പം നിലനിര്‍ത്തിക്കൊണ്ട് പുതിയ തലമുറയെ വളര്‍ത്തിയെടുക്കാനും ആരാധകരുടെയും സ്പോണ്‍സര്‍മാരുടെയും വിശ്വാസം സംരക്ഷിക്കാനുമുള്ള ചെന്നൈയുടെ ശ്രമങ്ങള്‍ വരാനിരിക്കുന്ന സീസണുകളില്‍ നിര്‍ണായകമാകും.

