തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷാ നടത്തിപ്പില്‍ വീണ്ടും ഗുരുതര വീഴ്ച. കഴിഞ്ഞ ദിവസം നടന്ന ബി.എസ്.സി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ ചോദ്യത്തോടൊപ്പം ഉത്തരവും അച്ചടിച്ചു വന്നു.
ചോദ്യപേപ്പറിലെ അഞ്ചാം ചോദ്യത്തിനൊപ്പമാണ് ഉത്തരവും രേഖപ്പെടുത്തിയിരുന്നത്. പരീക്ഷയ്ക്കിടെ വിദ്യാർഥികള്‍ തന്നെയാണ് ഇത് കണ്ടെത്തി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സംഭവം വലിയ വിവാദമായതോടെ പരീക്ഷാ കണ്‍ട്രോളർ ബോർഡ് ഓഫ് എക്സാമിനേഷനോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.
പുതിയ അധ്യയന വർഷത്തില്‍ കോളജുകള്‍ തുറന്നതിന് പിന്നാലെയാണ് ബി.എസ്.സി രണ്ടാം സെമസ്റ്റർ പരീക്ഷകള്‍ ആരംഭിച്ചത്. ഇത്തരമൊരു ഗുരുതരമായ ക്രമക്കേട് എങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ കൃത്യമായ ഒരു മറുപടി നല്‍കാൻ കേരള സർവകലാശാലയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
പരീക്ഷാ കണ്‍ട്രോളർ വിശദീകരണം ചോദിച്ചതല്ലാതെ മറ്റ് ഔദ്യോഗിക പ്രതികരണങ്ങളൊന്നും സർവകലാശാലയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
പരീക്ഷാ ചോദ്യപേപ്പർ തയാറാക്കുന്നതിലും അത് പരിശോധിക്കുന്നതിലും കടുത്ത വീഴ്ചയുണ്ടായെന്നാണ് വിദ്യാർഥികളും അധ്യാപകരും ആരോപിക്കുന്നത്. പരീക്ഷ റദ്ദാക്കുമോ അതോ പുനഃപരീക്ഷ നടത്തുമോ എന്ന കാര്യത്തില്‍ സർവകലാശാലയുടെ അന്തിമ തീരുമാനം ഉടൻ ഉണ്ടായേക്കും.

