മലപ്പുറം: സംസ്ഥാനത്തെ കുടുംബശ്രീക്ക് കീഴില്‍ അമൃതം ന്യൂട്രിമിക്സ് ഉല്‍പ്പാദിപ്പിച്ച് ഉപജീവനം നടത്തുന്ന 3,500ഓളം വനിതകള്‍ കടുത്ത പ്രതിസന്ധിയില്‍.
സർക്കാർ സംവിധാനത്തിലൂടെ ലഭിക്കേണ്ട ഗോതമ്പ് ലഭിക്കാത്തതും എട്ട് വർഷമായി ഉത്പ്പന്നത്തിന്റെ വില വർധിപ്പിക്കാത്തതുമാണ് യൂനിറ്റുകളെ പ്രതിസന്ധിയിലാക്കുന്നത്.
വിവിധ ജില്ലകളിലെ യൂനിറ്റുകള്‍ എഫ്.സി.ഐ ഗോതമ്പിനുള്ള തുക അടച്ചിട്ടും ഗോതമ്പ് എടുക്കാനുള്ള ഉത്തരവ് ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് പരാതി. സംസ്ഥാന കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഒപ്പിടാത്തതാണ് കാരണം എന്ന് യൂണിറ്റ് പ്രവർത്തകർ പറയുന്നു. ഉത്തരവ് വൈകുന്നതോടെ സംസ്ഥാന മിഷനില്‍ നിന്ന് ജില്ലാ മിഷനുകളിലേക്ക് ഗോതമ്പ് വിതരണത്തിനുള്ള അനുമതിയും വൈകുന്നു. ഇതോടെ പല യൂനിറ്റുകളും പുറത്തു നിന്ന് ഉയർന്ന വിലയ്ക്ക് ഗോതമ്പ് വാങ്ങാൻ നിർബന്ധിതരാവുകയാണ്. ഇത് ഉല്‍പ്പാദനച്ചെലവ് കൂട്ടുകയും വനിതകളുടെ ദിവസവരുമാനം ഇല്ലാതാക്കുകയും ചെയ്യുന്നു.
2017ലാണ് അവസാനമായി അമൃതം ന്യൂട്രിമിക്സിന്റെ വില വർധിപ്പിച്ചത്. അതിനു ശേഷം ഗോതമ്പ്, പഞ്ചസാര, എണ്ണ, പാക്കിങ്, വൈദ്യുതി, കൂലി എന്നിവയുടെ ചെലവ് ഇരട്ടിയായിട്ടും വില പുനഃപരിശോധിച്ചിട്ടില്ലെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അങ്കണവാടികള്‍ വഴി കുഞ്ഞുങ്ങള്‍ക്കും ഗർഭിണികള്‍ക്കും നല്‍കുന്ന പോഷകാഹാര ഉല്‍പ്പന്നത്തിന്റെ ഉല്‍പ്പാദനം മുടങ്ങിയാല്‍ പൊതു പോഷകാഹാര പദ്ധതി അനിശ്ചിതത്വത്തിലാകും. ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനത്തെയും ഇത് ബാധിക്കും.
എഫ്.സി.ഐ ഗൗഡൗണില്‍ നിന്ന് ഗോതമ്പ് എടുക്കാനുള്ള ഉത്തരവില്‍ എക്സിക്യൂട്ടീവ് ഡയറക്ടർ അടിയന്തരമായി ഒപ്പിട്ട് ജില്ലകള്‍ക്ക് അയക്കണമെന്ന് സംസ്ഥാന കുടുംബശ്രീ അമൃതം ന്യൂട്രിമിക്സ് കണ്‍സഷൻ പ്രസിഡന്റ് ടി.കെ ഷരീഫ മലപ്പുറം പറഞ്ഞു.

