ബെംഗളൂരു: വി.ഐ.പി വാഹന വ്യൂഹത്തിനായി റോഡ് അടച്ചതിന് പിന്നാലെ ഗർഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വെെകിയതില്‍ നടുറോഡില്‍ യുവാവിന്റെ പ്രതിഷേധം.
ബെംഗളൂരുവിലെ ഓള്‍ഡ് എയർപോർട്ട് റോഡിലാണ് സംഭവം. അടിയന്തര സാഹചര്യമുണ്ടായിട്ടും വാഹനം തടഞ്ഞിട്ടതോടെ യുവാവ് നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ഓള്‍ഡ് എയർപോർട്ട് റോഡ് കർണാടക ഗവർണറുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനായാണ് പൊലിസ് തടഞ്ഞത്. ഇതോടെ യുവാവും ഭാര്യയും അരമണിക്കൂറോളം ട്രാഫിക്കില്‍ കുടുങ്ങിക്കിടുന്നു. ഭാര്യയെ ആശുപത്രിയിലെത്തിക്കേണ്ട അടിയന്തര സാഹചര്യമുണ്ടായിരുന്നിട്ടും വാഹനം നീങ്ങാനാകാതെ വന്നതോടെയാണ് യുവാവ് കാറില്‍ നിന്നിറങ്ങി റോഡില്‍ ഇരുന്ന് പ്രതിഷേധിച്ചത്.
അടിപ്പാത നിർമ്മാണം നടക്കുന്നതിനാല്‍ സാധാരണ ദിവസങ്ങളിലും മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതിനിടെയാണ് ഞായറാഴ്ച ഉച്ചയോടെ ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഏകദേശം 30 മിനിറ്റോളം പൊലിസ് റോഡ് അടച്ചത്.
ഭാര്യ കാറിനുള്ളില്‍ കുടുങ്ങിയതും അടിയന്തരമായി ആശുപത്രിയിലെത്താൻ കഴിയാതിരുന്നതുമാണ് യുവാവിനെ പ്രതിഷേധത്തിലേക്ക് നയിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വി.ഐ.പി യാത്രകള്‍ക്കായി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതിനെതിരേ വലിയ വിമർശനമാണ് ഉയരുന്നത്.
young man protested on the road after traffic restrictions imposed for a VIP convoy caused a delay in getting his pregnant wife to the hospital."

