ദുബൈ: ആഗോള സാങ്കേതിക ഭൂപടത്തില്‍ വിസ്മയങ്ങള്‍ തീർക്കുന്ന ദുബൈ, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് മേഖലയില്‍ മറ്റൊരു ചരിത്ര നീക്കത്തിന് കൂടി തുടക്കം കുറിച്ചു.
സാധാരണ എഐ സംവിധാനങ്ങളില്‍ നിന്ന് മാറി, സ്വയം പ്രവർത്തിക്കാനും സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും ശേഷിയുള്ള 'ഏജന്റ് എഐ' (Agentic AI) സാങ്കേതികവിദ്യയിലേക്ക് മാറുന്ന ലോകത്തിലെ ആദ്യ നഗരമായി മാറാനാണ് ദുബൈ ലക്ഷ്യമിടുന്നത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിന്റെ നിർദ്ദേശപ്രകാരം ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് അല്‍ മക്തൂമാണ് ഇതുസംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്തിയത്.
സാമ്പത്തിക-വാണിജ്യ മേഖലകളില്‍ ഏജന്റ് എഐ സ്വീകരിക്കുന്നതില്‍ ലോകത്തെ ഒന്നാം നമ്പർ നഗരമായി ദുബൈയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ദുബൈ ചേംബർ ഓഫ് കൊമേഴ്സിന് കീഴിലുള്ള എല്ലാ ബിസിനസ് കൗണ്‍സിലുകള്‍ക്കുമായി രണ്ട് വർഷം നീണ്ടുനില്‍ക്കുന്ന പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. കമ്പനികള്‍ക്ക് ഈ പുതിയ സാങ്കേതികവിദ്യയിലേക്ക് എളുപ്പത്തില്‍ മാറാൻ ആവശ്യമായ പിന്തുണ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണിത്.
പുതിയ മാറ്റത്തെ പിന്തുണയ്ക്കുന്നതിനായി ഏജന്റ് എഐ കമ്പനികള്‍ക്കായി പ്രത്യേക ഇൻകുബേറ്ററുകള്‍ സ്ഥാപിക്കാനും ഈ മേഖലയിലെ യുവസംരംഭകർക്ക് പുതിയ സാമ്പത്തിക അവസരങ്ങള്‍ നല്‍കുന്നതിനായി പ്രത്യേക ഫണ്ടുകള്‍ അനുവദിക്കാനും ശൈഖ് ഹംദാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഉല്‍പ്പാദനക്ഷമത വർദ്ധിപ്പിക്കാനും ബിസിനസ് വ്യാപ്തി കൂട്ടാനും നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാനും ഏജന്റിക് എഐ സാങ്കേതികവിദ്യകള്‍ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സാങ്കേതികമായും സാമ്പത്തികമായും ദുബൈയെ ലോകത്തിലെ ഏറ്റവും ഭാവി സജ്ജമായ (Future-ready) നഗരമാക്കി മാറ്റുന്നതിനുള്ള സമഗ്രമായ പ്രസ്ഥാനത്തിന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് നേതൃത്വം നല്‍കുന്നതായി ശൈഖ് ഹംദാൻ തന്റെ എക്സ് (X) പോസ്റ്റില്‍ കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ഭാവിയിലെ സാങ്കേതിക വെല്ലുവിളികളെ നേരിടാൻ ദുബൈയെ മുൻപന്തിയില്‍ നിർത്തുന്ന ഒരു പുതിയ മത്സര നേട്ടമായിരിക്കും ഈ പരിവർത്തനമെന്നാണ് അധികൃതർ വിശ്വസിക്കുന്നത്.
dubai is set to lead the next phase of the ai revolution by becoming the world’s first city to implement agent ai across services and smart systems.

