ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ അന്ത്യശാസനത്തിന് പിന്നാലെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി ശക്തമാകുന്നു.
ട്രംപിന്റെ പ്രസ്താവന നിരാശാജനകവും അസഭ്യവുമാണെന്ന് ഇറാൻ മുൻ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് വിമർശിച്ചു. ഏതൊരു സാഹചര്യത്തിലും ഇറാൻ സ്വയം പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സരിഫിന്റെ പ്രതികരണം. "നിങ്ങളുടെ സ്വന്തം നന്മയ്ക്കായി ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക. 170 സ്കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയ മിനാബ് സ്കൂള്‍ ആക്രമണം ഒരു യുദ്ധക്കുറ്റമായിരുന്നു. ഇപ്പോള്‍ കൂടുതല്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തുമെന്ന് ട്രംപ് പരസ്യമായി ഭീഷണിപ്പെടുത്തുന്നു. ഇതില്‍ പങ്കാളികളാകുന്നവർ അന്താരാഷ്ട്ര ക്രിമിനല്‍ ഉത്തരവാദിത്തം നേരിടേണ്ടി വരും," സരിഫ് കുറിച്ചു.
യുദ്ധക്കളമായി മാറിയ മേഖലയിലെ പ്രധാന സംഭവങ്ങള്‍:
ട്രംപിന്റെ അന്ത്യശാസനം:
ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ ഇറാൻ ഉടൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം രാജ്യത്തെ വൈദ്യുതി നിലയങ്ങള്‍ക്കും പാലങ്ങള്‍ക്കും നേരെ കനത്ത ആക്രമണം ഉണ്ടാകുമെന്നും ട്രംപ് ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇസ്റാഈലില്‍ മിസൈല്‍ വർഷം:
ഇസ്റാഈലിലെ ഹൈഫയിലുള്ള ഒരു പാർപ്പിട സമുച്ചയത്തില്‍ ഇറാനിയൻ മിസൈല്‍ പതിച്ചു. ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.
ഇറാനില്‍ കനത്ത നാശനഷ്ടം: ഇറാനിലെ 12 നഗരങ്ങളിലെങ്കിലും യുഎസ്-ഇസ്റാഈല്‍ സംയുക്ത ആക്രമണം നടന്നു. ടെഹ്‌റാനിലെ ബഹറെസ്ഥാൻ കൗണ്ടിയില്‍ മാത്രം 13 പേർ കൊല്ലപ്പെട്ടതായാണ് വിവരം.

