Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗസ്സ വംശഹത്യ: ഇസ്റഈല്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യാനിരക്ക് 15 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

ഗസ്സ വംശഹത്യ: ഇസ്റഈല്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യാനിരക്ക് 15 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

ജറുസലേം: ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്റഈല്‍ പ്രതിരോധ സേനയില്‍ (IDF) സൈനികർക്കിടയിലുള്ള ആത്മഹത്യാനിരക്ക് വർധിക്കുന്നതായി റിപ്പോർട്ട്.

തെല്‍ അവീവിലെ വസതിയില്‍ ഞായറാഴ്ച ഒരു സൈനികൻകൂടി ജീവനൊടുക്കിയതോടെ, ഈ വർഷം മാത്രം സർവീസിലിരിക്കെ ആത്മഹത്യ ചെയ്ത സൈനികരുടെ എണ്ണം 21 ആയി ഉയർന്നു. പ്രമുഖ ഇസ്റഈലി ദിനപത്രമായ 'ഹാരെറ്റ്സ്' ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

എന്നാല്‍, യഥാർത്ഥ കണക്കുകള്‍ ഇതിലും ഭീകരമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. സജീവ സർവീസിലില്ലാത്ത റിസർവ് സൈനികരുടെ വിവരങ്ങള്‍ ഐ.ഡി.എഫ്. ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുത്താറില്ല. യുദ്ധമുഖത്ത് സേവനമനുഷ്ഠിച്ച ശേഷം നിലവില്‍ സർവീസില്‍ ഇല്ലാത്തവരില്‍ 16 പേരെങ്കിലും ഈ വർഷം മാത്രം ജീവനൊടുക്കിയിട്ടുണ്ട്.

2023 ഒക്ടോബർ ഏഴിന് ഹമാസ് - ഇസ്റഈല്‍ യുദ്ധം ആരംഭിച്ചതിനു പിന്നാലെയാണ് സൈന്യത്തിലെ ആത്മഹത്യകള്‍ കുത്തനെ കൂടിയത്.

2023 (ഒക്ടോബർ 7-ന് ശേഷം): 7 പേർ

2024: 21 പേർ

2025: 22 പേർ (കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്)

2026 (ഇതുവരെ): 21 പേർ

സൈനികരടക്കം പതിനായിരക്കണക്കിന് ആളുകളെ ദീർഘകാലത്തേക്ക് യുദ്ധമുഖത്തേക്ക് തിരിച്ചുവിളിച്ചതും, അവിടെ നേരിടേണ്ടിവരുന്ന സംഘർഷഭരിതമായ സാഹചര്യങ്ങളുമാണ് ഇസ്റഈലി സൈനികരെ മാനസിക തകർച്ചയിലേക്ക് നയിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ സമ്മതിക്കുന്നു. വ്യക്തിപരമായ കാരണങ്ങളേക്കാള്‍ ഉപരി, യുദ്ധമുഖത്തെ ഭീകരമായ അനുഭവങ്ങള്‍ നേരില്‍ക്കണ്ടവരാണ് ജീവനൊടുക്കിയവരില്‍ ഭൂരിഭാഗവും.

യുദ്ധരംഗത്തെ ദാരുണമായ കാഴ്ചകളും സാധാരണക്കാർ കൊല്ലപ്പെടുന്നതും നേരില്‍ കാണേണ്ടി വരുന്നത് സൈനികരില്‍ കടുത്ത മാനസിക പ്രതിസന്ധിക്കും മാനസിക സംഘർഷത്തിനും കാരണമാകുന്നുണ്ടെന്ന് മനഃശാസ്ത്ര വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഗസ്സയില്‍ ബുള്‍ഡോസർ ഓപ്പറേറ്ററായി സേവനമനുഷ്ഠിച്ച ശേഷം ജീവനൊടുക്കിയ എലിരാൻ മിസ്രാഹിയെപ്പോലെയുള്ളവരുടെ അനുഭവങ്ങള്‍ ഇതിന് ഉദാഹരണമാണ്. യുദ്ധമുഖത്ത് ചെയ്യേണ്ടി വന്ന കാര്യങ്ങളെക്കുറിച്ചുള്ള കടുത്ത കുറ്റബോധം സൈനികരെ മാനസികമായി ഒറ്റപ്പെടുത്തുകയും കടുത്ത വിഷാദത്തിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുന്നത്.

israeli military suicide rates have hit a 15-year high amid the ongoing gaza genocide, raising serious concerns over soldier mental health.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham