കീവ്: റഷ്യ ഉക്രൈൻ യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ ഉക്രൈൻ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ വൻ മിസൈല്‍ ഡ്രോണ്‍ ആക്രമണത്തില്‍ 17 പേർ കൊല്ലപ്പെടുകയും 44 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അർധരാത്രിക്ക് ശേഷമാണ് ആക്രമണം ആരംഭിച്ചത്. മണിക്കൂറുകളോളം നീണ്ട വ്യോമാക്രമണം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൻ നാശനഷ്ടമാണ് വിതച്ചത്. നിരവധി കെട്ടിടങ്ങള്‍ക്കും വൻ ഗോഡൗണുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചപ്പോള്‍ പല സ്ഥലങ്ങളിലും തീപിടിത്തമുണ്ടായി.
ഉക്രൈൻ സൈന്യത്തിന്റെ വിവരങ്ങള്‍ പ്രകാരം, റഷ്യ മിസൈലുകളും ആക്രമണ ഡ്രോണുകളും സംയുക്തമായി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. കീവിലെ നിരവധി ജില്ലകളില്‍ സ്ഫോടനങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ വ്യോമാക്രമണ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും ആയിരക്കണക്കിന് ആളുകള്‍ മെട്രോ സ്റ്റേഷനുകളിലും സുരക്ഷാ ബങ്കറുകളിലും അഭയം തേടുകയും ചെയ്തു. രക്ഷാപ്രവർത്തകർ മണിക്കൂറുകളോളം തിരച്ചില്‍ നടത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
ആക്രമണത്തില്‍ വൻ ലോജിസ്റ്റിക്സ് ഗോഡൗണുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വ്യാവസായിക കെട്ടിടങ്ങള്‍ എന്നിവയ്ക്ക് ഗുരുതര നാശനഷ്ടമുണ്ടായി. നിരവധി സ്ഥലങ്ങളില്‍ ഉണ്ടായ തീപിടിത്തം മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേന നിയന്ത്രണവിധേയമാക്കിയത്.
അതേസമയം, റഷ്യൻ പ്രതിരോധ മന്ത്രാലയം ആക്രമണം ഉക്രൈന്റെ ഏഴ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള കൃത്യമായ ഓപ്പറേഷനാണെന്ന് അവകാശപ്പെട്ടു. എന്നാല്‍, സാധാരണ ജനവാസ മേഖലകളും വ്യാപാര സ്ഥാപനങ്ങളും ആക്രമണത്തില്‍ തകർന്നതായി ഉക്രൈൻ അധികൃതർ വ്യക്തമാക്കി. ഇരുരാജ്യങ്ങളും പരസ്പരം ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കിയതോടെ യുദ്ധം കൂടുതല്‍ അപകടകരമായ ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് വിലയിരുത്തല്‍.
17 people were killed in Ukraine after the drone attack of Russia. 44 people were reported injured.

