വാഷിംഗ്ടണ്‍: ഇറാനുമായുള്ള സൈനിക നീക്കങ്ങള്‍ ഔദ്യോഗികമായി 'അവസാനിച്ചു' എന്ന് പ്രഖ്യാപിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസ് കോണ്‍ഗ്രസിന് കത്തയച്ചു.
ഫെബ്രുവരി 28-ന് ആരംഭിച്ച്, ഏപ്രില്‍ 7 മുതല്‍ വെടിനിർത്തലില്‍ തുടരുന്ന പോരാട്ടം പൂർണ്ണമായും അവസാനിച്ചതായാണ് ട്രംപ് വ്യക്തമാക്കിയത്. ഇതോടെ, യുദ്ധം തുടരുന്നതിനായി പാർലമെന്റിന്റെ (കോണ്‍ഗ്രസ്) പ്രത്യേക അനുമതി തേടേണ്ടിയിരുന്ന മെയ് 1 എന്ന നിർണ്ണായക സമയപരിധി ട്രംപ് ഭരണകൂടം മറികടന്നു.
നിയമപരമായ കടമ്പയും 'വാർ പവേഴ്സ് റെസല്യൂഷനും'
1973-ലെ 'വാർ പവേഴ്സ് റെസല്യൂഷൻ' പ്രകാരം, ഒരു വിദേശ രാജ്യവുമായി 60 ദിവസത്തിലധികം യുദ്ധം തുടരണമെങ്കില്‍ ജനപ്രതിനിധി സഭയുടെ അംഗീകാരം നിർബന്ധമാണ്. ഈ കാലാവധി അവസാനിക്കാൻ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ച് ട്രംപ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയത്. ഹൗസ് സ്പീക്കർ മൈക്ക് ജോണ്‍സന് അയച്ച കത്തില്‍, ഏപ്രില്‍ 7-ന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിന്റെ കടുത്ത വിയോജിപ്പ്
ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ഡെമോക്രാറ്റുകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പ്രസിഡന്റ് ഒളിച്ചോടുകയാണെന്ന് അവർ ആരോപിക്കുന്നു.
ഇറാനിലെ തുറമുഖങ്ങളില്‍ അമേരിക്കൻ നാവികസേന ഇപ്പോഴും ഉപരോധം തുടരുന്നത് യുദ്ധത്തിന്റെ ഭാഗമാണെന്ന് സെനറ്റർ ടിം കെയ്ൻ വാദിച്ചു."ഭരണഘടനയില്‍ യുദ്ധം താല്‍ക്കാലികമായി നിർത്താൻ 'പോസ്' (Pause) ബട്ടണ്‍ ഇല്ല" എന്ന് ഡെമോക്രാറ്റിക് നേതാക്കള്‍ പരിഹസിച്ചു.
ആശങ്ക വിട്ടുമാറാതെ പശ്ചിമേഷ്യ
യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചെങ്കിലും പശ്ചിമേഷ്യയില്‍ ഇപ്പോഴും 50,000-ത്തിലധികം യുഎസ് സൈനികർ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ട്രംപ് കത്തില്‍ സമ്മതിച്ചു. ഇറാനില്‍ നിന്നുള്ള ഭീഷണി പൂർണ്ണമായും മാറിയിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കം നിലനില്‍ക്കുന്നതും സൈനിക സാന്നിധ്യം തുടരുന്നതും രാജ്യാന്തര വിപണിയില്‍ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളും ട്രംപിന്റെ പെട്ടെന്നുള്ള ഈ പ്രഖ്യാപനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

