ന്യൂഡല്ഹി: 20 ശതമാനം എഥനോള് കലര്ത്തിയ ഇ20 ഇന്ധനം ഉപയോഗിക്കുന്നതില് പെട്രോള് വാഹന ഉടമകള്ക്കിടയില് പരക്കേ അതൃപ്തിയെന്ന് സര്വേ.
ഇ20 പെട്രോള് രാജ്യത്ത് പൂര്ണമായും ലഭ്യമാക്കി ഒരു വര്ഷം പിന്നിടുമ്പോള് പഴയ വാഹനങ്ങള് ഓടിക്കുന്നവര്ക്കിടയില് നടത്തിയ സര്വേയിലാണ് പദ്ധതിക്കെതിരേ വാഹന ഉടമകളുടെ അതൃപ്തി വര്ധിക്കുന്നതായി കണ്ടെത്തിയത്.
'ലോക്കല് സര്ക്കിള്സ്' എന്ന ഏജൻസി നടത്തിയ സര്വേ പ്രകാരം ഇ20 പെട്രോള് നടപ്പാക്കിയ കേന്ദ്ര സര്ക്കാർ നടപടിയെ 53 ശതമാനം വാഹന ഉടമകളും പരാജയം അല്ലെങ്കില് ഫലപ്രദമല്ല എന്നാണ് വിലയിരുത്തിയത്.22,567 പേരെ പങ്കെടുപ്പിച്ച് നടത്തിയ സര്വേയില് 42 ശതമാനം പേര് പദ്ധതി തീര്ത്തും പരാജയമെന്ന് അഭിപ്രായപ്പെട്ടു. അതേസമയം 13 ശതമാനം പേര് മാത്രമാണ് സര്ക്കാരിന്റെ നടപടിയെ അനുകൂലമായി വിലയിരുത്തിയത്. 2023ന് മുമ്പ് നിർമിച്ച പെട്രോള് വാഹനങ്ങളുടെ ഉടമകളില് 66 ശതമാനം പേരും ഇ 20 ഇന്ധനത്തിലേക്ക് മാറിയ ശേഷം വാഹനത്തിന്റെ മൈലേജ് 10 ശതമാനത്തിലധികം കുറഞ്ഞതായി പരാതിപ്പെട്ടു.
ഒരു മാസം മുമ്പ് നടത്തിയ സമാന സര്വേയില് മൈലേജിനെക്കുറിച്ച് പരാതി ഉന്നയിച്ചത് 45 ശതമാനമായിരുന്നു. 45 ശതമാനം പേര് എന്ജിന് തേയ്മാനം, പരിപാലന ചെലവ്, റിപ്പയര് ചെലവ് എന്നിവ വര്ധിച്ചതായും അഭിപ്രായപ്പെട്ടു. സര്വേയില് പങ്കെടുത്തവരില് 31 ശതമാനം പേര്, കൂടുതല് വില നല്കിയാലും എഥനോള്‍ ഇല്ലാത്തതോ അല്ലെങ്കില് 10 ശതമാനം എഥനോളുമായി നേരത്തെയുണ്ടായിരുന്ന ഇ10 പെട്രോളോ വീണ്ടും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. പഴയ വാഹനങ്ങള്ക്ക് ഇ20 ഇന്ധനം അനുയോജ്യമല്ലെന്ന ആശങ്കയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ഇ20 പെട്രോളിന്റെ കാര്യത്തില് കേന്ദ്ര സര്ക്കാര് നിലപാട് മാറ്റിയിട്ടില്ല. ഇ20 മൂലമുള്ള ഇന്ധനക്ഷമതയിലെ കുറവ് വളരെ ചെറുതാണെന്നും ഇതുസംബന്ധിച്ച പല വിമര്ശനങ്ങളും അടിസ്ഥാനരഹിതമാണെന്നുമാണ് കഴിഞ്ഞദിവസം കേന്ദ്ര പെട്രോളിയം മന്ത്രി ഹര്ദീപ് സിങ് പുരി പറഞ്ഞത്.

