Dailyhunt
എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭര്‍ത്താവ് 25 വര്‍ഷത്തിന് ശേഷം പൊലിസ് പിടിയില്‍

എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭര്‍ത്താവ് 25 വര്‍ഷത്തിന് ശേഷം പൊലിസ് പിടിയില്‍

കോഴിക്കോട്: കാല്‍ നൂറ്റാണ്ടുകാലം നിയമത്തെ വെട്ടിച്ച്‌ ഒളിവില്‍ കഴിഞ്ഞ കൊലക്കേസ് പ്രതി ഒടുവില്‍ ക്രൈംബ്രാഞ്ചിന്റെ വലയിലായി.

എടച്ചേരി വേങ്ങോളി കിഴക്കയില്‍ ജമീലയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് ഹമീദിനെ (56) ആണ് ക്രൈംബ്രാഞ്ച് സംഘം കാസർക്കോട്ടുനിന്ന് പിടികൂടിയത്. 2001-ല്‍ നടന്ന കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായുള്ള തിരച്ചില്‍ ഫലം കാണാത്തതിനെത്തുടർന്ന് കേസ് ഏതാണ്ട് വഴിമുട്ടിയ അവസ്ഥയിലായിരുന്നു.

പൂനെയില്‍ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന് ചാണകക്കൂമ്പാരത്തില്‍ തള്ളി; 65-കാരൻ പിടിയില്‍, ദേശീയപാത ഉപരോധിച്ച്‌ നാട്ടുകാർ

2001-ലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നമസ്കാരത്തിനിടെ ഭാര്യ ജമീലയെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം ഹമീദ് നാടുവിടുകയായിരുന്നു. അക്കാലത്ത് വലിയ ജനരോഷമുയർന്ന സംഭവമായിരുന്നു ഇത്. ലോക്കല്‍ പൊലിസും പിന്നീട് ക്രൈംബ്രാഞ്ചും വർഷങ്ങളോളം കേരളത്തിനകത്തും പുറത്തും തിരച്ചില്‍ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇയാള്‍ വിദേശത്തേക്ക് കടന്നതായും അന്ന് വ്യാപകമായ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

കാസർക്കോട് ജില്ലയിലെ ആദൂർ പൊലിസ് സ്റ്റേഷൻ പരിധിയില്‍ ഒരു സാധാരണ മത്സ്യവില്‍പനക്കാരനായിട്ടായിരുന്നു ഹമീദിന്റെ ഒളിവുജീവിതം. ആർക്കും സംശയം തോന്നാത്ത വിധം പേരും വേഷവും മാറ്റി ലളിതമായ ജീവിതം നയിക്കുകയായിരുന്നു ഇയാള്‍. പഴയ ഫോട്ടോകളും രഹസ്യ വിവരങ്ങളും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് നടത്തിയ നീക്കമാണ് നിർണായകമായത്.

വർഷങ്ങള്‍ പിന്നിട്ടതിനാല്‍ പ്രതിയുടെ രൂപത്തില്‍ വന്ന മാറ്റം വെല്ലുവിളിയായിരുന്നു. എന്നാല്‍ ശാസ്ത്രീയ പരിശോധനയിലൂടെയും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുമാണ് ഇയാള്‍ ഹമീദ് തന്നെയാണെന്ന് ഉറപ്പിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

പഴയകാല കേസുകളിലെ പ്രതികളെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് നടത്തുന്ന പ്രത്യേക പരിശോധനയുടെ (Special Drive) ഭാഗമായാണ് ഈ അറസ്റ്റ്. പ്രതിയെ കോഴിക്കോട് എത്തിച്ച്‌ കോടതിയില്‍ ഹാജരാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി. 25 വർഷത്തിന് ശേഷം പ്രതി പിടിയിലായതോടെ ജമീലയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എടച്ചേരി നിവാസികള്‍.

After 25 years on the run, a man named Hameed was arrested by the Crime Branch for the murder of his wife, Jameela, in Edacheri, Kozhikode. The crime took place in 2001, after which Hameed disappeared, leading many to believe he had fled abroad.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham