Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എന്തുകൊണ്ട് മലപ്പുറത്ത് പുതിയ ജില്ല?; വികസനത്തിന് കരുത്താകും

എന്തുകൊണ്ട് മലപ്പുറത്ത് പുതിയ ജില്ല?; വികസനത്തിന് കരുത്താകും

കേരളം പോലെ ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളില്‍ ഭരണസേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ജനങ്ങളിലെത്തിക്കുന്നതിന് ജില്ലകളുടെയും താലൂക്കുകളുടെയും പുനഃക്രമീകരണം അനിവാര്യമാണ്.

ഒരു ജില്ലയില്‍ ഒരു ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ജനസംഖ്യയേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ ഉള്‍പ്പെടുന്ന സാഹചര്യമാണുള്ളത്. ഇപ്പോള്‍ രണ്ട് ലോക്സഭാ മണ്ഡലങ്ങളും വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗങ്ങളും ഉള്‍പ്പെടുന്നു. ഭരണസംവിധാനത്തിന് എല്ലാ മേഖലയിലേക്കും സേവനങ്ങള്‍ എത്തിക്കുന്നതിന് പരിമിതികളുണ്ട്.
ഇതര സംസ്ഥാനങ്ങളിലെ ജില്ലാ പുനഃസംഘടന പരിശോധിക്കുമ്പോള്‍ കേരളം കൂടുതല്‍ കാലോചിതമായ തീരുമാനങ്ങളിലേക്ക് നീങ്ങേണ്ടതിന്റെ ആവശ്യകത വ്യക്തമാകും. കേരളത്തില്‍ ഒടുവില്‍ രൂപീകരിക്കപ്പെട്ട ജില്ല കാസർകോടാണ്. അതേസമയം, 2014ല്‍ രൂപീകൃതമായ തെലങ്കാനയില്‍ 10 ല്‍ നിന്ന് ജില്ലകളുടെ എണ്ണം 33 ആയി. ആന്ധ്രയിലും ജില്ലകളുടെ എണ്ണം 13ല്‍നിന്ന് 23 ആയി വർധിച്ചു. ഇന്ത്യയിലെ വലിയ ജില്ലയായിരുന്ന താനെ. ഇത് വിഭജിച്ചാണ് പാല്‍ഗർ ജില്ല രൂപീകരിച്ചത്. പാല്‍ഗർ തന്നെ വീണ്ടും വിഭജിച്ച്‌ കല്യാണ്‍ ജില്ല വേണമെന്നതാണ് ആവശ്യം. എന്നാല്‍ കേരളം രൂപീകൃതമായി ഏഴ് പതിറ്റാണ്ടിനോട് അടക്കുമ്പോഴും അഞ്ച് ജില്ലകളാണ് രൂപീകരിക്കാനായത്. മറ്റു സംസ്ഥാനങ്ങള്‍ പുതിയ ജില്ലകള്‍ രൂപീകരിക്കുമ്പോള്‍, കേരളത്തില്‍ ജില്ലകളുടെ പുനഃക്രമീകരണം ഏറെക്കാലമായി മുടങ്ങിക്കിടക്കുകയാണ്.

മലപ്പുറം ജില്ല രൂപീകരിച്ച കാലത്തുതന്നെ ജനസംഖ്യയും ഭൂപ്രകൃതിയും പരിഗണിച്ച്‌ ഭരണപരമായ പുനഃക്രമീകരണം ആവശ്യമായിരുന്നുവെന്ന അഭിപ്രായം ശക്തമാണ്. വലിയ ഭരണസംവിധാനമാണ് മലപ്പുറം ജില്ലയുടേത്.

പുതിയ ജില്ല വരുമ്പോഴുണ്ടാകുന്ന നേട്ടം ഒരു ജില്ല അതിർത്തികളും ജനസാന്ദ്രതയും കൃത്യമായി അടയാളപ്പെടുത്തിയാണ് രൂപീകരിക്കുക. ജില്ലയുടെ സിരാകേന്ദ്രം വരുന്ന സ്ഥലങ്ങളും ചുറ്റുമുള്ള ഭാഗങ്ങളില്‍ മാത്രം വികസനം എത്തുന്ന രീതിയാണ് വലിയ ജില്ലകളില്‍ സംഭവിക്കുന്നത്. അകലെയുള്ള ഗ്രാമങ്ങളിലേക്കും വികസനം എത്തിപ്പെടണം. കേന്ദ്ര ഫണ്ടുകളെല്ലാം ഓരോ ജില്ലകളിലേക്കാണ് നല്‍കുന്നത്. കൂടുതല്‍ ജനങ്ങള്‍ വസിക്കുന്നുവെന്ന് അവിടെ പരിഗണിക്കാറില്ല. വയനാട് ജില്ലയില്‍ ഒരു ലോക്സഭ മണ്ഡലം പൂർണമായി ഉള്‍പ്പെടുന്നില്ല. എന്നാല്‍ മലപ്പുറത്തിനും വയനാടിനും ലഭിക്കുന്നത് തുല്യ കേന്ദ്ര ഫണ്ടുകളാണ്. ഇതോടെ കുറഞ്ഞ ജനങ്ങളുള്ളിടത്ത് കൂടുതല്‍ പേരിലേക്ക് ആനുകൂല്യം എത്തുന്നു. കൂടുതല്‍ ജനങ്ങളുള്ള ജില്ലയില്‍ കുറഞ്ഞ ആളുകളില്‍ പരിമിതപ്പെടുകയാണ്.

