Dailyhunt
ഇറാനില്‍ അതീവ ജാഗ്രത; 48 മണിക്കൂര്‍ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാര്‍ക്ക് എംബസിയുടെ കര്‍ശന നിര്‍ദ്ദേശം

ഇറാനില്‍ അതീവ ജാഗ്രത; 48 മണിക്കൂര്‍ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാര്‍ക്ക് എംബസിയുടെ കര്‍ശന നിര്‍ദ്ദേശം

തെഹ്റാൻ: ഇറാൻ-അമേരിക്ക സംഘർഷം ശക്തമാകുന്ന സാഹചര്യത്തില്‍ രാജ്യത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നല്‍കി ഇന്ത്യൻ എംബസി.

വരും മണിക്കൂറുകളില്‍ ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൗരന്മാർ സുരക്ഷയ്ക്ക് മുൻഗണന നല്‍കണമെന്നും കുറഞ്ഞത് 48 മണിക്കൂർ സുരക്ഷിതമായ ഇടങ്ങളില്‍ തന്നെ തുടരണമെന്നും എംബസി അറിയിച്ചു.

പ്രധാന നിർദ്ദേശങ്ങള്‍

അനാവശ്യമായ എല്ലാ യാത്രകളും ഒഴിവാക്കണം. സൈനിക കേന്ദ്രങ്ങള്‍, വൈദ്യുത നിലയങ്ങള്‍ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലേക്ക് യാതൊരു കാരണവശാലും പോകരുത്.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബഹുനില കെട്ടിടങ്ങളുടെ മുകളിലത്തെ നിലകളില്‍ താമസിക്കുന്നത് ഒഴിവാക്കണം. താഴത്തെ നിലകളിലേക്ക് താമസം മാറ്റാനാണ് നിർദ്ദേശം.

ഇറാനിലെ ഇന്ത്യൻ എംബസിയുമായി പൗരന്മാർ നിരന്തരം സമ്പർക്കം പുലർത്തണം. എംബസി നേരിട്ട് ഒരുക്കിയ ഹോട്ടലുകളില്‍ താമസിക്കുന്നവർ അവിടെത്തന്നെ തുടരാൻ ശ്രദ്ധിക്കണം.

ട്രംപിന്റെ അന്ത്യശാസനം; ആശങ്കയില്‍ മേഖല

താല്‍ക്കാലിക വെടിനിർത്തല്‍ നിർദ്ദേശം ഇറാൻ തള്ളിയതോടെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാന്റെ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ട്രംപ് നല്‍കിയ അന്ത്യശാസനത്തിന്റെ സമയപരിധി ഇന്ന് രാത്രിയോടെ അവസാനിക്കുകയാണ്.

അതേസമയം, ചർച്ചകളില്‍ പുരോഗതിയുണ്ടെങ്കില്‍ സമയപരിധി നീട്ടാൻ തയ്യാറാണെന്ന് ട്രംപ് അറിയിച്ചിട്ടുണ്ടെങ്കിലും, ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇറാനിലെ ആയിരക്കണക്കിന് വരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ എംബസി അടിയന്തര ഇടപെടല്‍ നടത്തുന്നത്.

The Indian Embassy in Tehran has issued an urgent advisory for Indian nationals in Iran to remain indoors and stay put for the next 48 hours.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham