അബുദബി: മധ്യ ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് ബാധ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിലും യുഎഇയിലെ പൊതുജനാരോഗ്യ സ്ഥിതി പൂർണ്ണമായും സുരക്ഷിതമാണെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം.
രാജ്യത്ത് ശക്തമായ പ്രതിരോധ-മുൻകരുതല്‍ നടപടികള്‍ തുടരുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. രോഗബാധ നേരത്തെ കണ്ടെത്തുന്നതിനുള്ള നിരീക്ഷണം, വിമാനത്താവളങ്ങളിലെ സന്നദ്ധത, ആരോഗ്യമേഖലയിലെ അടിയന്തിര തയ്യാറെടുപ്പുകള്‍ എന്നിവ മന്ത്രാലയം ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്.
നിലവില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവടങ്ങളിലെ ചില ഭാഗങ്ങളില്‍ മാത്രമാണ് എബോള കേന്ദ്രീകരിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ഈ രോഗം ഉയർത്തുന്ന പൊതുജനാരോഗ്യ ഭീഷണി വളരെ കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ (WHO) വിലയിരുത്തല്‍. എബോളയെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞ മന്ത്രാലയം, ഇത് കോവിഡ് പോലെ വായുവിലൂടെയോ സാധാരണ സമ്പർക്കത്തിലൂടെയോ പടരുന്ന രോഗമല്ലെന്ന് വ്യക്തമാക്കിയിരുന്നു. രോഗബാധിതരായ വ്യക്തികളുടെ ശരീരസ്രവങ്ങളുമായോ അവർ ഉപയോഗിച്ച വസ്തുക്കളുമായോ നേരിട്ട് സമ്പർക്കമുണ്ടായാല്‍ മാത്രമേ രോഗം പകരുകയുള്ളൂ.
എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പൗരന്മാർക്കും താമസക്കാർക്കും നേരത്തെ നിർദ്ദേശം നല്‍കിയിരുന്നു. ഈ രാജ്യങ്ങളില്‍ നിലവിലുള്ള യുഎഇ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ 'തവാജുദി' (Twajudi) സേവനത്തില്‍ രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ആരോഗ്യപരമായ കാര്യങ്ങളില്‍ കൃത്യമായ വിവരങ്ങള്‍ക്കായി ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
The UAE Ministry of Health has assured the public that the country remains safe amid Ebola concerns, emphasizing preventive measures, continuous monitoring, and the absence of any local outbreak.

