ബെംഗളുരു: കര്ണാടകയില് ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ ജൂണ് മൂന്നിന്. ബുധനാഴ്ച്ച വൈകീട്ട് നാലുമണിക്ക് ഡി.കെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലുമെന്ന് എഐസിസി സംഘടന ജനറല് സെക്രട്ടറി കെ.സി വേണുഗോപാല് അറിയിച്ചു.
പാര്ട്ടിക്കുള്ളില് വലിയ പൊട്ടിത്തെറികള് പ്രതീക്ഷിച്ച എതിരാളികള്ക്ക് കനത്ത തിരിച്ചടി നല്കി, സമവായത്തിലൂടെ ഭരണമാറ്റം സാധ്യമായതായി വേണുഗോപാല് പറഞ്ഞു.
സിദ്ധരാമയ്യ കാണിച്ച പാര്ട്ടി കൂറാണ് രമ്യമായി പ്രതിസന്ധി പരിഹരിക്കാന് കാരണമെന്ന് കെ.സി പറഞ്ഞു. ഡെ.കെയ്ക്ക് വേണ്ടി അദ്ദേഹം സ്ഥാനമൊഴിഞ്ഞത് കോണ്ഗ്രസ് ചരിത്രത്തിലെ ഏറ്റവും അഭിമാനപൂര്വമായ നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. മികച്ച സംഘടന പാടവമുള്ള ഡികെ അധികാരത്തിലേക്ക് വരുന്നതോടെ കര്ണാടകയില് പാര്ട്ടി കൂടുതല് ശക്തമാകും. മന്ത്രിസഭാ പുനസംഘടനയില് യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും, എല്ലാം സുഗമമായി പരിഹരിച്ചതായും കെ.സി വ്യക്തമാക്കി.
2028ലെ തിരഞ്ഞെടുപ്പ് മുന്നിര്ത്തിയാണ് ഡി.കെ സംസ്ഥാനത്തിന്റെ അമരത്തേക്ക് എത്തുന്നത്. സിദ്ധരാമയ്യയുടെ രാജിക്ക് പിന്നാലെ ഇന്ന് വിധാന് സൗധയില് ചേര്ന്ന കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടി യോഗം ഡി.കെ ശിവകുമാറിനെ നിയമസഭാ കക്ഷി നേതാവായി ഐക്യകണ്ഠേന തിരഞ്ഞെടുത്തു. യോഗത്തില് സിദ്ധരാമയ്യയാണ് ഡികെയുടെ പേര് നിര്ദേശിച്ചത്. മുതിര്ന്ന നേതാവ് ജി പരമേശ്വര പിന്താങ്ങി. കോണ്ഗ്രസ് തീരുമാനം ഹൈക്കമാന്ഡിനെ അറിയിക്കും. തുടര്ന്ന് ഹൈക്കമാന്ഡ് ആയിരിക്കും ഔദ്യോഗിക പ്രഖ്യാപനം നടത്തുക.

