ദുബൈ: ഹോർമുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങള്‍ മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് കടുത്ത തിരിച്ചടിയാകുന്നതായി യുഎഇ.
ഇറാൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനങ്ങള്‍ സമുദ്ര സുരക്ഷയെയും ആഗോള ഊർജ്ജ വിതരണത്തെയും ഗുരുതരമായി ബാധിക്കുമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് മുന്നറിയിപ്പ് നല്‍കി.
തന്റെ ഔദ്യോഗിക എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മേഖലയിലെ സംഘർഷങ്ങള്‍ ലഘൂകരിക്കാനോ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനോ ഇറാൻ തയ്യാറല്ലെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് ഡോ. അൻവർ ഗർഗാഷ് ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്കില്‍ സഊദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളുടെ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും ബഹ്റൈൻ, കുവൈത്ത് എന്നിവർക്കെതിരെയുള്ള ആവർത്തിച്ചുള്ള പ്രകോപനങ്ങളും ഇതിന്റെ വ്യക്തമായ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.
"തീവ്രവാദത്തിന്റെ യുക്തിക്കും, യുക്തിബോധം, സ്ഥിരത, സമാധാനം എന്നിവയുടെ പാതയ്ക്കും ഇടയിലുള്ള ഇറാന്റെ ആന്ദോളനത്തിന്റെ ഇരകളായി തുടരാൻ ഗള്‍ഫ് അറബ് രാജ്യങ്ങള്‍ക്ക് കഴിയില്ല." ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി.
ആഗോള ഊർജ്ജ വിതരണം ഭീഷണിയില്‍
തങ്ങളുടെ രാജ്യങ്ങളുമായി ബന്ധപ്പെട്ട വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ സഊദി അറേബ്യയും ഖത്തറും ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. അന്താരാഷ്ട്ര സമുദ്ര സുരക്ഷയ്ക്കും ആഗോള ഊർജ്ജ വിപണിക്കും ഇറാൻ്റെ ഇത്തരം നീക്കങ്ങള്‍ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇതിന് പിന്നാലെയാണ് ഇറാനെതിരെ കടുത്ത നിലപാടുമായി യുഎഇയും രംഗത്തെത്തിയിരിക്കുന്നത്.
The UAE has strongly criticized Iran over renewed tensions in the Strait of Hormuz, warning that maritime security and global energy supplies are at risk amid escalating regional concerns.

