Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇരട്ട ഗോളില്‍ ബ്രസീലിയൻ ഇതിഹാസത്തെ വീഴ്ത്തി ഇംഗ്ലീഷ് നായകൻ;  ചരിത്രത്തില്‍ ആറാം തമ്പുരാനായി ഹാരി കെയ്ൻ!

ഇരട്ട ഗോളില്‍ ബ്രസീലിയൻ ഇതിഹാസത്തെ വീഴ്ത്തി ഇംഗ്ലീഷ് നായകൻ; ചരിത്രത്തില്‍ ആറാം തമ്പുരാനായി ഹാരി കെയ്ൻ!

അറ്റ്ലാന്റ: ഫിഫ ലോകകപ്പിന്റെ ആവേശപ്പോരാട്ടത്തില്‍ ഡി.ആർ. കോംഗോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകർത്ത് കരുത്തരായ ഇംഗ്ലണ്ട് പ്രീ ക്വാർട്ടറില്‍ പ്രവേശിച്ചു.

അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തുടക്കത്തില്‍ ഒരു ഗോളിന് പിന്നില്‍ പോയ ശേഷമാണ് ത്രീ ലയണ്‍സ് ഉഗ്രൻ തിരിച്ചുവരവ് നടത്തിയത്. അവസാന 15 മിനിറ്റില്‍ ഇരട്ട ഗോളുകളോടെ ടീമിനെ രക്ഷിച്ച നായകൻ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പി.

ഈ ഇരട്ട ഗോളുകളോടെ ബ്രസീല്‍ ഇതിഹാസം പെലെയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഹാരി കെയ്ൻ പുതിയ ചരിത്രമെഴുതി.

ഞെട്ടിച്ച്‌ കോംഗോ; രക്ഷകനായി കെയ്ൻ

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് ഏഴാം മിനിറ്റില്‍ ബ്രയാൻ സിപെംഗയിലൂടെ ഡി.ആർ. കോംഗോ ലീഡ് എടുത്തിരുന്നു. ഈ അപ്രതീക്ഷിത ഷോക്കില്‍ നിന്ന് കരകയറാൻ ഇംഗ്ലണ്ടിന് രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങള്‍ വരെ കാത്തിരിക്കേണ്ടി വന്നു. തകർപ്പൻ ഫോമിലുള്ള കോംഗോ ഗോള്‍കീപ്പർ ലയണല്‍ എംപാസിയുടെ വൻമതില്‍ ഭേദിക്കാൻ ഇംഗ്ലീഷ് നിര പാടുപെട്ടു.

എന്നാല്‍ 75-ാം മിനിറ്റില്‍ ആന്റണി ഗോർഡന്റെ അസിസ്റ്റില്‍ നിന്ന് ഹാരി കെയ്ൻ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു. തുടർന്ന് 86-ാം മിനിറ്റില്‍ ഗോർഡന്റെ തന്നെ പാസില്‍ നിന്ന് കെയ്ൻ തന്റെ രണ്ടാം ഗോളും നേടി ഇംഗ്ലണ്ടിന്റെ പ്രീ ക്വാർട്ടർ ടിക്കറ്റ് ഉറപ്പിച്ചു. 1966-ന് ശേഷം ആദ്യമായാണ് ലോകകപ്പ് നോക്കൗട്ടില്‍ ആദ്യ ഗോള്‍ വഴങ്ങിയ ശേഷം ഇംഗ്ലണ്ട് ഒരു മത്സരം ജയിക്കുന്നത്.

പെലെയെ മറികടന്ന് ആറാം സ്ഥാനത്തേക്ക്

ഈ മത്സരത്തിലെ രണ്ട് ഗോളുകളോടെ ലോകകപ്പില്‍ ഹാരി കെയ്ന്റെ ആകെ ഗോള്‍ നേട്ടം 13 ആയി ഉയർന്നു. 14 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകള്‍ നേടിയ ബ്രസീല്‍ ഇതിഹാസം പെലെയെയാണ് കെയ്ൻ പിന്നിലാക്കിയത്. ഇതോടെ ലോകകപ്പ് ചരിത്രത്തിലെ ഗോള്‍വേട്ടക്കാരില്‍ ഫ്രഞ്ച് താരം ജസ്റ്റ് ഫോണ്ടൈനൊപ്പം ആറാം സ്ഥാനത്ത് എത്താനും ഇംഗ്ലണ്ട് നായകനായി. 15 മത്സരങ്ങളില്‍ നിന്നാണ് കെയ്ൻ ഈ നേട്ടം സ്വന്തമാക്കിയത്.

ഫിഫ ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാർ:

  • താരം-രാജ്യം-മത്സരങ്ങള്‍-ഗോളുകള്‍-
  1. ലയണല്‍ മെസ്സി-അർജന്റീന-29-19
  2. കിലിയൻ എംബാപ്പെ-ഫ്രാൻസ്-18-18
  3. മിറോസ്ലാവ് ക്ലോസെ-ജർമനി-24-16
  4. റൊണാള്‍ഡോ നസാരിയോ-ബ്രസീല്‍-19-15
  5. ഗെർഡ് മുള്ളർ-ജർമനി13-14
  6. ഹാരി കെയ്ൻ-ഇംഗ്ലണ്ട്-15-13
  7. ജസ്റ്റ് ഫോണ്ടൈൻ-ഫ്രാൻസ്-6-13
  8. പെലെ-ബ്രസീല്‍-14-12

ഈ ലോകകപ്പില്‍ കെയ്ന്റെ ആകെ ഗോള്‍ നേട്ടം അഞ്ചായി. ആറ് ഗോളുകളുമായി മുന്നിലുള്ള ലയണല്‍ മെസ്സി, കിലിയൻ എംബാപ്പെ എന്നിവർക്ക് തൊട്ടുപിന്നില്‍ ഗോള്‍ഡൻ ബൂട്ട് പോരാട്ടത്തില്‍ കെയ്നും ഒപ്പമുണ്ട്. പ്രീ ക്വാർട്ടറില്‍ സഹ-ആതിഥേയരായ മെക്സിക്കോയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham