ബംഗളൂരു: അധികാര കൈമാറ്റം നടക്കുന്ന കര്ണാടകയില് ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയില് സ്ഥാനം ഉറപ്പിച്ച് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന് യതീന്ദ്ര സിദ്ധരാമയ്യ.
യതീന്ദ്ര അടക്കം ഒമ്പതു പേര് സിദ്ധരാമയ്യ പക്ഷത്ത് നിന്ന് പുതിയ മന്ത്രിസഭയില് ഉണ്ടാവുമെന്നാണ് സൂചന. എം.എല്.എമാര് ഉള്പെടെ തന്റെ പക്ഷത്തു നിന്നുള്ള ഒമ്പത് പേരുടെ പട്ടിക സിദ്ധരാമയ്യ കൈമാറിയിട്ടുണ്ടെന്നാണാണ് റിപ്പോര്ട്ട്.
ജൂണ് മൂന്ന് ബുധനാഴ്ച വൈകീട്ടാണ് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി കെ.പി.സി.സി അധ്യക്ഷന് ഡി.കെ ശിവകുമാര് സത്യപ്രതിജ്ഞ ചെയ്യുന്നത്. രണ്ടാംഘട്ട വിപുലീകരണം ജൂണ് 18നായിരിക്കും.
കര്ണാടകയില് ഇനി ഡി.കെ യുഗം; സത്യപ്രതിജ്ഞ ജൂണ് 3ന്
നിലവില് ലെജിസ്ലേറ്റീവ് കൗണ്സില് അംഗമായ യതീന്ദ്ര സിദ്ധരാമയ്യ തനിക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. മന്ത്രിസഭയില് ഇടം നല്കാമെന്ന് പാര്ട്ടി ഹൈക്കമാന്ഡ് ഉറപ്പുനല്കിയിട്ടുണ്ട്. എന്നാല് കെപിസിസിയിലെ പദവികളെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. മറ്റൊരു എം.എല്.എയായ ബസവരാജ് ശിവണ്ണവരും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പാര്ട്ടി നല്കിയിരിക്കുന്ന ഓഫര് എന്താണ് എന്നത് സംബന്ധിച്ചുള്ള വിവരവും പുറത്തു വന്നിട്ടില്ല.
മന്ത്രിസഭയില് മുഖ്യമന്ത്രി അടക്കം 34 പേരാണുണ്ടാവുക. മന്ത്രിസഭയില് യുവാക്കള്ക്കും ഇടം നല്കാനാണ് പാര്ട്ടി നീക്കം. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യ തന്റെ പക്ഷത്തു നിന്നുള്ള മന്ത്രിമാരുടെ കാര്യത്തില് വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാന് സാധ്യതയില്ലെന്നാണ് റിപ്പോര്ട്ടുകള് ചൂണ്ടിക്കാട്ടുന്നത്. അതിനിടെ, മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നതില് അന്തിമ ധാരണയില് എത്തുന്നതിന് ഇരു നേതാക്കളും ഇന്ന് ഡല്ഹിയിലെത്തി ഹൈക്കമാന്ഡിനെ കാണുന്നുണ്ട്.
ഒന്നിലധികം ഉപമുഖ്യമന്ത്രി എന്ന ഫോര്മുല പാര്ട്ടി കര്ണാടകയില് ഉപയോഗിച്ചേക്കുമെന്നും റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു. ദലിത് നേതാവിനെയും ന്യൂനപക്ഷ സമുദായ നേതാവിനെയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടുന്നുണ്ട്. മുനിയപ്പയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദലിത് നേതാക്കള് ദേശീയ നേതാക്കള്ക്കുമുന്നില് കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. അതേസമയം, ശിവകുമാറിനൊപ്പം ആരൊക്കെയാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുകയെന്ന് കോണ്ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
yathindra siddaramaiah is expected to secure a place in the new karnataka cabinet led by dk shivakumar as the state prepares for a leadership transition.