സ്കോളർഷിപ്പ് പരീക്ഷ മുതല്‍ പി.എസ്.സി വരെ ഫണ്ടുകളുടെ കാര്യത്തില്‍ മാത്രമല്ല ഈ വിവേചനം. സ്കോളർഷിപ്പ് പരീക്ഷ മുതല്‍ പി.എസ്.സി റാങ്ക്ലിസ്റ്റില്‍ വരെ ഈ വിവേചനമുണ്ടാകും. ജനങ്ങള്‍ കുറഞ്ഞ ജില്ലകളില്‍ എൻ.എം.എസ്.എസ് പരീക്ഷയില്‍ മാർക്ക് കുറവുള്ള ഒരു വിദ്യാർഥി സ്കോളർഷിപ്പിന് അർഹനാകുമ്പോള്‍ മലപ്പുറത്ത് മാർക്ക് കൂടുതല്‍ ലഭിച്ച കുട്ടി സ്കോളർഷിപ്പില്‍ നിന്ന് പുറത്താകുന്നു. പി.എസ്.സി കട്ട്‌ഓഫിലും ഇത് തന്നെയാണ് സ്ഥിതി. പ്ലസ് വണ്‍ സീറ്റ് വിഷയത്തിലും മറിച്ചല്ല സ്ഥിതി.

ജനപ്പെരുപ്പമുള്ള ജില്ലകളില്‍ സാമൂഹ്യക്ഷേമം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ എല്ലാ വിഭാഗങ്ങളിലേക്കും കാര്യക്ഷമമായി എത്തിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. പുതിയ ജില്ല രൂപീകരിക്കുന്നതിലൂടെ ഭരണസംവിധാനവും വകുപ്പുതല പ്രവർത്തനങ്ങളും കൂടുതല്‍ കേന്ദ്രീകൃതവും കാര്യക്ഷമവുമാകും. ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുന്നതിനൊപ്പം അർഹരായ ഗുണഭോക്താക്കളിലേക്ക് സേവനങ്ങളും ക്ഷേമപദ്ധതികളും വേഗത്തില്‍ എത്തിക്കാനും സാധിക്കും.
റവന്യൂ, ജിയോളജി വിഭാഗങ്ങളിലെല്ലാം അപേക്ഷകളും ഫയലുകളും കെട്ടിക്കിടക്കുന്നതും ഒഴിവാക്കാം. വരുമാനം വർധിപ്പിക്കാനാകും. ജില്ലയുടെ തീരദേശ മേഖലയും വനമേഖലയും രണ്ട് അറ്റങ്ങളിലാണ് നില കൊള്ളുന്നത്. ജില്ലാ സിരാകേന്ദ്രത്തില്‍ നിന്നും ഇവിടേക്ക് എത്തണമെങ്കില്‍ തന്നെ ഏറെ പ്രയാസപ്പെടണം.

അഡ്മിനിസ്ട്രേറ്റീവ് ഭാരവും കുറയും ഏറ്റവും ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. 2011സെൻസസ് പ്രകാരം 41.1 ലക്ഷം, ഇപ്പോള്‍ 50 ലക്ഷത്തോളം ജനങ്ങളുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഭാരം കൂടുതലാണ്. ഭരണ സംവിധാനത്തിന് ജില്ലയുടെ വലിപ്പം താങ്ങാൻ കഴിയുന്നില്ല. റവന്യു, താലൂക്ക് ഓഫിസുകള്‍, ജില്ലാതല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നു. ക്ഷേമ ആനുകൂല്യങ്ങള്‍ കിട്ടാൻ താമസം വരുന്നു. ആരോഗ്യം, പൊലിസ്, ദുരന്തനിവാരണം തിരക്കേറിയ ജനസംഖ്യയും പ്രയാസമുള്ള ഭൂപ്രകൃതിയും കാരണം വലിയ സമ്മർദമേറുകയാണ്.

മലപ്പുറം ഭരണ ചട്ടക്കൂടിന് അതീതമായി വളരുമ്പോള്‍ ജില്ലയെ പുനക്രമീകരിക്കല്‍ അത്യാവശ്യമാണ്. ഒരു ജില്ല കൂടി വരുന്നത് നാടിന്റെ ഭൂപടം മാറുക മാത്രമല്ല സർവമേഖലയിലും വികസനമെത്തുകയാണ്. ലഭിക്കുന്നത് രണ്ടാകുമ്പോള്‍ നേട്ടങ്ങള്‍ മുഴുവൻ ജനങ്ങളിലുമെത്തും. പ്രാദേശികമായ വികസനമുണ്ടാകും. ഭൂമിയുടെ ക്രയവിക്രയം ഉയരുന്നതോടെ പുതിയ നഗരങ്ങളുടെ വളർച്ചയാകും.

ജാതി നോക്കിയല്ല ജില്ല രൂപീകരിക്കുന്നത് പുതിയ ജില്ല രൂപീകരിക്കുമ്പോള്‍ അവിടെ വസിക്കുന്ന ഓരോ മനുഷ്യർക്കും ഉപകാരപ്പെടുന്ന രീതിയിലായിരിക്കും. രൂപരേഖ തയാറാക്കണം. ജാതിയുടേയോ, മതത്തിന്റേയോ, രാഷ്ട്രീയത്തിന്റേയോ അതിർവരമ്പിടേണ്ടതില്ല. തെലുങ്കാനയിലും ആന്ധ്രയിലുമൊക്കെ വ്യക്തമായ പ്ലാനിലൂടെ മാത്രമാണ് ജില്ലാ രൂപീകരണം സാധ്യമാക്കിയത്. മലപ്പുറം ജില്ലയിലേക്ക് നോക്കിയാല്‍ ജില്ല പുനക്രമീകരണം അത്യാവശ്യമാണ്.

തയാറാക്കിയത്:
അശ്റഫ് കൊണ്ടോട്ടി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham