ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകള് നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നങ്ങളില് ഒന്നാണ് മുടി കൊഴിച്ചില്. നിലവില് വിപണിയിലുള്ള മിനോക്സിഡില്, ഫിനാസ്റ്ററൈഡ് തുടങ്ങിയ മരുന്നുകള് പൂര്ണ്ണമായി ഫലപ്രദമല്ലെന്ന് മാത്രമല്ല, പലപ്പോഴും വിവിധ പാര്ശ്വഫലങ്ങള്ക്കും കാരണമാകാറുണ്ട്.
എന്നാല് ഈ പ്രശ്നത്തിന് ശാശ്വതവും സുരക്ഷിതവുമായൊരു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ദക്ഷിണ കൊറിയയിലെ ശാസ്ത്രജ്ഞര്.
കൊറിയ അഡ്വാന്സ്ഡ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സ് ആന്ഡ് ടെക്നോളജിയിലെ (KAIST) ഗവേഷകര് വികസിപ്പിച്ചെടുത്ത 'ഫ്ലെക്സിബിള് ലൈറ്റ് തെറാപ്പി തൊപ്പി' ഉപയോഗിച്ചുള്ള ചികിത്സ വഴി മുടിയുടെ വാര്ധക്യത്തിന് കാരണമാകുന്ന ഘടകങ്ങളെ 92 ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് പഠനങ്ങള് വ്യക്തമാക്കുന്നത്. പ്രശസ്ത ശാസ്ത്ര മാസികയായ 'നേച്ചര് കമ്മ്യൂണിക്കേഷന്സിലാണ്' ഈ പുതിയ കണ്ടെത്തല് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എങ്ങനെ പ്രവര്ത്തിക്കുന്നു?
മുടിയുടെ വളര്ച്ചയെ സ്വാധീനിക്കുന്ന 'ഹ്യൂമന് ഡെര്മല് പാപ്പില്ല കോശങ്ങളെ' ലക്ഷ്യമിട്ടാണ് ഈ സാങ്കേതികവിദ്യ പ്രവര്ത്തിക്കുന്നത്. ഹെയര് ഫോളിക്കിളുകള്ക്ക് പ്രായമാകുമ്പോള് ഉല്പ്പാദിപ്പിക്കപ്പെടുന്ന 'ബീറ്റാഗാലക്റ്റോസിഡേസ്' എന്ന എന്സൈമാണ് മുടികൊഴിച്ചിലിന് വഴിതെളിക്കുന്നത്. ഈ പ്രകാശ ചികിത്സയിലൂടെ എന്സൈമിന്റെ അളവ് വലിയ തോതില് കുറയ്ക്കാനാകും.
നിലവിലുള്ള ലൈറ്റ് തെറാപ്പി ഉപകരണങ്ങളില് ലേസറുകളോ കട്ടിയുള്ള എല്ഇഡികളോ ആണ് ഉപയോഗിക്കുന്നതെങ്കില്, കൊറിയന് ഗവേഷകര് നേര്ത്തതും വളയ്ക്കാന് കഴിയുന്നതുമായ ഒഎല്ഇഡി (OLED) സാങ്കേതികവിദ്യയാണ് ഇതില് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. 730 മുതല് 740 നാനോമീറ്റര് വരെ തരംഗദൈര്ഘ്യമുള്ള പ്രകാശം തലയോട്ടിയില് ഒരേപോലെ പതിക്കാന് ഇത് സഹായിക്കും. ഈ തൊപ്പി ഇതുവരെ മനുഷ്യരില് നേരിട്ട് പരീക്ഷിച്ചിട്ടില്ലെങ്കിലും അടുത്ത ഘട്ടമായി മൃഗങ്ങളില് പ്രീക്ലിനിക്കല് പഠനങ്ങള് നടത്താനാണ് ഗവേഷകരുടെ തീരുമാനം.
scientists in south korea have developed a flexible light therapy hat that reduced hair aging biomarkers by up to 92 percent in lab tests offering a promising new alternative for hair loss treatment.

