പാട്ന: കണ്ഫേം ചെയ്ത ബര്ത്ത് ലഭിക്കാതെ യാത്രക്കാര്ക്ക് ട്രെയിനില് നിന്ന് യാത്ര ചെയ്യേണ്ടി വന്ന സംഭവത്തില് ഇന്ത്യന് റെയില്വേയ്ക്ക് ഉപഭോക്തൃ കോടതിയുടെ പിഴ.
ബിഹാറിലെ ഭോജ്പൂര് ഉപഭോക്തൃ തര്ക്കപരിഹാര കമ്മീഷന് 20,000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടു.
എല്.ടി.ടി പട്ന എക്സ്പ്രസില് ട്രെയിനില് ഉത്തര്പ്രദേശിലെ വിന്ധ്യാചലില് നിന്ന് ബിഹാറിലെ ആരയിലേക്ക് യാത്ര ചെയ്യാനെത്തിയ നാല് പേരാണ് പരാതി നല്കിയത്. ട്രെയിനില് കയറിയപ്പോള് തങ്ങളുടെ കണ്ഫേം ചെയ്ത ബര്ത്തുകളില് റെയില്വേ ജീവനക്കാര് ഇരിക്കുന്നതായി കണ്ടതായാണ് യാത്രക്കാര് പറയുന്നത്. സീറ്റ് ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ടിട്ടും അവര് തയ്യാറായില്ലെന്നും പരാതിയില് പറയുന്നു.
ഇതിനെ തുടര്ന്ന് യാത്രക്കാര് മുഴുവന് സമയവും നിന്ന് യാത്ര ചെയ്യേണ്ടിവന്നു. റെയില്വേയുടെ സേവനത്തിലെ വീഴ്ച കാരണം യാത്രക്കാര്ക്ക് മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള് ഉണ്ടായതായി കൃഷ്ണ പ്രതാപ് സിംഗ് , കമല് കിഷോര് സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ബുക്കിംഗ് തുകയായ 1,876 രൂപ പലിശയോടെ തിരികെ നല്കാനും, 20,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവും നല്കാനുമാണ് കമ്മീഷന് ഉത്തരവിട്ടത്. 60 ദിവസത്തിനകം തുക നല്കണം. ഇല്ലെങ്കില് 10 ശതമാനം പലിശയോടെ നിയമനടപടി വഴി തുക ഈടാക്കാമെന്നും കമ്മീഷന് വ്യക്തമാക്കി.

