ദുബൈ: അന്താരാഷ്ട്ര തലത്തില്‍ ഏറെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കില്‍ വെച്ച് യുഎഇ ദേശീയ ടാങ്കറിന് നേരെ ഇറാൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം.
യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്നോക്കുമായി (ADNOC) ബന്ധമുള്ള കപ്പലിനെ ലക്ഷ്യമിട്ടാണ് രണ്ട് ഇറാനിയൻ ഡ്രോണുകള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ആർക്കും പരുക്കേല്‍ക്കുകയോ കപ്പലിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ല എന്നാണ് പ്രാഥമിക വിവരങ്ങള്‍.
യുഎൻ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817-ന്റെ നഗ്നമായ ലംഘനമാണ് ഇറാന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) പ്രസ്താവനയിലൂടെ വ്യക്തമാക്കി. അന്താരാഷ്ട്ര കപ്പല്‍ ഗതാഗത സ്വാതന്ത്ര്യത്തിന് മേലുള്ള വെല്ലുവിളിയായാണ് ഇതിനെ രാജ്യം കാണുന്നത്. വാണിജ്യ കപ്പലുകളെ ലക്ഷ്യം വയ്ക്കുന്നതും പ്രധാന സമുദ്ര പാതകള്‍ തടസ്സപ്പെടുത്തുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഹോർമുസ് കടലിടുക്കിനെ സാമ്പത്തിക ബ്ലാക്ക്മെയിലിനുള്ള ഉപകരണമായി മാറ്റാൻ ഇറാൻ ശ്രമിക്കുകയാണെന്ന് യുഎഇ കുറ്റപ്പെടുത്തി. ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് നടത്തുന്നത് സമുദ്ര മേഖലയിലെ 'കടല്‍ക്കൊള്ള'യ്ക്ക് തുല്യമാണെന്നും ഇത് ആഗോള ഊർജ്ജ സുരക്ഷയ്ക്കും മേഖലയുടെ സമാധാനപരമായ നിലനില്‍പ്പിനും വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും ആഗോള സമ്പദ്വ്യവസ്ഥയുടെ സ്ഥിരത നിലനിർത്തുന്നതിനുമായി ഇറാൻ ഇത്തരം പ്രകോപനപരമായ നടപടികള്‍ ഉടനടി അവസാനിപ്പിക്കണം. എല്ലാവിധ ശത്രുതകളും വെടിഞ്ഞ് ഹോർമുസ് കടലിടുക്ക് നിരുപാധികം ഗതാഗതത്തിനായി തുറന്നുനല്‍കണമെന്നും യുഎഇ ഇറാന് കർശന നിർദ്ദേശം നല്‍കി.
iran launched a drone attack on a uae tanker in the strait of hormuz, prompting strong condemnation from the uae foreign ministry amid rising regional tensions.

