ദുബൈ: ഈദ് അവധി ആഘോഷങ്ങള്‍ക്കായി യുഎഇയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പുറപ്പെട്ട നിരവധി പ്രവാസി കുടുംബങ്ങളാണ് വഴിയില്‍ വാഹനം കേടായതിനെ തുടർന്ന് വലഞ്ഞത്.
ദീർഘദൂര യാത്രകളില്‍ പെട്ടെന്നുണ്ടാകുന്ന എഞ്ചിൻ ഓവർഹീറ്റിംഗും ബാറ്ററി തകരാറുകളുമാണ് യാത്രക്കാരുടെ പെരുന്നാള്‍ സന്തോഷം കെടുത്തിയത്. ദിവസേനയുള്ള ചെറിയ ഓഫീസ് യാത്രകളില്‍ ശ്രദ്ധയില്‍പ്പെടാതെ പോകുന്ന ചെറിയ സാങ്കേതിക തകരാറുകളാണ് ദീർഘദൂര ഹൈവേ യാത്രകളില്‍ വലിയ വില്ലനായി മാറുന്നതെന്ന് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. കല്ബ, ഖോർഫക്കാൻ, ഫുജൈറ, ഹത്ത തുടങ്ങിയ മലയോര-തീരദേശ വിനോദസഞ്ചാര മേഖലകളിലേക്ക് യാത്ര തിരിച്ചവരാണ് ഇത്തവണ ഏറെയും ബുദ്ധിമുട്ടിലായത്.
ഈ അവധിക്കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട വാഹന തകരാറുകളില്‍ ഭൂരിഭാഗവും എഞ്ചിൻ അമിതമായി ചൂടാകുന്നതുമായി ബന്ധപ്പെട്ടതാണെന്ന് കല്ബയില്‍ വെഹിക്കിള്‍ റിക്കവറി സർവീസ് നടത്തുന്ന സജ്ജാദ് വ്യക്തമാക്കുന്നു. രണ്ടു ദിവസത്തിനിടെ മാത്രം ഏഴോളം വാഹനങ്ങള്‍ക്കാണ് ഇദ്ദേഹത്തിന് സഹായമെത്തിക്കേണ്ടി വന്നത്. പലരും കൂളന്റ് ലെവലോ കൂളിംഗ് സിസ്റ്റത്തിന്റെ അവസ്ഥയോ കൃത്യമായി പരിശോധിക്കാതെയാണ് ദീർഘദൂര യാത്രയ്ക്ക് ഇറങ്ങുന്നത്. നഗരങ്ങളിലെ ചെറിയ യാത്രകളില്‍ ഇത്തരം പ്രശ്നങ്ങള്‍ പ്രകടമാകില്ലെങ്കിലും, കടുത്ത ചൂടില്‍ എസി തുടർച്ചയായി പ്രവർത്തിപ്പിച്ചു ഹൈവേകളിലൂടെ ദീർഘനേരം വേഗതയില്‍ ഓടിക്കുമ്പോള്‍ എഞ്ചിൻ പെട്ടെന്ന് ചൂടായി വാഹനം നിശ്ചലമാകാൻ ഇത് കാരണമാകുന്നു.
എഞ്ചിൻ ഓവർഹീറ്റിംഗിന് പുറമെ പെട്ടെന്നുണ്ടാകുന്ന ബാറ്ററി തകരാറുകളും യാത്രക്കാരെ വഴിയിലാക്കുന്നുണ്ട്. ഉയർന്ന അന്തരീക്ഷ താപനില കാരണം ബാറ്ററികള്‍ പെട്ടെന്ന് കേടാകാൻ സാധ്യതയേറെയാണ്. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചെറിയ കാലതാമസം പോലുള്ള ലക്ഷണങ്ങള്‍ പലരും അവഗണിക്കുന്നതാണ് പെട്ടെന്ന് വഴിയില്‍ കുടുങ്ങാൻ ഇടയാക്കുന്നത്. അതുപോലെ തന്നെ ടയറുകളുടെ സുരക്ഷയും പലരും വിസ്മരിക്കാറുണ്ട്. യാത്രയ്ക്ക് മുൻപ് ടയറിന്റെ അവസ്ഥയോ വായുമർദ്ദമോ പരിശോധിക്കാതെ കടുത്ത ചൂടുള്ള ഹൈവേകളിലൂടെ വേഗതയില്‍ പായുന്നത് ടയറുകള്‍ക്ക് വലിയ ആഘാതമുണ്ടാക്കുകയും അപകടങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും.
എഞ്ചിൻ കൃത്യമായി പ്രവർത്തിച്ചാലും എസി പെട്ടെന്ന് കേടാകുന്നത് യുഎഇയിലെ കടുത്ത വേനലില്‍ യാത്ര ദുസ്സഹമാക്കുന്നുണ്ട്. ഷാർജ സ്വദേശിയായ ഫാരിസ് ഹുസൈനും കുടുംബത്തിനും ഫുജൈറയിലേക്കുള്ള യാത്രയ്ക്കിടെ എസി തകരാറിലായതിനെ തുടർന്ന് വഴിയിലുടനീളം പലതവണ വാഹനം നിർത്തിയിടേണ്ടി വന്നിരുന്നു.
എന്നാല്‍, യാത്ര പുറപ്പെടുന്നതിന് മുൻപ് ഏതാനും മിനിറ്റുകള്‍ നീളുന്ന ലളിതമായ പരിശോധനകളിലൂടെ ഈ പ്രതിസന്ധികള്‍ പൂർണ്ണമായും ഒഴിവാക്കാമെന്ന് ഓട്ടോമൊബൈല്‍ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. വിമാനങ്ങളിലോ ട്രെയിനുകളിലോ ഉള്ള യാത്ര പോലെ തന്നെ സ്വന്തം വാഹനങ്ങളിലെ ദീർഘദൂര യാത്രകള്‍ക്ക് മുൻപും കൃത്യമായ ഹോംവർക്ക് ആവശ്യമാണ്. റേഡിയേറ്ററിലെ കൂളന്റ് ലെവല്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുക, ബാറ്ററിയുടെ പഴക്കവും ചാർജ്ജിംഗ് ശേഷിയും മുൻകൂട്ടി പരിശോധിക്കുക, ടയറുകളുടെ തേയ്മാനവും എയർ പ്രഷറും നോക്കുക, എസി ഗ്യാസും കൂളിംഗും കൃത്യമാണെന്ന് ഉറപ്പാക്കുക എന്നിവ ഇത്തരം യാത്രകളില്‍ അനിവാര്യമാണ്. പെരുന്നാള്‍ യാത്രകള്‍ ആനന്ദകരവും സുരക്ഷിതവുമാക്കാൻ ഇത്തരം മുൻകരുതലുകള്‍ എടുക്കാൻ മടിക്കരുതെന്ന് മെക്കാനിക്കുകള്‍ ഒരേസ്വരത്തില്‍ വ്യക്തമാക്കുന്നു.
Intense summer heat and sudden battery failures trigger widespread vehicle breakdowns across the UAE, leaving expat families stranded on highways during their festive holiday road trips.

