കൊച്ചി: സംസ്ഥാന പാതയില്‍ വാഴക്കുളത്തിന് സമീപം നിയന്ത്രണം വിട്ട ലോറിയിടിച്ച് സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു.
മൂവാറ്റുപുഴ നാസ് റോഡ് കണ്ടത്തില്‍ അനീഷ (46) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴ് മണിയോടെ വാഴക്കുളം അഞ്ചാം മൈല്‍ ജംഗ്ഷന് സമീപമായിരുന്നു അപകടം.
വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനായി തൊടുപുഴയിലേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്നു അനീഷ. ഈ സമയത്ത് തൊടുപുഴ ഭാഗത്ത് നിന്നും മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന അരി കയറ്റിയ ലോറി നിയന്ത്രണം വിട്ട് സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് നിയന്ത്രണം വിടാൻ കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇടിയുടെ ശക്തമായ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അനീഷ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ഭർത്താവ് മൂസ (റിയാദ്), മക്കള്‍ ഹൈഫു ഫാത്തിമ, ഹാനി മൂസ, ഹാദി മൂസ. ഖബറടക്കം ഇന്ന് പേട്ട ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ നടക്കും. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

