തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങവെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില് ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
പൊലിസ് മേധാവിയെ ആഭ്യന്തര മന്ത്രി വിളിപ്പിച്ചു. ഡി.ജി.പി മന്ത്രിക്ക് വിശദീകരണം നല്കും.
ഇഡി റെയ്ഡിനിടെ ഉണ്ടായ സംഘര്ഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 300 പേര്ക്കെതിരെയാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടര് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികള് മാരകായുധങ്ങളുമായി സംഘം ചേര്ന്ന് ഇഡി ഉദ്യോഗസ്ഥര് സഞ്ചരിച്ച വാഹനങ്ങള് ആക്രമിച്ചതായി എഫ.്‌ഐ.ആറില് പറയുന്നു. ''കൊല്ലെടാ'' എന്ന് ആക്രോശിച്ച് ആക്രമണം നടത്തിയ സംഘം വടികള് ഉപയോഗിച്ച് ഇഡി ഉദ്യോഗസ്ഥനെ പരുക്കേല്പ്പിക്കുകയും കാര് ഡ്രൈവറെ ഇഷ്ടിക കൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താന് ശ്രമിക്കുകയും ചെയ്തതായി പരാതിയില് വ്യക്തമാക്കുന്നു.
സംഭവം തടയാന് ശ്രമിച്ച പൊലിസ്, സി.ആര്.പി.എഫ് ഉദ്യോഗസ്ഥര്ക്കുനേരെയും വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമണമുണ്ടായതായി എഫ്.ഐ.ആറില് പരാമര്ശമുണ്ട്. ഇഡി സെര്ച്ച് ടീമും സി.ആര്.പി.എഫ് ഉദ്യോഗസ്ഥരും സഞ്ചരിച്ച മൂന്ന് വാഹനങ്ങളാണ് ആക്രമണത്തില് തകര്ന്നത്.
തിരുവനന്തപുരത്ത് നടന്ന ആക്രമണം ആസൂത്രിതമാണെന്നാണ് ഇഡിയുടെ വിലയിരുത്തല്. യാതൊരു പ്രകോപനവുമില്ലാതെ ഇരുമ്പ് ദണ്ഡുകളും ഇഷ്ടികകളും ഉപയോഗിച്ച് വാഹനങ്ങള് ആക്രമിച്ചതും ചിലര് മുന്കൂട്ടി ഗൂഢാലോചന നടത്തിയതായും ഇഡി ആരോപിക്കുന്നു. ആക്രമണം സ്വാഭാവിക പ്രതികരണമല്ലെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.

