കുവൈത്ത് സിറ്റി / മസ്കത്ത് : ഗള്‍ഫ് മേഖലയിലേക്കുള്ള സർവീസുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തി എയർ ഇന്ത്യ എക്സ്പ്രസ് കുവൈത്തിലേക്കും ഒമാനിലെ സലാലയിലേക്കുമുള്ള വിമാന സർവീസുകള്‍ പുനരാരംഭിച്ചു.
ഇതോടെ ഇന്ത്യയെയും പശ്ചിമേഷ്യൻ രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന കമ്പനിയുടെ സർവീസ് ശൃംഖല വീണ്ടും പൂർണതയിലെത്തി.
ഇന്നലെ (ജൂലൈ 2) മുതല്‍ കോഴിക്കോട്–സലാല സർവീസ് പുനരാരംഭിച്ചു. ഇന്ന് മുതല്‍ കോഴിക്കോട്–കുവൈത്ത് സർവീസും വീണ്ടും ആരംഭിച്ചു. നാളെ മുതല്‍ ബെംഗളൂരു–കുവൈത്ത് സർവീസും ആരംഭിക്കും. വരും ദിവസങ്ങളില്‍ കുവൈത്ത് റൂട്ടിലെ സർവീസുകളുടെ എണ്ണം ഘട്ടംഘട്ടമായി വർധിപ്പിക്കുമെന്ന് എയർലൈൻ അറിയിച്ചു.
ഒമാനിലേക്കും തിരിച്ചും രണ്ട് സർവീസ്
സലാല സർവീസ് പുനരാരംഭിച്ചതോടെ ഒമാനില്‍ മസ്കറ്റിനും സലാലയ്ക്കുമായി എയർ ഇന്ത്യ എക്സ്പ്രസ് ഇപ്പോള്‍ സർവീസ് നടത്തുന്നുണ്ട്. ഇന്ന് മുതല്‍ മസ്കറ്റ്–മംഗളൂരു സർവീസും പുനഃസ്ഥാപിച്ചു. നിലവില്‍ മസ്കറ്റില്‍ നിന്ന് ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്ക് ആഴ്ചയില്‍ ഏകദേശം 40 സർവീസുകളാണ് കമ്പനി നടത്തുന്നത്.
കുവൈത്തിലേക്കും തിരിച്ചുമുള്ള എല്ലാ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനല്‍ 4 വഴിയായിരിക്കും സർവീസ് നടത്തുക.
ഗള്‍ഫിലെ 13 ലക്ഷ്യങ്ങളിലേക്ക് സർവീസ്
ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലായി ആകെ 13 കേന്ദ്രങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകള്‍. ഇന്ത്യയിലെ 18 നഗരങ്ങളെ പശ്ചിമേഷ്യയുമായി ബന്ധിപ്പിച്ച് ആഴ്ചയില്‍ ഏകദേശം 780 സർവീസുകളാണ് കമ്പനി നടത്തുന്നത്.
അടുത്തിടെ നവി മുംബൈ–അബുദാബി, ഗുവാഹത്തി–അബുദാബി, ഗുവാഹത്തി–ദുബായ്, ബെംഗളൂരു–ഫുക്കറ്റ്, പൂനെ–അമൃത്സർ എന്നീ പുതിയ റൂട്ടുകളും എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിച്ചിരുന്നു.
കോഴിക്കോട്ടുനിന്ന് 13 കേന്ദ്രങ്ങളിലേക്ക് ആഴ്ചയില്‍ 85 സർവീസുകള്‍
നിലവില്‍ ബെംഗളൂരുവില്‍ നിന്ന് 30 ആഭ്യന്തര, ഏഴ് അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്കായി ആഴ്ചയില്‍ ഏകദേശം 415 സർവീസുകളും, കോഴിക്കോട്ടുനിന്ന് പശ്ചിമേഷ്യയിലെ 13 കേന്ദ്രങ്ങളിലേക്ക് ആഴ്ചയില്‍ 85 ഓളം സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നുണ്ട്. 100-ലധികം ബോയിങ് 737, എയർബസ് A320 വിമാനങ്ങള്‍ ഉള്‍പ്പെടുന്ന വിമാനനിരയുമായി പ്രതിദിനം 500-ലധികം സർവീസുകളാണ് കമ്പനി ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്ക് നടത്തുന്നത്.
English Summary: Air India Express has resumed flights to Kuwait and Salalah, restoring its full West Asia network. Kozhikode–Salalah services restarted on July 2, Kozhikode–Kuwait on July 3, and Bengaluru–Kuwait will begin on July 4. The airline now operates around 780 weekly flights connecting 18 Indian cities with 13 destinations across the Gulf region and continues expanding its India–West Asia network.

