കൊല്ലം: ശക്തികുളങ്ങര ഹാര്ബറിലെ ശുചിമുറി ടാങ്കില് ചവറ സ്വദേശി നിസാറിന്റെ മൃതദേഹ ഭാഗങ്ങള് കണ്ടെത്തിയ സംഭവത്തില് ഒരാള് പിടിയില്.
കൊട്ടിയം സ്വദേശി ശ്യാംജിത്താണ് പിടിയിലായത്. നിസാറിനെ കൊലപ്പെടുത്തി ടാങ്കില് തള്ളുകയായിരുന്നുവെന്ന് ശ്യാംജിത്ത് സമ്മതിച്ചു. ഹാര്ബറിലെ ശുചിമുറികള് വാടകയ്ക്കു നല്കുന്നയാളാണ് കൊല്ലപ്പെട്ട നിസാര്. ഹാര്ബറിലെ ശുചിമുറിയുടെ കരാര് എടുത്തിരുന്നയാളുടെ ഡ്രൈവറായിരുന്നു അറസ്റ്റിലായ ശ്യാംജിത്ത്. ഇരുവരും വാക്ക്തര്ക്കത്തിലേര്പ്പെട്ടിരുന്നു. നിസാറിനെ പ്രതി ആദ്യം കൈകൊണ്ട് മര്ദിക്കുകയും പിന്നീട് കമ്പിയടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം മൃതദേഹം പായയില് പൊതിഞ്ഞ് സമീപത്തെ ടാങ്കിന്റെ മൂടി തുറന്ന് അതില് തള്ളുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞമാസം 30-ന് ഹാര്ബറിലെ ശുചിമുറി മാലിന്യം നീക്കം ചെയ്യാന് സ്ലാബ് തുറന്നപ്പോള് തൊഴിലാളികളാണു മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്.

