Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദുബൈയില്‍ വൻ ട്രാഫിക് പരിശോധന; പിഴ അടയ്ക്കാത്ത 497 വാഹനങ്ങള്‍ പൊലിസ് പിടിച്ചെടുത്തു

ദുബൈയില്‍ വൻ ട്രാഫിക് പരിശോധന; പിഴ അടയ്ക്കാത്ത 497 വാഹനങ്ങള്‍ പൊലിസ് പിടിച്ചെടുത്തു

ദുബൈ: യുഎഇയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ തുകയടയ്ക്കാതെ നിരത്തിലിറക്കിയ നൂറുകണക്കിന് വാഹനങ്ങള്‍ പിടിച്ചെടുത്ത് ദുബൈ പൊലിസ്.

2026-ന്റെ ആദ്യ പകുതിയില്‍ നടത്തിയ വ്യാപക പരിശോധനയിലാണ് വലിയ തുക പിഴ കുടിശ്ശികയുള്ളതും രജിസ്ട്രേഷൻ പുതുക്കാത്തതുമായ 497 വാഹനങ്ങള്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെയും നിയമലംഘകർക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി.

കസ്റ്റഡിയിലെടുത്ത പല വാഹനങ്ങള്‍ക്കും പതിനായിരക്കണക്കിന് ദിർഹത്തിന്റെ പിഴ കുടിശ്ശികയുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി. ദീർഘകാലമായി ട്രാഫിക് പിഴ ഒടുക്കാത്ത വാഹന ഉടമകള്‍ക്കെതിരെ സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെയാണ് ട്രാഫിക് പോലീസ് നടപടി സ്വീകരിച്ചത്. ഗതാഗത നിയമങ്ങള്‍ കാറ്റില്‍പ്പറത്തി സർവീസ് നടത്തുന്ന വാഹനങ്ങള്‍ കണ്ടെത്താൻ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും.

വലിയ തുക പിഴ കുടിശ്ശികയുള്ളവർക്കും രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ ഓടിക്കുന്നവർക്കും ദുബൈ പൊലിസ് കർശന മുന്നറിയിപ്പ് നല്‍കി. വാഹനം കണ്ടുകെട്ടല്‍ ഉള്‍പ്പെടെയുള്ള കടുത്ത നിയമനടപടികള്‍ ഒഴിവാക്കാൻ കുടിശ്ശികയുള്ള ട്രാഫിക് പിഴകള്‍ ഉടനടി അടച്ചുതീർക്കണമെന്ന് അധികൃതർ വാഹന ഉടമകളോട് അഭ്യർത്ഥിച്ചു.

വാഹനം രജിസ്റ്റർ ചെയ്യാതെ ഉപയോഗിക്കുന്നത് റോഡിലെ മറ്റ് യാത്രക്കാരുടെയും ജീവന് ഭീഷണിയാണെന്ന് പൊലിസ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, വാഹന ഉടമകള്‍ക്ക് പിഴ തുകകള്‍ എളുപ്പത്തില്‍ അടച്ചുതീർക്കാൻ ദുബൈ പൊലിസ് വിവിധ ബാങ്കുകളുമായി സഹകരിച്ച്‌ പലിശരഹിത ഇൻസ്റ്റാള്‍മെന്റ് (തവണ വ്യവസ്ഥ) സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ദുബൈ പൊലിസ് സ്മാർട്ട് ആപ്പ് (Dubai Police App) അല്ലെങ്കില്‍ ഔദ്യോഗിക വെബ്സൈറ്റ് വഴി ഡ്രൈവർമാർക്ക് ട്രാഫിക് ഫൈനുകള്‍ പരിശോധിക്കാനും അടയ്ക്കാനും സാധിക്കും.

റോഡുകളില്‍ കൃത്യമായ ഡ്രൈവിംഗ് അച്ചടക്കം പാലിക്കണമെന്നും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നത് ഒഴിവാക്കണമെന്നും ദുബൈ പൊലിസ് ജനങ്ങളോട് ആഹ്വാനം ചെയ്തു. ദുബൈയിലെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി ആധുനിക സാങ്കേതികവിദ്യകളും നിർമ്മിത ബുദ്ധിയും ഉപയോഗിച്ചുള്ള പട്രോളിംഗ് ശക്തമായി തുടരുമെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham