ഒസ്ലോ: ലോക ചെസ് ചരിത്രത്തിലെ മറ്റൊരു സുവർണ്ണ അധ്യായം കൂടി കുറിച്ച് ഇന്ത്യൻ യുവ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ.
നോർവേ ചെസ് ടൂർണമെന്റിന്റെ മൂന്നാം റൗണ്ടില്‍ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാള്‍സണെ അട്ടിമറിച്ചാണ് ഇരുപതുകാരനായ പ്രഗ്നാനന്ദ ക്ലാസിക് വിജയം സ്വന്തമാക്കിയത്. ഒസ്ലോയിലെ ഡീച്ച്‌മാൻ ബ്യോർവിക ലൈബ്രറിയില്‍ നടന്ന ആവേശപ്പോരാട്ടത്തിലാണ് അഞ്ച് തവണ ലോക ചാമ്പ്യനായ കാള്‍സണെ അദ്ദേഹത്തിന്റെ സ്വന്തം നാട്ടില്‍ വെച്ച് ഇന്ത്യൻ താരം അമ്പരപ്പിച്ചത്. രണ്ട് വർഷം മുൻപ് ഇതേ ടൂർണമെന്റില്‍ കാള്‍സണെ ക്ലാസിക്കല്‍ മത്സരത്തില്‍ പരാജയപ്പെടുത്തിയ ഓർമ്മകളെ പുതുക്കുന്നതായിരുന്നു പ്രഗ്നാനന്ദയുടെ ഈ പ്രകടനം.
തന്ത്രപരമായ കരുനീക്കങ്ങളുമായി പ്രഗ്നാനന്ദ
ടൂർണമെന്റില്‍ വെറും ഒരു പോയിന്റുമായി പട്ടികയില്‍ ഏറ്റവും പിന്നിലായിരുന്ന പ്രഗ്നാനന്ദ, വ്യക്തമായ ആക്രമണ ശൈലിയോടെയാണ് കാള്‍സണെതിരെ കളത്തിലിറങ്ങിയത്. വെള്ളക്കരുക്കളുമായി കളിച്ച ഇന്ത്യൻ താരം തുടക്കം മുതല്‍ കാള്‍സണെ സമ്മർദ്ദത്തിലാക്കി. മത്സരത്തിലുടനീളം തന്ത്രപരമായ മുൻതൂക്കം നിലനിർത്തിയ പ്രഗ്നാനന്ദയ്ക്ക് മുന്നില്‍ 62-ാം നീക്കത്തില്‍ കാള്‍സണ്‍ പരാജയം സമ്മതിച്ച് പിന്മാറുകയായിരുന്നു.
ഈ തകർപ്പൻ ജയത്തോടെ പ്രഗ്നാനന്ദ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. അതേസമയം, അപ്രതീക്ഷിത തോല്‍വി നേരിട്ട ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാള്‍സണ്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും താഴേക്ക് വീണു.
അർമ്മഗെദ്ദോൻ വിജയവുമായി ദിവ്യ ദേശ്മുഖ്; മറ്റ് താരങ്ങള്‍ക്ക് നിരാശ
വനിതാ ടൂർണമെന്റില്‍ ഇന്ത്യയുടെ 20 കാരി ദിവ്യ ദേശ്മുഖിന്റെ സ്വപ്നതുല്യമായ മുന്നേറ്റം തുടരുകയാണ്. മൂന്ന് തവണ വനിതാ ലോക ബ്ലിറ്റ്സ് ചാമ്പ്യനായ ബിബിസാര അസൗബയേവയെ അർമ്മഗെദ്ദോൻ ടൈബ്രേക്കറില്‍ പരാജയപ്പെടുത്തി ദിവ്യ ടൂർണമെന്റിലെ തന്റെ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി.
എന്നാല്‍ ഇന്ത്യൻ സംഘത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍ക്ക് മൂന്നാം റൗണ്ട് അത്ര അനുകൂലമായിരുന്നില്ല. ലോക ചാമ്പ്യൻഷിപ്പ് ചലഞ്ചറായ ഡി. ഗുകേഷ്, ടൂർണമെന്റ് ലീഡറായ അലിറേസ ഫിറോസ്ജയുമായുള്ള ക്ലാസിക് മത്സരം സമനിലയില്‍ (ഡ്രോ) തളച്ചെങ്കിലും, തുടർന്നു നടന്ന അർമ്മഗെദ്ദോൻ ടൈബ്രേക്കറില്‍ പരാജയപ്പെട്ടു. നാലാം റൗണ്ടില്‍ മാഗ്നസ് കാള്‍സണെയാണ് ഗുകേഷിന് നേരിടാനുള്ളത്.
ഇന്ത്യൻ വെറ്ററൻ താരം കൊനേരു ഹംപിക്കും മൂന്നാം റൗണ്ടില്‍ നിരാശയായിരുന്നു ഫലം. നിലവിലെ നോർവേ ചെസ് വനിതാ ചാമ്പ്യൻ അന്ന മുസിചുക്കിനോട് അർമ്മഗെദ്ദോൻ ടൈബ്രേക്കറില്‍ ഹംപി പരാജയപ്പെട്ടു. ഈ തോല്‍വിയോടെ രണ്ട് പോയിന്റ് മാത്രമുള്ള ഹംപി വനിതാ റാങ്കിംഗില്‍ ഏറ്റവും പിന്നിലായി.

