അബൂദബി: കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ അളവ് കൂടുതലുള്ളതും ശരീരത്തിന് ഹാനികരവുമായി ഭക്ഷണപാനീയങ്ങള് സൂപ്പര്മാര്ക്കറ്റുകളിലെ ഏറ്റവും ശ്രദ്ധേയമായ ഇടങ്ങളില് പ്രദര്ശിപ്പിക്കുന്നത് നിയന്ത്രിക്കാന് അബൂദബി.
അടുത്തവര്ഷം ജനുവരി ഒന്ന് മുതല് പുതിയ നിര്ബന്ധിത നയം പ്രാബല്യത്തില് വരും.
ഷോപ്പുകളുടെ പ്രവേശന കവാടങ്ങള്, ഇടനാഴികളുടെ അവസാന ഭാഗങ്ങള്, ബില്ലിങ് കൗണ്ടറുകള് തുടങ്ങിയ ഉപഭോക്താക്കളുടെ ശ്രദ്ധ എളുപ്പത്തില് ആകര്ഷിക്കുന്ന സ്ഥലങ്ങളില് ഉയര്ന്ന കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയുള്ള ഉല്പ്പന്നങ്ങള് പ്രധാനമായി പ്രദര്ശിപ്പിക്കുന്നത് പുതിയ നിയമം വിലക്കുന്നു. 4,000 ചതുരശ്ര അടി വിസ്തീര്ണമോ അതില് കൂടുതലോ വലിപ്പമുള്ള റീട്ടെയില് സ്റ്റോറുകള്ക്കാണ് നയം ബാധകമാകുക.
ഓണ്ലൈന് വില്പ്പന പ്ലാറ്റ്ഫോമുകളിലും സമാന നിയന്ത്രണമുണ്ടാകും. വെബ്സൈറ്റുകളുടെയും ആപ്പുകളുടെയും ഹോംപേജ്, തിരച്ചില് ഫലങ്ങള്, പ്രമോഷണല് പോപ്പ്‌അപ്പുകള്, പണമടയ്ക്കല് പേജുകള് തുടങ്ങിയ ഇടങ്ങളില് അനാരോഗ്യകരമായി കണക്കാക്കുന്ന ഭക്ഷണപാനീയങ്ങള്ക്ക് പ്രത്യേക പ്രാധാന്യം നല്കാന് അനുവദിക്കില്ല.
അതേസമയം, ഇത്തരം ഉല്പ്പന്നങ്ങള് വില്പ്പനയില് നിന്ന് പൂര്ണമായി നീക്കം ചെയ്യില്ല. ഉപഭോക്താക്കള്ക്ക് അവ സാധാരണ ഷെല്ഫുകളില് നിന്ന് വാങ്ങാനാകും. ഉല്പ്പന്നങ്ങളുടെ ലഭ്യതയല്ല, അവയുടെ ദൃശ്യതയും പെട്ടെന്നുള്ള വാങ്ങല് പ്രേരണയും നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് അബൂദബിയിലെ ആരോഗ്യവിഭാഗം വ്യക്തമാക്കി. ഏതെല്ലാം ആണ് അനാരോഗ്യകരമായ ഭക്ഷണ, പാനീയങ്ങള് എന്ന് നിര്ദേശങ്ങളില് വ്യക്തമാക്കിയിട്ടില്ല.
ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പ് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യകരമായ ജീവിത പരിപാടിയുടെ ഭാഗമായി പുതിയ നയം കൊണ്ടുവരുന്നത്. ആരോഗ്യവകുപ്പ്, അബൂദബി പബ്ലിക് ഹെല്ത്ത് സെന്റര്, അബൂദബി ക്വാളിറ്റി ആന്ഡ് കോണ്ഫോര്മിറ്റി കൗണ്സില്, അബൂദബി കൃഷിഭക്ഷ്യസുരക്ഷാ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് നയം രൂപപ്പെടുത്തിയത്.
സ്കൂള് ഭക്ഷണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ഫാസ്റ്റ് ഫുഡ് പരസ്യങ്ങള്ക്കുള്ള നിയന്ത്രണങ്ങളും ഉള്പ്പെടെ അബൂദബി നടപ്പാക്കിവരുന്ന ആരോഗ്യപ്രചാരണങ്ങളുടെ തുടര്ച്ചയായാണ് പുതിയ നടപടി.
English Summary:
Abu Dhabi will itnroduce mandatory retsrictions from January 1, 2027, preventing foods and drinks high in fat, salt or sugar from being prominently displayed in supermarkets and online retail platforms. The rules will apply to physical stores larger than 4,000 square feet and cover high-visibiltiy locations such as etnrances, end-of-aisle displays and checkout counters. The products will still be available for purchase; the policy targets visibiltiy and impulse buying rather than availabilit

