മുംബൈ: ഇനി മൊബൈല് ഫോണ് റീചാര്ജ് ചെയ്യാന് കൂടുതല് പണം നല്കേണ്ടിവരും. രാജ്യത്തെ ടെലികോം കമ്പനികള് റീചാര്ജ് പ്ലാനുകളുടെ നിരക്കുകള് കുത്തനെ കൂട്ടാന് ഒരുങ്ങുന്നതായി റിപ്പോര്ട്ടുകള്.
റിലയന്സ് ജിയോ,ഭാരതി എയര്ടെല്, വോഡഫോണ് ഐഡിയ എന്നിവരാണ് നിരക്ക് കൂട്ടാനൊരുങ്ങുന്നത്. പരമാവധി 15 ശതമാനം വര്ധനവുണ്ടായേക്കുമെന്നാണ് റിപ്പോര്ട്ടുകള്.
28 ദിവസത്തെ പ്ലാനിന് നിലവില് 349 രൂപയാണ് നല്കുന്നതെങ്കില് അത് 389 രൂപയായി ഉയരും. 899 രൂപയുടെ പാക്കിന് 1,007 രൂപയായും 3599 രൂപയുടെ പാക്കിന് 4,031 രൂപയും നല്കേണ്ടി വരും. കഴിഞ്ഞ മാസം തന്നെ ഇതുസംബന്ധിച്ച ചില റിപ്പോര്ട്ടുകള് പുറത്തുവന്നിരുന്നു.
5G സേവനങ്ങളുടെ വ്യാപനം, ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം (ARPU) വർധിപ്പിക്കാനുള്ള കമ്പനികളുടെ ശ്രമം, നിലവിലെ വിപണി സാഹചര്യം എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. അതിവേഗ 5G നെറ്റ്വർക്ക് രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിനും കൂടുതല്‍ പ്രദേശങ്ങളിലേക്ക് സേവനം എത്തിക്കുന്നതിനുമായി ടെലികോം കമ്പനികള്‍ വൻതോതില്‍ നിക്ഷേപം തുടരുകയാണ്. ഈ നിക്ഷേപച്ചെലവ് തിരിച്ചുപിടിക്കുന്നതിനും ഭാവിയിലെ വികസന പ്രവർത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുമായി സേവന നിരക്കുകള്‍ വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.
അതേസമയം വിപണിയിലെ മത്സരം കുറഞ്ഞ സാഹചര്യത്തില്‍ ഇടയ്ക്കിടെ നിരക്കുകളില്‍ മാറ്റം വരുത്താൻ കമ്പനികള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
നിരക്ക് വർധന നടപ്പിലായാല്‍ ജനപ്രിയമായ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വില ഏകദേശം 12 മുതല്‍ 15 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇതോടെ ഉപഭോക്താക്കളുടെ പ്രതിമാസ മൊബൈല്‍ ചെലവിലും വർധനയുണ്ടാകാം.
എന്നിരുന്നാലും, ഈ നിരക്ക് വർധന സംബന്ധിച്ച് ടെലികോം കമ്പനികള്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. നിലവില്‍ പുറത്തുവന്ന വിവരങ്ങള്‍ വിദഗ്ധരുടെ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാല്‍, കമ്പനികളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമേ പുതിയ നിരക്കുകളെക്കുറിച്ച് വ്യക്തത ലഭിക്കൂ.

