Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എൻ.ജി.ഒകള്‍ക്ക് നിയന്ത്രണം; വരിഞ്ഞുകെട്ടി കേന്ദ്ര സര്‍ക്കാര്‍

എൻ.ജി.ഒകള്‍ക്ക് നിയന്ത്രണം; വരിഞ്ഞുകെട്ടി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിദേശ ഫണ്ട് സ്വീകരിക്കുന്ന സർക്കാരിതര സന്നദ്ധ സംഘടനകള്‍ (എൻ.ജി.ഒ)ക്ക് കൂടുതല്‍ കടുത്ത നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

2011ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമങ്ങളില്‍ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം. ഇതനുസരിച്ച്‌ വിദേശത്തുനിന്ന് പണം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച്‌ കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ സർക്കാരിന് കൈമാറണം. സന്നദ്ധ സംഘടനകള്‍ ഏതൊക്കെ മേഖലകളിലാണ് പ്രവർത്തിക്കുന്നതെന്നും ഏതെല്ലാം സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലാണ് പ്രവർത്തന മേഖലകളെന്നും അറിയിക്കണം. വിവരങ്ങള്‍ വെളിപ്പെടുത്താൻ ഒരു വർഷത്തെ സമയമാണ് അനുവദിച്ചത്.

മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം സന്നദ്ധസംഘടനകള്‍ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ തുടർച്ചയാണ് നടപടി. ഫണ്ടുകള്‍ ശേഖരിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിനു പുറമെ, അവരുടെ രാഷ്ട്രീയ ഇടപെടലുകളെ ലക്ഷ്യംവച്ചാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. വിദേശ ഫണ്ട് സ്വീകരിക്കാൻ രജിസ്ട്രേഷനായി അപേക്ഷിക്കുമ്പോള്‍ തന്നെ സംഘടനകള്‍ പ്രവർത്തന ലക്ഷ്യങ്ങളും സംസ്ഥാനങ്ങളും വ്യക്തമാക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

വിദേശ ഭാരവാഹികള്‍ക്ക് വിലക്ക്
ഇന്ത്യൻ വംശജരല്ലാത്ത വിദേശ പൗരന്മാർ സംഘടനയുടെ പ്രധാന ഭാരവാഹികളായാല്‍ അത്തരം സംഘടനകള്‍ക്ക് വിദേശപണം സ്വീകരിക്കാനുള്ള രജിസ്ട്രേഷനോ മുൻകൂർ അനുമതിയോ നല്‍കില്ല. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ കേന്ദ്ര സർക്കാരിന് ഇളവ് അനുവദിക്കാം.

ഡോണർ അഡൈ്വസ്ഡ് ഫണ്ട് പോലുള്ള ഇടനില സംവിധാനങ്ങളിലൂടെ പണം ലഭിച്ചാലും യഥാർഥ ദാതാവിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണം. വാർഷിക സാമ്പത്തിക റിപ്പോർട്ടിനൊപ്പം വിശദമായ പ്രവർത്തന റിപ്പോർട്ടും സമർപ്പിക്കണം.

ഫീല്‍ഡ് പരിശോധന

നിഷ്ക്രിയമായ സന്നദ്ധ സംഘടനകള്‍ ലൈസൻസുകള്‍ രജിസ്ട്രേഷൻ പുതുക്കാനോ റദ്ദാക്കല്‍ ഒഴിവാക്കാനോ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളില്‍ തെരഞ്ഞെടുത്ത പ്രവർത്തനങ്ങള്‍ക്ക് കുറഞ്ഞത് 10 ലക്ഷം രൂപ വിദേശ ഫണ്ട് ചെലവഴിക്കണം. മുൻകൂർ അനുമതി പ്രകാരം ഫണ്ട് സ്വീകരിക്കുന്ന സംഘടനകള്‍ക്ക് ആദ്യ ഗഡുവിന്റെ 75 ശതമാനം ചെലവഴിച്ചതിനു ശേഷമേ അടുത്ത ഗഡു ലഭിക്കൂ. വിനിയോഗം പരിശോധിക്കാൻ സർക്കാർ ഫീല്‍ഡ് അന്വേഷണം നടത്തും.

ചട്ടങ്ങള്‍ ലംഘിച്ചാല്‍ കനത്ത പിഴ
ഭരണപരമായ ചെലവുകള്‍: ലഭിച്ച വിദേശ സംഭാവനയുടെ 20 ശതമാനത്തില്‍ കൂടുതല്‍ തുക ഭരണപരമായ കാര്യങ്ങള്‍ക്കായി ചെലവഴിച്ചാല്‍ കനത്ത പിഴയൊടുക്കേണ്ടി വരും. ഒരു ലക്ഷം രൂപയോ അല്ലെങ്കില്‍ നിശ്ചിത പരിധിക്കു മുകളില്‍ ചെലവഴിച്ച തുകയുടെ 5 ശതമാനമോ (ഇവയില്‍ ഏതാണോ കൂടുതല്‍ അത്രയും തുക) പിഴയായി ഈടാക്കും.

ഊഹക്കച്ചവട നിക്ഷേപങ്ങള്‍: വിദേശ ഫണ്ട് ഊഹക്കച്ചവട നിക്ഷേപങ്ങളിലേക്ക് വകമാറ്റിയാല്‍ ഒരു ലക്ഷം രൂപയോ നിക്ഷേപിച്ച തുകയുടെ 30 ശതമാനമോ പിഴ ഈടാക്കും. നിക്ഷേപത്തില്‍നിന്ന് ലഭിച്ച മുഴുവൻ വരുമാനവും സർക്കാർ കണ്ടുകെട്ടും.

ലക്ഷ്യംതെറ്റിച്ച്‌ വിനിയോഗം: വിദേശ ഫണ്ട് പ്രഖ്യാപിത ലക്ഷ്യത്തിനല്ലാതെ വകമാറ്റി ഉപയോഗിച്ചാലും രജിസ്ട്രേഷൻ അനുവദിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളില്‍ വിനിയോഗിച്ചാലും 30 ശതമാനം തുകയോ അല്ലെങ്കില്‍ ഒരു ലക്ഷം രൂപയോ (ഏതാണോ കൂടുതല്‍) പിഴ ചുമത്തും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham