Dailyhunt
മരണംകാത്ത് ഇറാനികള്‍ കൈകോര്‍ത്തുനിന്നു; ഉദ്വേഗജനകമായ 90 മിനുട്ട്

മരണംകാത്ത് ഇറാനികള്‍ കൈകോര്‍ത്തുനിന്നു; ഉദ്വേഗജനകമായ 90 മിനുട്ട്

ചൊവ്വാഴ്ച യു.എസ് സമയം വൈകുന്നേരം 6.30. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനു നല്‍കിയ അന്ത്യശാസനം അവസാനിക്കാൻ വെറും 90 മിനുട്ടുകള്‍ മാത്രം ബാക്കി.

ഇറാന് ട്രംപ് നല്‍കിയ ആദ്യ അന്ത്യശാസന ആയിരുന്നില്ല ഇത്. പക്ഷേ, ഇന്നുവരെ ഒരു രാഷ്ട്രത്തലവനും സംസാരിക്കാത്ത വിധത്തിലുള്ള നിലവാരം കുറഞ്ഞ തെറിയും ഭാഷയും ഇറാൻ നേതാക്കള്‍ക്കെതിരേ ഉപയോഗിച്ച ശേഷമായിരുന്നു ട്രംപിന്റെ ആ അന്ത്യശാസനം. 'ഇന്ന് രാത്രിയോടെ ഒരു നാഗരികത പൂർണമായും ഇല്ലാതാകും, ഒരിക്കലും തിരിച്ചുവരാനാകാത്ത വിധം' എന്നായിരുന്നു രാവിലെ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ച വാക്കുകള്‍. സമാധാനം ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യമനസ്സാക്ഷിയെയും മരവിപ്പിക്കുന്നതായിരുന്നു ആ കുറിപ്പ്. ഒമ്പത് കോടി മനുഷ്യരുടെ ജീവനാണ് ആ പതിനൊന്ന് വാക്കുകളോടെ തുലാസിലായിരുന്നത്.

അമേരിക്കൻ സമയം രാത്രി എട്ടു മണിക്കുള്ളില്‍ ഇറാനു മേല്‍ വിനാശകരമായ ആക്രമണം തുടങ്ങുമെന്ന പ്രഖ്യാപനത്തോടൊപ്പം 'ലക്ഷ്യസ്ഥാനങ്ങളുടെ' പട്ടികയും യു.എസ് തയാറാക്കപ്പെട്ടു; പാലങ്ങള്‍, വൈദ്യുത നിലയങ്ങള്‍, ജലസേചന പദ്ധതികള്‍... അങ്ങനെയങ്ങനെ. ലോകം ശ്വാസമടക്കിപ്പിടിച്ച്‌ കാത്തിരുന്ന നിമിഷങ്ങളായിരുന്നു പിന്നീട്.

സമാധാനത്തിന്റെ വഴിതുറന്ന് ഇസ്്ലാമാബാദ്

ഇസ്്ലാമാബാദിലെയും തെഹ്്റാനിലെയും വാഷിങ്ടണിലെയും തെല്‍അവീവിലെയും ഭരണസിരാകേന്ദ്രങ്ങളില്‍ പലതവണ തുടർച്ചയായി ടെലിഫോണ്‍ റിങ് ശബ്ദം മുഴങ്ങിക്കൊണ്ടിരുന്ന സമയംകൂടിയായിരുന്നു അത്. എല്ലാം അവസാനിക്കാൻ പോകുകയാണെന്ന ഭീതിക്കിടയിലാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ രൂപത്തില്‍ സമാധാനത്തിനുള്ള വാതില്‍ തുറക്കപ്പെട്ടത്. എക്സിലൂടെ ട്രംപിനെയും മറ്റ് യു.എസ് - ഇറാൻ നേതാക്കളെയും ടാഗ് ചെയ്ത് അദ്ദേഹം ഒരു നിർദേശം മുന്നോട്ടുവച്ചു. അന്ത്യശാസനം രണ്ടാഴ്ചത്തേക്ക് നീട്ടിവയ്ക്കാൻ ട്രംപിനോടും, അതിനു പകരമായി ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ ഇറാനോടും അദ്ദേഹം അഭ്യർഥിച്ചു. അതിനു മുമ്പുള്ള തന്റെ അന്ത്യശാസനകളെല്ലാം ഇറാൻ തള്ളുകയും ഒന്നും സംഭവിക്കാതെ അടുത്തദിവസം പുതിയ ഭീഷണിയുമായി വരികയും ചെയ്യേണ്ടിവന്ന ജാള്യത ഓർമയുള്ളതിനാല്‍ ഇറാൻ കീഴടങ്ങിയെന്നു വരുത്തേണ്ടത് ട്രംപിന്റെ ആവശ്യമായിരുന്നു. തോല്‍വി സമ്മതിക്കാതെ പിന്മാറാൻ അമേരിക്കയ്ക്കും, കീഴടങ്ങലെന്ന് തോന്നിപ്പിക്കാതെ വിട്ടുവീഴ്ച ചെയ്യാൻ ഇറാനും ലഭിച്ച ഏറ്റവും മികച്ച അവസരമാണ് പാക് പ്രധാനമന്ത്രി ഉണ്ടാക്കിക്കൊടുത്തത്.

ആശ്വാസത്തിന്റെ 6.32

വൈറ്റ് ഹൗസിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പുകയുന്നുണ്ടായിരുന്നു. പരമാവധി സമ്മർദം ചെലുത്തണമെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവും ചില സയണിസ്റ്റ് അനുകൂല സെനറ്റർമാരും ആവശ്യപ്പെട്ടപ്പോള്‍, കിട്ടുന്ന അവസരം പാഴാക്കരുതെന്ന ഉപദേശമാണ് കൂടുതലും ട്രംപിനു ലഭിച്ചത്. തങ്ങള്‍ക്ക് ലാഭമില്ലാതെ, നഷ്ടം മാത്രമുള്ള ഈ ആക്രമണം എങ്ങനെയെങ്കിലും നിർത്തണമെന്നത് യു.എസ് ഭരണകൂടത്തിനുള്ളിലെ പൊതുവികാരവും ആയിരുന്നു.

ഒടുവില്‍, ഡെഡ്ലൈനിനു കൃത്യം 90 മിനുട്ട് മുൻപ്, വൈകുന്നേരം 6.32നു ട്രംപിന്റെ ആ പോസ്റ്റ് വന്നു. പാകിസ്ഥാൻ പ്രധാനമന്ത്രിയുമായുള്ള സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കാമെന്ന ഇറാന്റെ ഉറപ്പിന്മേല്‍ യുദ്ധം രണ്ടാഴ്ചത്തേക്ക് നിർത്തിവയ്ക്കുന്നു..! ലോകം കാതോർത്ത പ്രഖ്യാപനം. മിനുട്ടുകള്‍ക്കകം ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഇതിന് അനുകൂലമായ മറുപടി നല്‍കി. വെള്ളിയാഴ്ച ഇസ്്ലാമാബാദില്‍ വച്ച്‌ സമാധാന ചർച്ചകള്‍ തുടരാനും തീരുമാനമായി. അതോടെ ആഗോള വിപണിയിലുണ്ടായിരുന്ന ആശങ്കകളും അകന്നു; മിനുട്ടുകള്‍ക്കുള്ളില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുകയും ചെയ്തു.

ഇറാനിലെ ഊർജ നിലയങ്ങള്‍ക്ക് മുന്നില്‍ മരണം കാത്തുനിന്നവരിലേക്ക് ആ വാർത്തയെത്തി. സർക്കാർ മാധ്യമങ്ങള്‍ക്കപ്പുറം ഫോണുകളിലൂടെയും പ്രിയപ്പെട്ടവരിലൂടെയും അവർ ആശ്വാസ വാർത്ത അറിഞ്ഞു. അല്‍പ്പനേരം കൂടി അവർ ആ ചങ്ങല നിലനിർത്തി. പിന്നെ, പരസ്പരം നോക്കി ആശ്വാസത്തോടെ നെടുവീർപ്പിട്ട് കോർത്തുപിടിച്ച കൈകള്‍ പതുക്കെ വിടുവിച്ചു. അവർക്ക് മുകളിലൂടെ ബോംബറുമായി വിമാനങ്ങള്‍ വന്നില്ല. ഒരു വലിയ യുദ്ധവും കൂട്ടക്കുരുതിയും അവിടെ വഴിമാറുകയായിരുന്നു; കേവലം 90 മിനുട്ടുകളുടെ അകലത്തില്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham