ആരോഗ്യകരമായ ഒരു പ്രഭാതഭക്ഷണത്തിന്റെ ഭാഗമായി ഭൂരിഭാഗം ആളുകളും തിരഞ്ഞെടുക്കുന്ന ഒന്നാണ് മുട്ട. പ്രോട്ടീനുകളാല് സമ്പുഷ്ടമായ മുട്ടയുടെ വെള്ള എല്ലാവര്ക്കും ഒരേപോലെ ഗുണം ചെയ്യുമെങ്കിലും അതിന്റെ മഞ്ഞക്കരു കഴിക്കുന്ന കാര്യത്തില് ചിലര് നിയന്ത്രണം വയ്ക്കേണ്ടതുണ്ട്.
മഞ്ഞക്കരുവില് കൊഴുപ്പും കൊളസ്ട്രോളും ഉയര്ന്ന അളവില് അടങ്ങിയിരിക്കുന്നതിനാലാണിത്. ആരൊക്കെയാണ് മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ഒഴിവാക്കേണ്ടത് അല്ലെങ്കില് അളവ് കുറയ്ക്കേണ്ടത് എന്ന് നോക്കാം.

ഉയര്ന്ന കൊളസ്ട്രോള് ഉള്ളവര്
ശരീരത്തില് കൊളസ്ട്രോളിന്റെ അളവ് കൂടുതലുള്ളവര് മുട്ടയുടെ മഞ്ഞക്കരു പൂര്ണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇതിലടങ്ങിയിരിക്കുന്ന ഉയര്ന്ന കൊഴുപ്പ് രക്തക്കുഴലുകളില് അടിഞ്ഞുകൂടാനും തടസ്സങ്ങള് ഉണ്ടാക്കാനും കാരണമായേക്കാം.
ഹൃദ്രോഗബാധിതര്
ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്ക്ക് കൊഴുപ്പ് കുറഞ്ഞ ഭക്ഷണരീതിയാണ് ഡോക്ടര്മാര് നിര്ദേശിക്കാറുള്ളത്. മുട്ടയുടെ മഞ്ഞക്കരുവിലെ കലോറിയും കൊഴുപ്പും ഹൃദയത്തിന് അധിക സമ്മര്ദ്ദം നല്കിയേക്കാം എന്നതിനാല് ഇവര് മുട്ടയുടെ വെള്ള മാത്രം കഴിക്കാന് ശ്രദ്ധിക്കുക.

പ്രമേഹ രോഗികള്
പ്രമേഹമുള്ളവര് ഭക്ഷണകാര്യത്തില് കടുത്ത നിയന്ത്രണം പാലിക്കേണ്ടതുണ്ട്. പ്രമേഹ രോഗികള് അമിതമായി മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ഭാവിയില് ഹൃദ്രോഗ സാധ്യത വര്ധിപ്പിക്കുമെന്നാണ് പഠനങ്ങള് പറയുന്നത്. അതിനാല് ഡോക്ടറുടെ നിര്ദേശപ്രകാരം മാത്രം ഇതിന്റെ അളവ് നിശ്ചയിക്കുക.
ശരീരഭാരം നിയന്ത്രിക്കാന് ആഗ്രഹിക്കുന്നവര്
ഉയര്ന്ന കലോറിയും ഊര്ജ്ജവും അടങ്ങിയതാണ് മുട്ടയുടെ മഞ്ഞക്കരു. ഫിറ്റ്നസ് നിലനിര്ത്താനും ശരീരഭാരം കുറയ്ക്കാനും ആഗ്രഹിക്കുന്നവര് മഞ്ഞക്കരു ഒഴിവാക്കി മുട്ടയുടെ വെള്ള മാത്രം ഭക്ഷണത്തില് ഉള്പ്പെടുത്തുന്നതാണ് നല്ലത്.

ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവര്
മുട്ടയുടെ വെള്ളയെ അപേക്ഷിച്ച് മഞ്ഞക്കരു ദഹിക്കാന് അല്പം ബുദ്ധിമുട്ടാണ്. അതിനാല് വിട്ടുമാറാത്ത വയറുവേദനയോ ദഹനക്കേടോ ഉള്ള കുട്ടികളും മുതിര്ന്നവരും മഞ്ഞക്കരുവിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ദിവസവും ഒരു മുട്ട മുഴുവനായി കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള് ലഭിക്കാന് സഹായിക്കും. എങ്കിലും മുന്പേ സൂചിപ്പിച്ച ആരോഗ്യപ്രശ്നങ്ങള് ഉള്ളവര് ഭക്ഷണക്രമത്തില് മാറ്റം വരുത്തുന്നതിന് മുന്പ് ഒരു ഡോക്ടറുടെ ഉപദേശം തേടേണ്ടത് അനിവാര്യമാണ്.
(ശ്രദ്ധിക്കുക- ഈ ലേഖനം പൊതുവായ വിവരങ്ങള് നല്കാന് മാത്രമുള്ളതാണ്. ആരോഗ്യപരമായ സംശയങ്ങള്ക്ക് എപ്പോഴും ഒരു മെഡിക്കല് വിദഗ്ധന്റെ സേവനം തേടുക).
While eggs are highly nutritious, individuals with high cholesterol, heart disease, diabetes, weight-watchers, and those with digestive issues should limit or avoid eating egg yolks due to their high fat and cholesterol content.

