Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലോക റെക്കോര്‍ഡ് നേട്ടവുമായി റൊണാള്‍ഡോ; ഉസ്‌ബെക്കിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി പോര്‍ച്ചുഗല്‍

ലോക റെക്കോര്‍ഡ് നേട്ടവുമായി റൊണാള്‍ഡോ; ഉസ്‌ബെക്കിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി പോര്‍ച്ചുഗല്‍

ഹൂസ്റ്റണ്‍: കടുത്ത വിമർശനങ്ങള്‍ക്കും ചർച്ചകള്‍ക്കും ഒടുവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും ചരിത്രത്തിന്റെ നെറുകയിലേക്ക് പന്തുരുട്ടിക്കയറ്റി.

ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെ മത്സരത്തില്‍ ഏഷ്യക്കാരായ ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പോർച്ചുഗല്‍ തകർത്തത്. മത്സരത്തില്‍ ഇരട്ടഗോള്‍ നേടി റൊണാള്‍ഡോ ഗോള്‍വഴിയില്‍ മടങ്ങിയെത്തിയപ്പോള്‍ നുനോ മെൻഡിസ്, റാഫേല്‍ ലിയാവോ എന്നിവരും പറങ്കിപ്പടയ്ക്ക് വേണ്ടി വല ചലിപ്പിച്ചു. ഉസ്ബെക് ഗോള്‍ കീപ്പർ അബ്ദുവാഹിദ് നെമദോവിന്റെ വക സെല്‍ഫ് ഗോള്‍ കൂടി പിറന്നതോടെ ടീം അഞ്ച് ഗോളുമായി ആദ്യ മത്സരത്തിലെ സമനിലക്ഷീണം മാറ്റി. ആദ്യ മത്സരത്തില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോട് സമനില വഴങ്ങിയ പോർച്ചുഗലിന്റെ ടൂർണമെന്റിലെ ആദ്യ വിജയമാണിത്. ലോകകപ്പ് അരങ്ങേറ്റക്കാരായ ഉസ്ബെക്കിസ്ഥാൻ ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പോർച്ചുഗീസ് പ്രതിരോധത്തെ മറികടക്കാൻ അവർക്കായില്ല.

സിആർ7 ചരിത്രം കുറിച്ച നിമിഷം

ടീമില്‍ റൊണാള്‍ഡോയുടെ സാന്നിധ്യം ഗുണമാണോ ദോഷമാണോ എന്ന രീതിയില്‍ ആഗോളതലത്തില്‍ ഉയർന്നുവന്ന വിമർശനങ്ങള്‍ക്ക് കളി തുടങ്ങി ആറാം മിനുട്ടില്‍ തന്നെ റൊണാള്‍ഡോ മറുപടി നല്‍കി. പെഡ്രോ നെറ്റോ നല്‍കിയ മികച്ചൊരു ക്രോസ് വലയിലെത്തിച്ച്‌ താരം പോർച്ചുഗലിന് ലീഡ് സമ്മാനിച്ചു. ഈ ഗോളോടെ ആറ് വ്യത്യസ്ത ലോകകപ്പ് ടൂർണമെന്റുകളില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരം എന്ന റെക്കോർഡ് 41കാരനായ റൊണാള്‍ഡോ സ്വന്തമാക്കി.

മത്സരത്തിലുടനീളം മികച്ച ആധിപത്യം പുലർത്തിയ പോർച്ചുഗലിനായി 17ാം മിനുട്ടില്‍ നുനോ മെൻഡിസ് ഒരു മികച്ച ഫ്രീകിക്കിലൂടെ രണ്ടാം ഗോള്‍ നേടി. മത്സരത്തില്‍ റൊണാള്‍ഡോയുടെ സാന്നിധ്യം എത്രത്തോളം എതിരാളികളെ ഭയപ്പെടുത്തുന്നു എന്നതിന്റെ തെളിവായിരുന്നു പോർച്ചുഗലിന്റെ രണ്ടാം ഗോള്‍. ബോക്സിന് തൊട്ടുവെളിയില്‍ ലഭിച്ച ഫ്രീകിക്ക് എടുക്കാൻ റൊണാള്‍ഡോ തന്റെ ഐക്കോണിക് ശൈലിയില്‍ നില്‍ക്കുമ്പോള്‍ ഉസ്ബെക്ക് പ്രതിരോധ നിരയും ഗോള്‍കീപ്പറും പൂർണ്ണമായും അദ്ദേഹത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ ഡമ്മി റണ്ണായി മാറിയ റൊണാള്‍ഡോയ്ക്ക് പകരം പിഎസ്ജി താരം നുനോ മെൻഡസ് പന്ത് നേരിട്ട് വലയിലേക്ക് പായിക്കുകയായിരുന്നു. പിന്നീട് 39ാം മിനുട്ടിലും ഗോള്‍ നേടി തന്റെ ഗോള്‍വേട്ട രണ്ടാക്കി ഉയർത്തിയ റോണോ, പോർച്ചുഗലിന് മൂന്ന് ഗോളിന്റെ ശക്തമായ ലീഡ് സമ്മാനിച്ചു.

രണ്ടാം പകുതിയില്‍, 60ാം മിനുട്ടില്‍ ഉസ്ബെക്കിസ്ഥാൻ ഗോള്‍കീപ്പറിന്റെ വകയായുള്ള ഒരു ഓണ്‍ ഗോളും പോർച്ചുഗലിന്റെ ലീഡ് വർദ്ധിപ്പിച്ചു. ഉസ്ബെക് പോർമുഖത്ത് ഉടലെടുത്ത ഒരു കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് അബദ്ധവശാല്‍ ഗോളിയുടെ കൈയില്‍ തട്ടി പന്ത് വലയിലെത്തിയത്. കളി അവസാനിക്കാൻ മിനുട്ടുകള്‍ ബാക്കിനില്‍ക്കെ (87') പകരക്കാരനായി ഇറങ്ങിയ റാഫേല്‍ ലിയാവോ പോർച്ചുഗലിന്റെ അഞ്ചാം ഗോളും തികച്ചു. ഈ വിജയത്തോടെ 3 പോയിന്റ് സ്വന്തമാക്കിയ പോർച്ചുഗല്‍ നോക്കൗട്ടിലേക്കുള്ള തങ്ങളുടെ സാധ്യതകള്‍ സജീവമാക്കി.

ആദ്യ മത്സരത്തില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോട് സമനില വഴങ്ങി നിരാശപ്പെടുത്തിയ പോർച്ചുഗലിന്, ഈ വമ്പൻ വിജയം ടൂർണമെന്റിലേക്ക് ശക്തമായ തിരിച്ചുവരവിനുള്ള ഊർജ്ജമാകും. തന്റെ കരിയറിലെ വലിയൊരു ഗോള്‍ വരള്‍ച്ചയ്ക്ക് വിരാമമിട്ടുകൊണ്ട് റൊണാള്‍ഡോ വീണ്ടും ഹൂസ്റ്റണിലെ പുല്‍മൈതാനത്ത് തനത് സ്യൂൂൂൂ ആഘോഷവുമായി നിറഞ്ഞാടിയപ്പോള്‍, അത് ലോകമെമ്പടുമുള്ള കോടിക്കണക്കിന് ആരാധകർക്കുള്ള വിരുന്നായി മാറി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham