ന്യൂഡല്‍ഹി: രാജ്യത്ത് ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ സാധാരണ നിലയേക്കാള്‍ കുറയാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്.
പസഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന എല്‍ നിനോ (El Niño) പ്രതിഭാസമാണ് മഴ കുറയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏപ്രില്‍ 13-ന് പുറത്തിറക്കിയ ആദ്യ ദീർഘദൂര പ്രവചനത്തിലാണ് കാലാവസ്ഥാ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
മഴക്കുറവ് കർഷകർക്ക് തിരിച്ചടിയായേക്കും
ഖാരിഫ് വിള സീസണില്‍ മഴയെ പൂർണ്ണമായും ആശ്രയിക്കുന്ന രാജ്യത്തെ 60 ശതമാനത്തോളം വരുന്ന കർഷകർക്ക് ഈ വാർത്ത വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതാണ്. വേനല്‍മഴയ്ക്കൊപ്പമുണ്ടായ വെള്ളപ്പൊക്കവും ആലിപ്പഴ വർഷവും മൂലം കൃഷിനാശം നേരിട്ട പലർക്കും വരാനിരിക്കുന്ന മഴക്കുറവ് ഇരട്ടി പ്രഹരമാകും.
പ്രവചനത്തിലെ പ്രധാന വിവരങ്ങള്‍:
രാജ്യത്തെ ദീർഘകാല ശരാശരിയുടെ (LPA) 92 ശതമാനം മഴ മാത്രമേ ഇത്തവണ ലഭിക്കാൻ സാധ്യതയുള്ളൂ. അതായത് ഏകദേശം 800 മില്ലിമീറ്റർ മഴ.സാധാരണയില്‍ താഴെ മഴ ലഭിക്കാൻ 31 ശതമാനവും, കടുത്ത മഴക്കുറവ് അനുഭവപ്പെടാൻ 35 ശതമാനവും സാധ്യതയുണ്ട്.
വടക്കൻ, പടിഞ്ഞാറൻ, തെക്കൻ ഉപദ്വീപിന്റെ വടക്ക് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഒഴികെ രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഇത്തവണ മഴ കുറവായിരിക്കുമെന്നാണ് ഐഎംഡി ഭൂപടം വ്യക്തമാക്കുന്നത്.
എന്താണ് എല്‍ നിനോ? മണ്‍സൂണിനെ എങ്ങനെ ബാധിക്കുന്നു?
ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ ജലം സാധാരണയേക്കാള്‍ ചൂടാകുന്ന പ്രതിഭാസമാണ് എല്‍ നിനോ. ഇത് മണ്‍സൂണ്‍ കാറ്റുകളുടെ ഗതിയെ ബാധിക്കുകയും മഴ കുറയ്ക്കുകയും ചെയ്യുന്നു. നിലവില്‍ പസഫിക്കില്‍ നിലനില്‍ക്കുന്ന 'ലാ നിന' സാഹചര്യം ഉടൻ മാറുമെന്നും ജൂണ്‍ മാസത്തോടെ എല്‍ നിനോ സജീവമാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകർ കരുതുന്നത്.
ആശ്വാസമാകാൻ പോസിറ്റീവ് ഐഒഡി (Positive IOD)
എല്‍ നിനോ ഭീഷണി നിലനില്‍ക്കുമ്പോഴും ചില ഘടകങ്ങള്‍ ശുഭപ്രതീക്ഷ നല്‍കുന്നുണ്ട്:മണ്‍സൂണിന്റെ അവസാനത്തോടെ ഇന്ത്യൻ മഹാസമുദ്രത്തില്‍ 'പോസിറ്റീവ് ഐഒഡി' സാഹചര്യം വികസിക്കാൻ സാധ്യതയുണ്ട്. ഇത് നല്ല മഴയെ പിന്തുണയ്ക്കുന്ന ഘടകമാണ്.യുറേഷ്യൻ മേഖലയില്‍ ഇത്തവണ മഞ്ഞുമൂടല്‍ കുറവായതിനാല്‍ അത് കാലവർഷത്തിന് അനുകൂലമായേക്കാം.
ആഗോളതാപനം മൂലം അന്തരീക്ഷത്തില്‍ ഈർപ്പം വർദ്ധിക്കുന്നത് ചിലയിടങ്ങളില്‍ അപ്രതീക്ഷിത മഴയ്ക്ക് കാരണമാകുന്നുണ്ടെന്ന് മുൻ ഐഎംഡി ഡയറക്ടർ കെ ജെ രമേശ് അഭിപ്രായപ്പെട്ടു. മഴയുടെ അളവ് കുറവാണെങ്കിലും മഴയുടെ വിതരണത്തിലെ മാറ്റങ്ങള്‍ കാർഷിക മേഖലയെ എങ്ങനെ ബാധിക്കുമെന്ന് വരും മാസങ്ങളില്‍ മാത്രമേ വ്യക്തമാകൂ.

