കോഴിക്കോട്: കുന്ദമംഗലം പെരിങ്ങളത്ത് വീടിനുള്ളിലുണ്ടായ പൊട്ടിത്തെറിയില് രണ്ട് പേര് കൊല്ലപ്പെട്ട സംഭവത്തില് ഒരാള് അറസ്റ്റില്.
വീട് വാടകയ്ക്കെടുത്ത മുണ്ടിക്കല്ത്താഴം സ്വദേശി വിഷ്ണുവിനെ കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തില് പരുക്കേറ്റ് മെഡിക്കല് കോളജില് ചികിത്സയിലായിരുന്ന വിഷ്ണുവിനെ ഞായറാഴ്ച രാവിലെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തില് വിഷ്ണുവിന്റെ സുഹൃത്ത് ഹിജിത്തിനെയും പ്രതിപ്പട്ടികയില് ചേര്ത്തിട്ടുണ്ട്.
ആളുകളെ കൂട്ടി അനധികൃതമായി സ്ഫോടന വസ്തുക്കള് നിര്മ്മിച്ച് സൂക്ഷിക്കുകയും മരണമുണ്ടാക്കുകയും ചെയ്തതിന് കുന്ദമംഗലം പൊലിസ് കേസെടുത്തിരുന്നു.
വീടിനുള്ളില് സൂക്ഷിച്ചിരുന്ന പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് റിപ്പോര്ട്ട്. കോഴിക്കോട് രാമനാട്ടുകര പാറമ്മല് മഠത്തില് പരമ്പില് രാഹുല് (26), മുണ്ടിക്കല്താഴം പുതിയോട്ടുമേത്തല് രാഹുല് (27) എന്നിവരാണ് മരിച്ചത്. അനധികൃതമായി സൂക്ഷിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്.

