മനില/ദുബൈ: വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തട്ടിപ്പ് കേസ് പ്രതിയായ ഫിലിപ്പീൻസ് സ്വദേശിനിയെ മനിലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പൊലിസ് അറസ്റ്റ് ചെയ്തു.
ദുബൈയിലേക്ക് പോകാൻ നിനോയ് അക്വിനോ ഇന്റർനാഷണല്‍ എയർപോർട്ടില്‍ (NAIA) എത്തിയ 41 കാരിയായ യാത്രക്കാരിയാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ കൃത്യമായ പരിശോധനയില്‍ കുടുങ്ങിയത്.
നിയമവിരുദ്ധ റിക്രൂട്ട്മെന്റ്, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കേസുകളില്‍ ഇവർക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നതായി ഫിലിപ്പീൻസ് നാഷണല്‍ പൊലിസ് ഏവിയേഷൻ സെക്യൂരിറ്റി ഗ്രൂപ്പ് (PNP AVSEGROUP) വ്യക്തമാക്കി.
ജൂലൈ 5-നായിരുന്നു സംഭവം. മനില വിമാനത്താവളത്തിലെ ടെർമിനല്‍ 3-ല്‍ ഇമിഗ്രേഷൻ സ്ക്രീനിംഗിനായി എത്തിയ യാത്രക്കാരിയുടെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇവർക്കെതിരെ അറസ്റ്റ് വാറണ്ട് ഉള്ളതായി ഇമിഗ്രേഷൻ ബ്യൂറോ കണ്ടെത്തിയത്. തുടർന്ന് അധികൃതർ ഇവരെ ഉടൻ തന്നെ തടഞ്ഞുവെക്കുകയായിരുന്നു.
എയർപോർട്ട് പൊലിസ് വിവരം കൈമാറിയതിനെ തുടർന്ന്, മനില പോലീസ് ഡിസ്ട്രിക്റ്റ് (MPD) വാറണ്ട് വിഭാഗം വിമാനത്താവളത്തിലെത്തി ഔദ്യോഗികമായി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
വൻതോതിലുള്ളതും സിൻഡിക്കേറ്റഡ് സ്വഭാവമുള്ളതുമായ നിയമവിരുദ്ധ റിക്രൂട്ട്മെന്റ് നടത്തിയെന്ന ഗുരുതരമായ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫിലിപ്പീൻസിലെ 'മൈഗ്രന്റ് വർക്കേഴ്സ് ആൻഡ് ഓവർസീസ് ഫിലിപ്പിനോസ് ആക്‌ട്' പ്രകാരം ഈ കുറ്റത്തിന് ജാമ്യം അനുവദനീയമല്ല. കൂടാതെ, 2012 ലെ സൈബർ കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമവുമായി ബന്ധപ്പെടുത്തി രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് (എസ്റ്റഫ) കേസും ഇവർക്കെതിരെയുണ്ട്.
നിയമനടപടികള്‍ പുരോഗമിക്കുന്നു
തുടർ നിയമനടപടികള്‍ക്കായി പ്രതിയെ മനില പോലീസ് ഡിസ്ട്രിക്റ്റിന്റെ (MPD) കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ പോകുന്ന കുറ്റവാളികളെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുമെന്ന് പൊലിസ് ബ്രിഗേഡിയർ ജനറല്‍ ഡയോണിസിയോ ബാർട്ടലോം ജൂനിയർ അറിയിച്ചു.
A Philippine woman was arrested at Manila airport after immigration officers intercepted her during checks before her planned flight to Dubai, triggering a dramatic airport incident.

