Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കര്‍ണാടകയില്‍ നേതൃമാറ്റത്തില്‍ ഇന്ന് നിര്‍ണായകം; സിദ്ധരാമയ്യ രാജിവെച്ചു, ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകും

കര്‍ണാടകയില്‍ നേതൃമാറ്റത്തില്‍ ഇന്ന് നിര്‍ണായകം; സിദ്ധരാമയ്യ രാജിവെച്ചു, ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകും

ബെംഗളൂരു: കർണാടക രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസ് സർക്കാരിനെതിരെ ശക്തമായ ജനവികാരമുണ്ടെന്ന പാർട്ടി സർവേ റിപ്പോർട്ടുകള്‍ക്ക് പിന്നാലെ, ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് രാജി.

ഇതോടെ പുതിയ മുഖ്യമന്ത്രിയായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ തെരഞ്ഞെടുക്കാൻ ലക്ഷ്യമിട്ടുള്ള നിർണായക കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ഇന്ന് ബെംഗളൂരുവില്‍ ചേരും.

ഇന്നലെ രാജി സമർപ്പിച്ചതിന് പിന്നാലെ സിദ്ധരാമയ്യ ഡല്‍ഹിയിലേക്ക് തിരിച്ചു. രാഹുല്‍ ഗാന്ധി, മല്ലികാർജുൻ ഖർഗെ ഉള്‍പ്പെടെയുള്ള മുതിർന്ന നേതാക്കളെ കണ്ട് നന്ദി അറിയിക്കാനാണ് യാത്രയെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, പുതിയ മന്ത്രിസഭയില്‍ തന്റെ വിശ്വസ്തർക്ക് പരമാവധി പ്രാതിനിധ്യം ഉറപ്പാക്കാനാണ് സിദ്ധരാമയ്യയുടെ നീക്കം.

അണിയറയില്‍ സമ്മർദ്ദ തന്ത്രങ്ങള്‍

പുനഃസംഘടിപ്പിക്കുന്ന മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി പദവി ഉള്‍പ്പെടെയുള്ള സുപ്രധാന സ്ഥാനങ്ങള്‍ തന്റെ ക്യാമ്പിലുള്ളവർക്ക് നല്‍കണമെന്ന ആവശ്യത്തില്‍ സിദ്ധരാമയ്യ ഉറച്ചുനില്‍ക്കുകയാണ്. കൂടാതെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് സതീഷ് ജാർക്കിഹോളിയെ കൊണ്ടുവരാനും സിദ്ധരാമയ്യ ക്യാമ്പ് ഹൈക്കമാൻഡിന് മേല്‍ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇരു നേതാക്കളുമായും ഹൈക്കമാൻഡ് ഇന്ന് വിശദമായ ചർച്ചകള്‍ നടത്തും.

ഹൈക്കമാൻഡ് ഇടപെടല്‍; പ്രിയങ്കയുടെ നിലപാട് നിർണായകം

ഭരണവിരുദ്ധ വികാരം ശക്തമാണെന്ന റിപ്പോർട്ടുകള്‍ക്ക് പുറമെ, നേതൃമാറ്റം ഇനിയും വൈകിയാല്‍ പാർട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ് അടിയന്തരമായി ഇടപെട്ടത്. വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയുടെ നിലപാടും സിദ്ധരാമയ്യയുടെ രാജിയിലേക്ക് നയിക്കുന്നതില്‍ നിർണ്ണായകമായി. ഭാവിയില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം സിദ്ധരാമയ്യയ്ക്ക് നല്കാമെന്ന വാഗ്ദാനവും ഹൈക്കമാൻഡ് മുന്നോട്ടുവെച്ചിട്ടുണ്ട്.

'കുളം കലക്കാൻ ബിജെപി'

അതേസമയം, കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയും നേതൃമാറ്റവും മുതലെടുത്ത് ഗവർണറെ മുൻനിർത്തി ബിജെപി കുളം കലക്കാൻ ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്.

ഇന്നലെ ലോക്ഭവനിലെത്തി സമർപ്പിച്ച സിദ്ധരാമയ്യയുടെ രാജി ഇന്ന് ഗവർണർ ഔദ്യോഗികമായി അംഗീകരിച്ചേക്കും. തുടർന്ന് ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് സംസ്ഥാന രാഷ്ട്രീയം വേഗത്തില്‍ കടക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham