ബറേലി: ഉത്തർപ്രദേശിലെ ബറേലിയില്‍ മദ്റസ അധ്യാപകൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി.
ബിഹാറിലെ കിഷൻഗഞ്ച് സ്വദേശിയായ മൗലാന തൗസിഫ് റാസ മസ്ഹരി (30) ആണ് കൊല്ലപ്പെട്ടത്. എന്നാല്‍, മൗലാന ആക്രമിക്കപ്പെട്ടുവെന്ന ആരോപണങ്ങള്‍ ബറേലി പൊലിസ് ഔദ്യോഗികമായി തള്ളിക്കളഞ്ഞു. ഓടുന്ന ട്രെയിനില്‍ നിന്നും വീണുണ്ടായ അപകടമാണ് മരണകാരണമെന്നാണ് പൊലിസ് പ്രസ്താവനയില്‍ അറിയിച്ചത്.
ബറേലിയിലെ താജുഷാരിയയില്‍ വാർഷിക ഉറൂസില്‍ പങ്കെടുത്ത ശേഷം ബിഹാറിലെ കിഷൻഗഞ്ചിലുള്ള സ്വവസതിയിലേക്ക് മടങ്ങുകയായിരുന്നു മദ്രസ അധ്യാപകൻ കൂടിയായ തൗസിഫ് റാസ. ഏപ്രില്‍ 27-ന് കാന്റ് പൊലിസ് സ്റ്റേഷൻ പരിധിയിലെ പാല്‍പൂർ കമാല്‍പൂർ റെയില്‍വേ ട്രാക്കിന് സമീപമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
ട്രെയിനിലെ കടുത്ത ചൂട് കാരണം ജനാലയ്ക്കരികില്‍ ഇരുന്ന മൗലാന, ഉറക്കത്തിനിടെ ബാലൻസ് തെറ്റി പുറത്തേക്ക് വീണതാകാം എന്നാണ് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് പറയുന്നത്. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും മുഖത്തിനും അരക്കെട്ടിനും മാരകമായി പരുക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് മല്‍പിടുത്തം നടന്നതായോ മറ്റാരെങ്കിലും തള്ളിയിട്ടതായോ ഉള്ള സൂചനകളില്ല. മരിച്ചയാളുടെ മൊബൈല്‍ ഫോണ്‍, പാൻ കാർഡ്, എടിഎം കാർഡ് എന്നിവ സുരക്ഷിതമായി കണ്ടെടുത്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന കൊലപാതക വാർത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വ്യാജവാർത്തകള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കി.
അതേസമയം, പൊലിസിന്റെ ഈ വാദങ്ങള്‍ തള്ളി മൗലാനയുടെ ഭാര്യ തബസ്സും ഖാത്തൂൻ രംഗത്തെത്തി. യാത്രയ്ക്കിടെ തൗസിഫ് റാസ ആക്രമിക്കപ്പെട്ടതായാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 26-ന് രാത്രി വീഡിയോ കോള്‍ ചെയ്തപ്പോള്‍ ചില യാത്രക്കാർ മൗലാനയെ ‘കള്ളൻ’ എന്ന് വിളിച്ച് മർദിക്കുന്നത് കണ്ടതായി ഭാര്യ അവകാശപ്പെടുന്നു.
ഭർത്താവ് മദ്രസ അധ്യാപകനാണെന്ന് പറഞ്ഞിട്ടും ബാഗിലെ പുസ്തകങ്ങള്‍ കാണിച്ചിട്ടും അക്രമികള്‍ പിന്മാറിയില്ല. സഹയാത്രികരോട് സഹായം തേടിയെങ്കിലും ആരും ഇടപെട്ടില്ല. ഷർട്ടില്‍ പിടിച്ച് വലിച്ചിഴക്കുന്നതിനിടെ ഫോണ്‍ കട്ടായി. പിന്നീട് വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. പിറ്റേന്ന് റെയില്‍വേ പൊലിസാണ് ഫോണെടുത്തത് എന്നും കുടുംബം പറഞ്ഞു. എന്നാല്‍, ശരീരത്തില്‍ മർദനമേറ്റ പാടുകളുണ്ടെന്നും കൃത്യമായ ആസൂത്രണത്തോടെ തള്ളിയിട്ടതാണെന്നും കുടുംബം ഉറപ്പിച്ചു പറയുന്നു.
താടിയും തൊപ്പിയും ധരിച്ച മതപരമായ അടയാളങ്ങള്‍ കാരണമാണ് അദ്ദേഹം ലക്ഷ്യം വെക്കപ്പെട്ടതെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. സംഭവത്തില്‍ റെയില്‍വേ മന്ത്രാലയവും ഉത്തർപ്രദേശ് പൊലിസും അടിയന്തരമായി ഇടപെടണമെന്നും അക്രമികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി ആവശ്യപ്പെട്ടു.
the family of maulana tauseef raza mashhari (30), a madrasa teacher from bihar, has alleged foul play after his body was found near railway tracks in bareilly, uttar pradesh. while the bareilly police have dismissed the claims, stating he likely fell from the train due to sleep and heat, his family insists it was a targeted murder.

