ദോഹ: വിവിധ ഭാഷകളില് സോഷ്യല് മീഡിയയില് പ്രസിദ്ധീകരിക്കുന്ന വാര്ത്തകളും ഉള്ളടക്കങ്ങളും നിരീക്ഷിക്കാനും വിശകലനം ചെയ്യാനും ഖത്തര് വിദേശകാര്യ മന്ത്രാലയം പുതിയ ഡിജിറ്റല് പ്ലാറ്റ്ഫോം ആരംഭിച്ചു.
'സര്ദ്' എന്ന് പേരിട്ടിരിക്കുന്ന പ്ലാറ്റ്ഫോം മന്ത്രാലയം സെക്രട്ടറി ജനറല് ഡോ. അഹമ്മദ് ബിന് ഹസന് അല് ഹമ്മാദി ഉദ്ഘാടനം ചെയ്തു.
വിവിധ ഭാഷകളിലുള്ള സോഷ്യല് മീഡിയ ഉള്ളടക്കങ്ങളും സംഭവവികാസങ്ങളും നിരീക്ഷിച്ച് ആവശ്യമായ വിവരങ്ങളും ഡാറ്റയും ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നതാണ് പ്ലാറ്റ്ഫോമിന്റെ പ്രധാന ലക്ഷ്യം. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രവര്ത്തനങ്ങള്ക്കും ജീവനക്കാര്ക്കും ആവശ്യമായ വിവരങ്ങള് വേഗത്തില് ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും.
കൃത്രിമബുദ്ധി (എഐ) സാങ്കേതികവിദ്യകള് ദൈനംദിന പ്രവര്ത്തനങ്ങളില് കൂടുതല് പ്രയോജനപ്പെടുത്താനുള്ള ഖത്തര് വിദേശകാര്യ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് സര്ദ് അവതരിപ്പിച്ചിരിക്കുന്നത്. മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങള്ക്കും വിദേശത്തെ നയതന്ത്ര ദൗത്യങ്ങള്ക്കും പുതിയ സംവിധാനം പ്രയോജനപ്പെടുമെന്ന് അധികൃതര് അറിയിച്ചു.
വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഖത്തറിന്റെ ജര്മനിയിലെ അംബാസഡര് അബ്ദുല്ല ബിന് ഇബ്രാഹിം അല് ഹമറും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിന് മുഹമ്മദ് അല് അന്സാരിയും ഉദ്ഘാടന ചടങ്ങില് പങ്കെടുത്തു.
English Summary: Qatar's Minitsry of Foreign Affairs has launched the 'Sard' platform to monitor andt rack news, events and social media content published in multiple languages. The AI-enabled platform is designed to enhance monitoring and analysis of developments and provide relevant information and data to the minitsry and its diplomatic missions.

