Dailyhunt
കുവൈത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് തടയിടും; സബ്‌സിഡി പ്രഖ്യാപിച്ച്‌ വാണിജ്യ മന്ത്രാലയം

കുവൈത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് തടയിടും; സബ്‌സിഡി പ്രഖ്യാപിച്ച്‌ വാണിജ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ മൂലമുണ്ടാകുന്ന വിലക്കയറ്റത്തില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ നിർണ്ണായക നീക്കവുമായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം.

അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ക്ക് സബ്സിഡി നല്‍കിക്കൊണ്ട് വിപണിയില്‍ വില സ്ഥിരത ഉറപ്പാക്കുമെന്ന് മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറി മർവ അല്‍-ജൈദാൻ അറിയിച്ചു. ഇറക്കുമതിക്കാർക്ക് അധികമായി വരുന്ന ചെലവുകള്‍ വഹിക്കാൻ സബ്സിഡി സഹായിക്കുന്നതിലൂടെ വിപണിയില്‍ സാധനങ്ങളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ സാധിക്കും.

ജൂണ്‍ 30 വരെ പ്രത്യേക പരിരക്ഷ

പുതിയ സബ്സിഡി തീരുമാനം നിലവില്‍ വന്ന തീയതി മുതല്‍ ജൂണ്‍ 30 വരെ പ്രാബല്യത്തിലുണ്ടാകും. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ കാലാവധി നീട്ടാൻ മന്ത്രാലയത്തിന് അധികാരമുണ്ട്. ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിനും പ്രാദേശിക വിപണിയിലെ അനാവശ്യമായ വിലവർദ്ധനവ് തടയുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

സബ്സിഡി ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍

പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന പാല്‍, മുട്ട തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിലവില്‍ ഫീഡ് സപ്പോർട്ടിംഗ് പരിപാടികളുടെ (Feed support programs) ആനുകൂല്യം ലഭിക്കുന്നുണ്ട്. ഇതിന് പുറമെ, ആഗോള വിതരണ തടസ്സങ്ങള്‍ മൂലം വില വർദ്ധിക്കാൻ സാധ്യതയുള്ള മാംസം ഉള്‍പ്പെടെയുള്ള മറ്റ് ഉല്‍പ്പന്നങ്ങളെയും സബ്സിഡി പട്ടികയില്‍ ഉള്‍പ്പെടുത്താൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. വിപണിയിലെ ആവശ്യകത അനുസരിച്ച്‌ പട്ടികയില്‍ മാറ്റങ്ങള്‍ വരുത്തും.

നിയമം ലംഘിച്ചാല്‍ കർശന നടപടി

വിപണിയിലെ വിലനിലവാരവും സാധനങ്ങളുടെ ലഭ്യതയും നിരീക്ഷിക്കുന്നതിനായി മന്ത്രാലയം ഫീല്‍ഡ് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. സബ്സിഡി ആനുകൂല്യം കൈപ്പറ്റുന്ന കമ്പനികള്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക പരിശോധനാ സംഘങ്ങളെ വിന്യസിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കർശന നടപടികളുണ്ടാകുമെന്ന് അണ്ടർസെക്രട്ടറി മുന്നറിയിപ്പ് നല്‍കി. അത്തരം കമ്പനികള്‍ സബ്സിഡി തുക പൂർണ്ണമായും തിരിച്ചടയ്ക്കേണ്ടി വരുന്നതിനൊപ്പം ഭാവിയിലെ സർക്കാർ പദ്ധതികളില്‍ നിന്ന് അവരെ ഒഴിവാക്കുകയും ചെയ്യും.

സ്വകാര്യ മേഖലയെ പിന്തുണയ്ക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുകയും വിപണിയില്‍ സ്ഥിരത ഉറപ്പാക്കുകയുമാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.

kuwait’s commerce ministry has announced new subsidies to control rising food prices, aiming to ease the cost of living and ensure stable supply of essential items.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham